
കോട്ടയം തലയോലപ്പറമ്പ് പ്രസാദഗിരി പള്ളിയിൽ കുർബാനയ്ക്കിടെ സംഘർഷം. വിശ്വാസികൾ ഏകീകൃത കുർബാനയെ ചൊല്ലിയുള്ള തർക്കത്തിൽ പരസ്പരം ഏറ്റുമുട്ടി. പള്ളിയിലെ വൈദികൻ ജോൺ തോട്ടുപുറത്തെ ഒരു വിഭാഗം കയ്യേറ്റം ചെയ്തു.
ഇന്ന് രാവിലെ കുർബാന തുടങ്ങിയതിന് പിന്നാലെ ഒരു വിഭാഗം വിശ്വാസികൾ പള്ളിക്കുള്ളിൽ പ്രതിഷേധം ഉയർത്തുകയായിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയിലെ ഏറെനാളായി തർക്കം നിലനിൽക്കുന്ന പളളിയാണിത്.
സഭയുടെ അംഗീകൃത കുർബാന അംഗീകരിക്കാത്തതിനെ തുടർന്ന് കഴിഞ്ഞദിവസം അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ പുതിയ പ്രീസ്റ്റ് ചാർജ് ആയി ജോൺ തോട്ടുപുറത്തെ നിയമിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ജോൺ തോട്ടുപുറം കുർബാന അർപ്പിക്കാൻ എത്തിയത്. കയ്യേറ്റത്തിനിടെ മൈക്കും മറ്റു സാധനങ്ങളും അടിച്ചു തകർത്തു. പലർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. അക്രമസംഭവം ഉണ്ടായതിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി ഇടവക അംഗങ്ങളെ ഒഴിപ്പിച്ചു പള്ളി പൂട്ടി.






