
പത്തനംതിട്ട: വിവാഹസംഘത്തിന് നേരെ നടത്തിയ അതിക്രമത്തിലൂടെ വിവാദ നായകനായ എസ്.ഐ ജിനുവിനെ പതിനെട്ടുകാരന് സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ കറക്കി നിലത്തടിച്ചത് കഴിഞ്ഞയാഴ്ചയായിരുന്നു. പ്രതിയായ പതിനെട്ടുകാരനെ പോലീസിനെ മര്‍ദിച്ചതിന്റെ പേരില്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഇപ്പോഴത്തെ സംഭവത്തെ തുടര്‍ന്ന് ഇതും ചര്‍ച്ചയായിട്ടുണ്ട്.
ബസ്സ്റ്റാന്‍ഡില്‍ ബഹളമുണ്ടാക്കുന്നുവെന്ന് പറഞ്ഞ് എത്തിയ പോലീസ് സംഘത്തെ പതിനെട്ടുകാരന് മര്‍ദിച്ചുവെന്നായിരുന്നു കേസ്. കഴുത്തിന് പിടിച്ചു തള്ളി വാഹനത്തില്‍ കയറ്റാനുള്ള ശ്രമത്തിനിടെ വിദ്യാര്‍ഥി എസ്.ഐയെ വാരി നിലത്ത് അടിക്കുകയായിരുന്നു. അടൂരില്‍ വിവാഹ സല്‍ക്കാരച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ സ്ത്രീകള്‍ അടക്കമുള്ള സംഘത്തിന് നേരേ പോലീസ് അതിക്രമം വന്‍ ചര്‍ച്ചയായി മാറിയിരിക്കെയാണ് എസ്.ഐ. ജിനുവിന്റെ ഈ മര്‍ദ്ദനവും തിരിച്ചുകിട്ടിയതുമെല്ലാം വീണ്ടും ചര്‍ച്ചയാകുന്നത്.
പോലീസ് മര്‍ദ്ദനത്തില്‍ യുവതിക്കും ഭര്‍ത്താവിനും സഹോദരനും പരുക്കേറ്റിരുന്നു. എസ്.ഐ. അടക്കം മൂന്നു പോലീസുകാര്‍ക്കെതിരേ കേസെടുത്തു. ഇവരെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. മുണ്ടക്കയം പുഞ്ചവയല്‍ കുളത്താശേരിയില്‍ ശ്രീജിത്ത് (34), ഭാര്യ എരുമേലി നോര്‍ത്ത് തുലാപ്പളളി ചെളിക്കുഴിയില്‍ സി.ടി. സിതാര മോള് (31), ആലപ്പുഴ നെഹ്റു ട്രോഫി വാര്‍ഡില്‍ ഷിജിന് (35) എന്നിവര്‍ക്കാണു പരുക്ക്. ഇതുമായി ബന്ധപ്പെട്ട് പത്തനംതിട്ട സ്റ്റേഷനിലെ എസ്.ഐ: ജെ.യു. ജിനു, സി.പി.ഒമാരായ ജോബിന് ജോസഫ്, അഷ്ഫാക് എന്നിവരെ സസ്പെന്‍ഡ് ചെയ്തു. ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ സ്റ്റുഡന്റ് കൗണ്‍സിലറായി ജോലി നോക്കുകയാണ് സിതാര.
സമീപത്തെ ബാറില്‍നിന്നു കിട്ടിയ പരാതി അനുസരിച്ചാണ് പോലീസ് എത്തിയതെന്നു പറയുന്നു. ബാര്‍ സമയം കഴിഞ്ഞും ചിലര്‍ വന്ന മദ്യം ആവശ്യപ്പെട്ട് കണ്ണാടി വാതിലില്‍ ഇടിച്ചപ്പോള്‍ സഹായത്തിനു പോലീസിനെ വിളിച്ചുവെന്ന് ബാര്‍ ജീവനക്കാര്‍ പറയുന്നുണ്ട്. ഇതു പ്രകാരമെത്തിയ പോലീസ് റോഡില്‍ നിന്ന യുവതിയെ അടക്കം ഒരു പ്രകോപനവുമില്ലാതെ മര്‍ദിക്കുകയായിരുന്നു. ആളു മാറിയാണ് മര്‍ദനം നടന്നതെന്ന് പോലീസ് സമ്മതിക്കുന്നുണ്ട്. പത്തനംതിട്ട ഡിവൈ.എസ്.പി: എസ്. നന്ദകുമാറിന്റെ നേതൃത്വത്തില്‍ പരുക്കേറ്റ സിതാരയുടെ മൊഴി രേഖപ്പെടുത്തിയാണ് എസ്.ഐ. അടക്കമുള്ളവരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇതിന് പിന്നാലെ എസ്.ഐ: ജിനുവിന് ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് മാറ്റി. വൈകിട്ടോടെ മൂന്നു ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്തു കൊണ്ടുള്ള ഉത്തരവും വന്നു. അതേസമയം, പോലീസുകാരെ സഹായിക്കുന്ന തരത്തിലാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പരുക്കേറ്റവര്‍ ആരോപിച്ചു. മാരകമായ പരുക്കുണ്ടായിട്ടും വധശ്രമം ചുമത്തിയിട്ടില്ല. പോലീസുകാര്‍ക്കെതിരേ പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്നും സിതാര ആവശ്യപ്പെട്ടു.
സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പത്തനംതിട്ട സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും ആവശ്യപ്പെട്ടു. എസ്.ഐക്കും പോലീസുകാര്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പി.ആര്.ഡി.എസ്. ജനറല്‍ സെക്രട്ടറിമാരായ ടി.കെ. അനീഷ്, കെ.ഡീ സീത്കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. നടന്നത് നരനായാട്ട് ആണെന്നും ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് ശ്രമമെങ്കില്‍ അത് അനുവദിക്കില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പറഞ്ഞു.
കഴിഞ്ഞ നാലിനു രാത്രി പതിനൊന്നോടെ അബാന്‍ ജങ്ഷനിലായിരുന്നു സംഭവം. അടൂരില്‍ സിതാരയുടെ സഹോദരന്റെ മകളുടെ വിവാഹ സല്‍ക്കാരച്ചടങ്ങില്‍ പങ്കെടുത്തു ട്രാവലറില്‍ മടങ്ങിയ സംഘത്തിനു നേരേയായിരുന്നു പോലീസ് അതിക്രമം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മലയാലപ്പുഴ പുതുക്കുളം സ്വദേശിയെ കൂട്ടിക്കൊണ്ടു പോകാന്‍ ഭര്‍ത്താവ് എത്തി അബാന്‍ ജങ്ഷനില്‍ കാത്തുനിന്നിരുന്നു.
ഇവരെ ഇറക്കിവിടാന്‍ വേണ്ടി വണ്ടി നിര്‍ത്തിയപ്പോള്‍ യുവതി അടക്കം അഞ്ചു പേര് പുറത്തിറങ്ങിനിന്നു. സെല്‍ഫി എടുപ്പും മറ്റുമായി റോഡരികില്‍ നിന്ന ഇവരെ പാഞ്ഞെത്തിയ പോലീസ് വാഹനത്തില്‍നിന്ന് മഫ്തി വേഷത്തില്‍ ചാടിയിറങ്ങിയ എസ്.ഐയും സംഘവും പൊതിരെ തല്ലുകയായിരുന്നു. ഓടെടാ എന്നു പറഞ്ഞ് പിന്നാലെ ചെന്ന് എല്ലാവരെയും തല്ലി. ഇതിനിടെ സിതാരയക്ക് മര്‍ദനം ഏല്‍ക്കാതിരിക്കാന്‍ സഹോദരനായ ഷിജിന് ശ്രമിച്ചു. പോലീസിനെ ഭയന്നോടി വീണ സിതാരയെ നിലത്തിട്ട് ചവിട്ടിയെന്നും പറയുന്നു. ഷിജിനെയും പൊതിരെ തല്ലി.
എന്തിനാണ് വെറുതെ നിന്നവരെ തല്ലുന്നത് എന്നു ചോദിച്ച ശ്രീജിത്തിനും അടികിട്ടി. ഏതാനും മിനുട്ടുകള്‍ നീണ്ട മിന്നലാക്രമണത്തിനുശേഷം പോലീസ് വന്ന വഴിക്കു പോയി. പരുക്കേറ്റവര്‍ സ്വന്തം വാഹനത്തില്‍ ജനറല്‍ ആശുപത്രിയില്‍ എത്തി ചികിത്സതേടി. സിതാരയുടെ തോളെല്ലിന് പൊട്ടലേറ്റു. ശ്രീജിത്തിന്റെ തലയ്ക്കാണ് പരുക്ക്. ഷിജിന് മേലാസകലം അടിയേറ്റു. സി.സി. ടിവി ദൃശ്യങ്ങള്‍ പുറത്തു വരുന്നതു വരെ ലാത്തിച്ചാര്‍ജ് പോലീസ് നിസാരവല്‍ക്കരിക്കുകയാണ് ഉണ്ടായത്. എന്നാല്‍, ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ പോലീസ് പ്രതിരോധത്തിലായി.






