
കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസില്‍ വിവാദനായികയായി മാറിയ കണ്ണൂര്‍ മുന്‍ ജില്ലാപഞ്ചായത്ത് അദ്ധ്യക്ഷ പി.പി.ദിവ്യയെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി. അവനവന് ചെയ്യുന്ന പാപത്തിന്റെ ഫലം അവനവന് തന്നെ അനുഭവിക്കേണ്ടി വരുമെന്നായിരുന്നു പ്രതികരണം. സിപിഎം കണ്ണൂര്‍ ജില്ലാസമ്മേളനത്തിലെ മറുപടി പ്രസംഗത്തിലായിരുന്നു മുഖ്യമന്ത്രി ഈ പ്രതികരണം നടത്തിയത്.
പി പി ദിവ്യ നടത്തിയത് ന്യായീകരിക്കാനാകാത്ത പരാമര്‍ശമെന്ന് നേരത്തേ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. പി.പി. ദിവ്യയുടേത് പാര്‍ട്ടി അംഗത്തിന് നിരക്കാത്ത പെരുമാറ്റം ആയിരുന്നെന്നും പിണറായി പറഞ്ഞു. തളിപ്പറമ്പില്‍ നടക്കുന്ന സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. വൈകുന്നേരം അഞ്ച് മണിക്ക് റെഡ് വോളണ്ടിയര്‍ മാര്‍ച്ചും പിന്നാലെ പൊതുസമ്മേളനവും നടക്കും. മുഖ്യമന്ത്രി പിണറായി വിജയന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
ജില്ലാ സെക്രട്ടറിയായി എം വി ജയരാജന് തുടര്‍ന്നേക്കുമെന്നാണ് സൂചന. നേതൃതലത്തില്‍ നടന്ന അവസാനവട്ട കൂടിക്കാഴ്ചകളില്‍ എം വി ജയരാജന് തുടരട്ടെ എന്ന ധാരണ ഉണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആരോഗ്യപ്രശ്നങ്ങളില്‍ എം വി ജയരാജന് ഒഴിഞ്ഞാല്‍ പകരം ടി വി രാജേഷോ കെ കെ രാഗേഷോ വന്നേക്കുമെന്നും കേട്ടിരുന്നു. 2019-ല്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച സമയത്തായിരുന്നു എം വി ജയരാജനെ താല്‍ക്കാലിക ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.
പി ജയരാജന് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് എം വി ജയരാജന് തന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുകയായിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എം വി ജയരാജന് മത്സരിക്കാനിറങ്ങിയപ്പോള്‍ കുറച്ച് നാള് സെക്രട്ടറി പദവിയില്‍ നിന്നും മാറി നിന്നിരുന്നു. എന്നാല്‍ കണ്ണൂരില്‍ സുധാകരനോട് പരാജയപ്പെട്ടതോടെ എം വി ജയരാജന് സെക്രട്ടറി സ്ഥാനത്തേയ്ക്ക് മടങ്ങിയെത്തുകയായിരുന്നു.
പുതിയ ജില്ലാ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായിരുന്ന എം.വി. നികേഷ്കുമാറിനെ ഉള്‍പ്പെടുത്തിയേക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി അനുശ്രീ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സരിന് ശശി എന്നിവര്‍ക്കും സാധ്യത പ്രവചിക്കുന്നുണ്ട്. ഇന്നലെ നടന്ന ചര്‍ച്ചയില്‍ പി പി ദിവ്യയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിനിധികള്‍ നിലപാട് പറഞ്ഞിരുന്നു.






