
മാനന്തവാടി: വയനാട്ടില്‍ ഒരാളെ കൊലപ്പെടുത്തിയ കടുവ ചത്തതിന്റെ ആശ്വാസത്തിന്റെ ചെടുവീര്‍പ്പിനിടയില്‍ വയനാട്ടില്‍ വീണ്ടും കടുവയെ കണ്ടതായി റിപ്പോര്‍ട്ട്. കുറക്കന് മൂലയില്‍ കടുവ വളര്‍ത്തുനായയെ പിടികൂടിയെന്നു. കാവേരി പൊയില്‍ പ്രദേശത്ത് ഇന്നലെ രാത്രി കടുവ ഇറങ്ങിയെന്നും ഒരാളുടെ വളര്‍ത്തുനായയെ കടുവ പിടിച്ചു എന്നുമാണ് പ്രദേശവാസികളെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.
ജനവാസമേഖലയില്‍ കടുവ ഇറങ്ങിയതിന്റെ ഭീതി ഇതോടെ വീണ്ടും വയനാട് ജില്ലയെ പിടിച്ചുകുലുക്കുകയാണ്. കഴിഞ്ഞ ദിവസമാണ് മാനന്തവാടിയില്‍ രാധ എന്ന സ്ത്രീയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഈ കടുവയെ പിന്നീട് ചത്ത നിലയില്‍ ദൗത്യസംഘം കണ്ടെത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് മാനന്തവാടിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ പിന്‍വലിക്കുകയും ജനജീവിതം സാധാരണ നിലയിലേക്ക് മാറുകയും ചെയ്തതിന് പിന്നാലെയാണ് വീണ്ടും കടുവയിറങ്ങിയതിന്റെ റിപ്പോര്‍ട്ടുകള്‍ വാര്‍ത്താചാനലുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട് രാധയുടെ വീട് ഇന്ന് പ്രതിപക്ഷ നേതാവ് സന്ദര്‍ശിച്ചിരുന്നു. പ്രതിരോധ സംവിധാനത്തിനായി സര്‍ക്കാര്‍ ഒരു രൂപ പോലും ചെലവാക്കുന്നില്ലെന്നും വന്യജീവി ആക്രമണം കുറയുന്നെന്ന് പറയുന്ന സര്‍ക്കാര്‍ കണക്കുകള്‍ ഗൗരവത്തില്‍ എടുക്കണമെന്നും പറഞ്ഞു.
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് മലയോര കര്‍ഷകരെയും ജനങ്ങളെയും രക്ഷിക്കുക, കാര്‍ഷിക മേഖലയിലെ തകര്‍ച്ചയ്ക്ക് പരിഹാരം ഉണ്ടാക്കുക, ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരേ പ്രതിപക്ഷ നേതാവിന്റെ മലയോര സമരയാത്ര നടന്നുകൊണ്ടിരിക്കുകയാണ്. കണ്ണൂര്പ്രദേശങ്ങളിലൂടെയാണ് യാത്രയിപ്പോള്‍ നീങ്ങുന്നത്.






