
2007 ഏപ്രിൽ 14ന് ആണ് മലയാള സിനിമ അന്ന് വരെ പരിചയിച്ചിട്ടില്ലാത്ത വിഷ്വൽസുമായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി അഭിനയിച്ച് അമൽ നീരദ് സംവിധാനം നിർവഹിച്ച സ്റ്റൈലിഷ് ആക്ഷൻ ത്രില്ലർ ബിഗ് ബി റിലീസാവുന്നത്. കൊച്ചി പഴയ കൊച്ചിയല്ലെന്നറിയാം പക്ഷെ ബിലാൽ പഴയ ബിലാല് തന്നെയാ... എന്ന ഡയലോഗ് ഒരിക്കലെങ്കിലും പറയാത്ത മലയാളിയുണ്ടാകില്ല. അതായിരുന്നു ബിഗ് ബി പ്രേക്ഷകർക്കിടയിലുണ്ടാക്കിയ തരംഗം.
മേരി ടീച്ചറുടെയും അവരുടെ അനാഥാലയത്തിൽ വളർന്ന നാല് ആൺകുട്ടികളുടെയും കഥയായിരുന്നു ബിഗ് ബി. ബിലാൽ ജോൺ കുരിശിങ്കൽ, എഡി, മുരുകൻ, ബിജോ എന്നീ കഥാപാത്രങ്ങളെ മമ്മൂട്ടി , മനോജ് കെ ജയൻ, ബാല, സുമിത് നവൽ എന്നിവരാണ് അവതരിപ്പിച്ചത്. നായകന് മാസ് കാണിക്കാൻ നെടുനീളൻ ഡയലോഗുകൾ ആവശ്യമില്ലെന്ന പുതിയൊരു സ്റ്റൈൽ കൊണ്ടുവന്നത് ബിഗ് ബി യിലൂടെയാണ്.
സിനിമ പോലെ തന്നെ ചിത്രത്തിലെ ഒട്ടുമിക്ക ഗാനങ്ങളും ഹിറ്റായിരുന്നു. അതിൽ ഇപ്പോഴും പലരുടെയും പ്ലെ ലിസ്റ്റിലുള്ള ഗാനം ബാലയും മംമ്ത മോഹൻദാസും അഭിനയിച്ച മുത്തുമഴ കൊഞ്ചൽ പോലെ എന്ന റൊമാന്റിക്ക് സോങ്ങാണ്.
ബാലയുടെ കരിയറിൽ പിറന്നിട്ടുള്ള ഏറ്റവും മനോഹരമായ ഗാനം കൂടിയാണിത്. നടന് ആരാധകർ വർധിക്കാൻ കാരണമായതും ബിഗ് ബിയും ഈ ഗാനവുമാണ്. ബിഗ് ബിയ്ക്കുശേഷം മംമ്തയും ബാലയും പിന്നീട് ഒരുമിച്ച് സിനിമകൾ ചെയ്യുന്ന സാഹചര്യം ഉണ്ടായിട്ടില്ല. ഇപ്പോഴിതാ തന്റെ ഓൺസ്ക്രീൻ പെയറിനെ വർഷങ്ങൾക്കുശേഷം കണ്ടുമുട്ടിയ സന്തോഷം പങ്കിട്ടിരിക്കുകയാണ് ബാല.
ഞാനും കോകിലയും ചെന്നൈ വിമാനത്താവളത്തിൽ വെച്ച് എന്റെ ഏറ്റവും മികച്ച നായികയെ കണ്ടുമുട്ടി എന്നാണ് മംമ്തയെ കണ്ട സന്തോഷം പങ്കിട്ട് ബാല കുറിച്ചത്. മംമ്തയ്ക്കൊപ്പം പകർത്തിയ ചില ഫോട്ടോകളും ബാല പങ്കിട്ടു. മുത്തുമഴ കൊഞ്ചൽ ജോഡിയെ വീണ്ടും ഒരുമിച്ച് കാണാൻ സാധിച്ച സന്തോഷം ആരാധകരും കമന്റ് ബോക്സിൽ അറിയിച്ചു.
പഴയ ഓർമകളിലേക്ക് നിങ്ങളുടെ ചിത്രങ്ങൾ കൂട്ടികൊണ്ടുപോയിയെന്നും കമന്റുകളുണ്ട്. ബിഗ് ബിയിൽ അഭിനയിക്കുമ്പോൾ ഇരുപത്തിയാറ് വയസ് മാത്രമെ ബാലയ്ക്ക് പ്രായമുണ്ടായിരുന്നുള്ളു. ഏറ്റവും മനോഹരമായി നൃത്തം ചെയ്യുന്ന ചുരുക്കം ചില നായക നടന്മാരിൽ ഒരാൾ കൂടിയായിരുന്നു ആ സമയത്ത് ബാല.
ബാഡ് ബോയ്സിലാണ് ബാല അവസാനമായി അഭിനയിച്ചത്. വീണ്ടും മലയാളത്തിൽ സജീവമാകാനുള്ള തയ്യാറെടുപ്പിൽ കൂടിയാണ് നടൻ. ഭാര്യ കോകിലയ്ക്കൊപ്പം യുട്യൂബ് വ്ലോഗിങ്ങും കുക്കിങ്ങുമെല്ലാമായിയ സോഷ്യൽമീഡിയയിലും ബാല സജീവമാണ്.






