
ബോളിവുഡ് ആരാധകരും സഹതാരങ്ങളും ഒരുപോലെ അംഗീകരിച്ച താരമാണ് കങ്കണ റണാവത്ത്. നിരൂപക പ്രശംസ നേടിയ സിനിമകളിലൂടെയും ഒന്നിലധികം അവാർഡുകൾ നേടിയതിലൂടെയും അറിയപ്പെടുന്ന താരം ചില വിവാദപരാമര്‍ശങ്ങളിലൂടെയും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിട്ടുണ്ട്. തന്റെ നിലപാടുകള്‍ മുഖം നോക്കാതെ തുറന്നു പറയുന്ന താരത്തിന്റെ വെള്ളിത്തിരയിലെ മികച്ച അഭിനയത്തിനും സഹതാരങ്ങളായ പലരും ആരാധകരാണ്. അഭിനയത്തിനു പുറമേ രാഷ്ട്രീയത്തിലും അടുത്തിടെ സജീവമായ താരം ഹിമാചൽ പ്രദേശിലെ മാണ്ഡി മണ്ഡലത്തില്‍ നിന്ന് ജയിച്ച് ബി.ജെ.പി എം.പിയായി.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ കുട്ടിക്കാലം മുതലുള്ള ആഗ്രഹം സഫലീകരിച്ച സന്തോഷം പങ്കിടുകയാണ് കങ്കണ റണാവത്ത്. കുട്ടിക്കാലം മുതല്‍ തന്റെ മനസ്സിലുള്ള ആഗ്രഹമാണ് ഒരു റെസ്റ്റോറന്റ് തുടങ്ങുക എന്നതും ഹിമാചല്‍പ്രദേശില്‍ ‘ദി മൗണ്ടെയ്ൻ സ്റ്റോറി’യിലൂടെ അത് സഫലമാകുകയാണെന്നും കങ്കണ പറയുന്നു. വിനോദസഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകർഷിക്കുന്ന മണാലിയാണ് കഫേയുടെ ലൊക്കേഷൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് കങ്കണ ഇക്കാര്യം അറിയിച്ചത്. മലനിരകള്ക്കിടയല് മുഴുവനായും തടികൊണ്ട് നിർമിച്ച അതിമനോഹരമായ കഫേയുടെ ചിത്രങ്ങള്‍ കങ്കണ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചു.
‘‘കുട്ടിക്കാലത്തെ സ്വപ്നം സാക്ഷാത്കരിച്ചു... ഇതൊരു സ്നേഹത്തിന്റെ കഥയാണ്... എല്ലാ തരത്തിലുള്ള പരമ്പരാഗത വിഭവങ്ങളും കഫേയിലുണ്ടായിരിക്കും. ഇതോടൊപ്പം കേക്ക്, സാൻവിച്ച്, പിസ എന്നിവയും അതിഥികള്‍ക്കായി ഒരുക്കും...’’ കങ്കണ പറഞ്ഞു.
വർഷങ്ങള്‍ക്ക് മുമ്പ്, തന്റെ സ്വപ്നത്തെ കുറിച്ച് കങ്കണ പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു. തനിക്ക് കഫേ തുടങ്ങാൻ ആഗ്രഹമുണ്ടെന്നും ലോകമെമ്പാടുമുള്ള ഭക്ഷണങ്ങള്‍ തന്റെ കഫേയില്‍ ഉണ്ടായിരിക്കുമെന്നും കങ്കണ പറയുന്നുണ്ട്. സ്വകാര്യ മാദ്ധ്യമം സംഘടിപ്പിച്ച ബോളിവുഡ് നടിമാരുടെ റൗണ്ട് ടേബിളിലാണ് കങ്കണ തുറന്നുപറഞ്ഞത്. ഇത് കേട്ട ദീപിക പദുക്കോണ്‍ ‘ഞാനായിരിക്കും നിങ്ങളുടെ ആദ്യത്തെ അതിഥി...’ എന്ന് ചിരിച്ചുകൊണ്ട് പറയുന്നുണ്ട്. ഇതിന്റെ വീഡിയോ കങ്കണ കഴിഞ്ഞദിവസം പങ്കുവച്ചിരുന്നു. എന്റെ കഫേയിലെ ആദ്യ അതിഥി നിങ്ങള്‍ തന്നെ ആയിരിക്കുമെന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചത്. ഫെബ്രുവരി 14-നാണ് കഫേ ഉദ്ഘാടനം ചെയ്യുന്നത്.
കങ്കണയും ദീപികയും ഒരിക്കലും ഉറ്റ സുഹൃത്തുക്കളായിട്ടില്ല. സഞ്ജയ് ലീല ബൻസാലിയുടെ 2018 ലെ ബ്ലോക്ക്ബസ്റ്റർ പീരിയഡ് ഇതിഹാസമായ പദ്മാവതിൽ റാണി പത്മിനിയെ അവതരിപ്പിച്ചതിന് രജ്പുത് കർണി സേന ദീപികയുടെ മൂക്ക് മുറിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ, ഭീഷണിയിൽ പ്രതിഷേധിച്ച് നിരവധി പ്രശസ്ത അഭിനേതാക്കളുടെ നിവേദനത്തിൽ ഒപ്പിടാൻ കങ്കണ വിസമ്മതിച്ചു. അതിനു ശേഷം പദ്മാവതിൽ ദീപികയുടെ വേഷം ‘അപ്രസക്തമാണെന്ന്’ തോന്നിയതിനാൽ താൻ നിരസിച്ചുവെന്ന് കങ്കണ സമ്മതിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ കങ്കണയുടെ റെസ്റ്റോറന്റിലേക്ക് ദീപിക എത്തുന്നുവെന്നുള്ളത് ആരാധകരെ അമ്പരപ്പിക്കുന്നുണ്ട്.






