
ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിന് തുടക്കമിട്ടുകൊണ്ട് കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. കേന്ദ്രപദ്ധതികള്‍ എടുത്തു പറഞ്ഞുകൊണ്ടും രാജ്യം വികസനത്തിന്റെ പാതയിലാണെന്ന സൂചന നല്കുന്നതുമായിരുന്നു പ്രസംഗം. കുംഭമേള രാജ്യത്തിന്റെ പൈതൃകമാണെന്നും ദാരിദ്ര്യം മാറിയെന്നും തൊഴിലവസരവും പഴയതിലും മെച്ചപ്പെട്ടെന്നും പറഞ്ഞു.
കുംഭമേളയില്‍ ദുരന്തത്തിനിരയായവര്‍ക്കും മരണമടഞ്ഞ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനും ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടു തുടങ്ങിയ നയപ്രഖ്യാപന പ്രസഗംത്തില് സര്‍ക്കാരിന്റെ നേട്ടങ്ങളും കേന്ദ്രപദ്ധതികളും എണ്ണിപ്പറഞ്ഞു. രാജ്യം വികസന പാതയിലാണെന്നും കുംഭമേള രാജ്യത്തിന്റെ പൈതൃകമാണെന്നും വ്യക്തമാക്കി. വഖഫ് ബില്ലിനെ സര്‍ക്കാരിന്റെ പുതിയ മുന്നേറ്റമെന്നാണ് പറഞ്ഞത്.
ലോകനിലവാരത്തിലുള്ള അടിസ്ഥാന സൗകര്യവികസനം നടന്നു. ലോകത്തെ മൂന്നാമത്തെ ശക്തിയായി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍ സാമ്പത്തീകവളര്ച്ച അതിവേഗമുണ്ടായി. 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റി. പിഎം കിസാന്‍, ആയുഷ്മാന്‍ പദ്ധതികളിലൂടെ നിരവധിപേര്‍ക്ക് സഹായമെത്തി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പെന്ന ചരിത്രപരമായ തീരുമാനം എടുത്തതായും പറഞ്ഞു. പി.എം.എ.വൈ പദ്ധതിയിലൂടെ ലക്ഷങ്ങള്‍ക്ക് വീടു ലഭിച്ചു. മുതിര്‍ന്ന പൗരന്മാര്ക്ക് ആരോഗ്യസുരക്ഷ ഉറപ്പുവരുത്തി.
രാജ്യത്തെ കര്‍ഷകര്‍ക്ക് 41,000 കോടി രൂപയുടെ സഹായം ലഭിച്ചതായും പറഞ്ഞു. രാജ്യം ശാസ്ത്രരംഗത്ത് അതീവ പുരോഗതി കൈവരിച്ചു. ഐഎസ്ആര്‍ഒ യുടെ പരശ്രമങ്ങളെക്കുറിച്ചും പ്രസംഗത്തില്‍ പരാമര്‍ശമുണ്ടായി. സ്ത്രീശക്തിയ്ക്ക് പ്രാധാന്യം സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടിയുള്ള പ്രയത്നം. കായികരംഗത്ത് വന്‍ മുന്നേറ്റമുണ്ടാക്കാനായെന്ന് പറഞ്ഞ രാഷ്ട്രപതി കായികതാരങ്ങളെ അഭിനന്ദിച്ചു. ഖേലോ ഇന്ത്യ യുവാക്കള്‍ക്ക് കരുത്താകുന്നതായും വിലയിരുത്തി. ഒളിമ്പിക്സ് വേദി ലക്ഷ്യമിട്ട് രാജ്യം അതിവേഗം മുന്നേറുകയാണെന്നും പറഞ്ഞു.
ഡിജിറ്റല്‍ രംഗത്ത് രാജ്യം കൂടുതല്‍ പുരോഗതി നേടിയെന്നും സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ സമഗ്ര പദ്ധതികള്‍ തയ്യാറാക്കിയെന്നും പറഞ്ഞു. മേക്ക് ഇന്‍ ഇന്ത്യയും സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും യുവാക്കള്‍ക്ക് തൊഴില്‍ നല്കുന്നതില് മത്സരിക്കുന്നു. എഐ ടെക്നോളജിയിലും രാജ്യം ഏറെ മുമ്പോട്ട് പോയി്. സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ സമഗ്ര നടപടികളുണ്ടാകും. മെട്രോരംഗത്ത് വലിയ വികസനം കൊണ്ടുവന്നു. വ്യോമയാന രംഗത്ത് പുരോഗതി കൈവരിച്ചതായും വിമാനത്താവളങ്ങളുടെ എണ്ണം കൂടിയതായും. മെട്രാവികസന കാര്യത്തില്‍ രാജ്യം ഒന്നാമതാണെന്നും പറഞ്ഞു.






