
കൊല്ലം: കൊട്ടാരക്കര സദാനന്ദപുരത്ത് ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം. ഏഴുപേര്‍ക്ക് പരിക്കേറ്റു. അര്‍ദ്ധരാത്രിയോടെ നടന്ന സംഭവത്തില്‍ ആംബുലന്‍സിലുണ്ടായിരുന്ന അടൂര്‍ ഏഴംകുളം സ്വദേശികളായ തമ്പി (65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്.
രോഗിയായ തമ്പിയുമായി ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പോകുമ്പോള്‍ എതിരേ കോഴിയുമായി വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ തമ്പിയുടെ മകള്‍ ബിന്ദു അടക്കം ഏഴുപേരെ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു വാഹനങ്ങളിലുമായി ആകെ ഒമ്പതുപേരാണ് ഉണ്ടായിരുന്നത്. ഡ്രൈവറടക്കം അഞ്ചു പേരാണ് ആംബുലന്‍സിലുണ്ടായിരുന്നത്.
ലോറിയില്‍ നാലുപേരുമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. അടൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ആംബുലന്‍സ്.
ലോറിയില്‍ ഡ്രൈവറും ലോഡിറക്കാനുള്ള തൊഴിലാളികളുമാണ് ഉണ്ടായിരുന്നത്. തമ്പിയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ശ്യാമളയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലുമാണുള്ളത്.






