
വാഷിങ്ടണ്‍ ഡി.സി: വാഷിങ്ടണ്‍ റീഗന് നാഷനല്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്ടറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാര്‍ എല്ലാവരും മരിച്ചതായി നിഗമനം. ആരും തന്നെ ജീവനോടെയുണ്ടാകുമെന്ന് കരുതുന്നില്ലെന്നു ഡിസ്ട്രിക്ട് ഓഫ് കൊളംബിയ ഫയര്‍ ചീഫ് ജോണ്‍ ഡോന്‍ലി അറിയിച്ചു.
ഇതുവരെ 28 പേരുടെ മൃതദേഹങ്ങള്‍ പൊട്ടോമാക് നദിയില്‍നിന്നു കണ്ടെടുത്തു. തെരച്ചില്‍ തുടരുകയാണ്. 60 യാത്രക്കാരും നാല് ക്രൂ അംഗങ്ങളും ഉള്‍പ്പെടെ 64 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പരിശീലന പറക്കലിലായിരുന്ന സൈനിക ഹെലികോപ്ടറില്‍ 3 പേരാണ് ഉണ്ടായിരുന്നത്. വിമാനത്തിന്റെ ബ്ലാക് ബോക്സ് മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ബൊംബാര്‍ഡിയര്‍ വിമാനം പ്രാദേശിക സമയം രാത്രി ഒന്പതിനു റീഗന് ദേശീയ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. യു.എസ്. ആര്‍മി ഹെലികോപ്റ്റര്‍ വിമാനത്തിന് അടുത്തെത്തിയെന്ന് എയര്‍ ട്രാഫിക് കണ്ട്രോളര്മാര് മുന്നറിയിപ്പ് നല്‍കിയെങ്കിലും കൂട്ടിയിടി തടയാനായില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ കൂട്ടിയിടിച്ച് അഗ്നിഗോളമായി പൊട്ടോമാക് നദിയില്‍ പതിക്കുകയായിരുന്നു. ഹെലികോപ്ടറിന്റെ പിഴവാണു ദുരന്തത്തിനു കാരണമെന്ന സൂചനയുമുണ്ട്.
നിരവധി അത്ലറ്റുകളും പരിശീലകരും ഉദ്യോഗസ്ഥരും വിമാനത്തിലുണ്ടായിരുന്നതായി യു.എസ്. ഫിഗര്‍ സ്കേറ്റിങ് അറിയിച്ചു. രണ്ട് റഷ്യക്കാരുടെ മരണം റഷ്യന്‍ എംബസി സ്ഥിരീകരിച്ചു. 1994 ലെ ലോക ജോഡി കിരീടം നേടിയ വാദിം നൗമോവും എവ്ജെനിയ ഷിഷ്കോവയുമാണു വിമാനത്തിലുണ്ടായിരുന്ന റഷ്യന്‍ പൗരന്മാര്.
സംഭവത്തെക്കുറിച്ച് അനേ്വഷിക്കുമെന്നു യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. 'എന്തുകൊണ്ട് ഹെലികോപ്ടര്‍ മുകളിലേക്കോ താഴേക്കോ പോകുകയോ തിരിയുകയോ ചെയ്തില്ല. വിമാനം ശരിയായ ദിശയിലായിരുന്നു. തടയപ്പെടേണ്ട ദുരന്തമാണിത്'- അദ്ദേഹം സ്വന്തം സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്തില്‍ കുറിച്ചു.






