
കൊച്ചി : ബില്ലുകളില്‍ തീരുമാനമെടുക്കാതെ കൈവശംവയ്ക്കുന്ന കേരള ഗവര്‍ണറുടെ നടപടി ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഡിവിഷന് ബഞ്ച് ഇന്നു പരിഗണിക്കും. ഇന്നലെ പരിഗണനയ്ക്കു വന്നെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് ഇന്നത്തേക്കു മാറ്റുകയായിരുന്നു. ജസ്റ്റിസുമാരായ സൂര്യകാന്ത്, കോത്തീശ്വര് സിങ് എന്നിവരുടെ ബെഞ്ചാണ് ഇന്നു കേസ് പരിഗണിക്കുക. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയാണു ഇതില്‍ പ്രധാനം.
ബില്ലുകളില്‍ തീരുമാനമെടുക്കാതെ മൂന്നുവര്‍ഷം വൈകിപ്പിച്ച തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍. രവിയുടെ നടപടിയെ കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച് വിമര്‍ശിച്ചിരുന്നു. തമിഴ്നാടിന്റെ വാദംതന്നെയാവും കേരളം ഇന്ന് ഉന്നയിക്കുക.
നിയമസഭ പാസാക്കിയ ബില്ലുകളില്‍ ചിലത് തടഞ്ഞുവയ്ക്കുകയാണെന്നും മറ്റുള്ളവ രാഷ്ട്രപതിക്കു വിടുകയാണെന്നും അറിയിക്കാന്‍ ഗവര്‍ണര്‍ മൂന്നുവര്‍ഷം വൈകിയതാണു സുപ്രീം കോടതി ചോദ്യംചെയ്തത്. ഇത്രയും കാലമെടുത്തു കണ്ടെത്താന്‍മാത്രം എന്തു കുഴപ്പമാണു ബില്ലുകളിലുണ്ടായിരുന്നതെന്ന് ജസ്റ്റിസ് ജെ.ബി. പര്‍ദിവാല അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. സമാന സാഹചര്യമാണു കേരളത്തിലുമുള്ളതെന്നു കേരളത്തിന്റെ മുതിര്‍ന്ന അഭിഭാഷകന് ചൂണ്ടിക്കാട്ടും. ബില്‍ തിരിച്ചയയ്ക്കുകയോ തീരുമാനമെടുക്കുകയോ വേണം. അല്ലാതെ, അനിശ്ചിതമായി കൈവശംവയ്ക്കാന്‍ ഗവര്‍ണര്‍ക്കു ഭരണഘടന അനുവാദം നല്‍കുന്നില്ലെന്നാണു കേരളത്തിന്റെ വാദം.
തിരിച്ചയയ്ക്കാതെ ബില്ലുകള്‍ തടഞ്ഞുവയ്ക്കുന്നത് ഭരണഘടനയുടെ 200-ാം അനുച്ഛേദത്തിനു വിരുദ്ധമാണ്. ബില്ലുകള്‍ തടഞ്ഞുവെക്കുകയാണെന്നും പുനഃപരിശോധനയ്ക്കായി അയച്ചുതരില്ലെന്നും എങ്ങനെയാണു പറയാനാവുകയെന്നു ഗവര്‍ണര്‍ വ്യക്തമാക്കണം. ഇക്കാര്യത്തില്‍ സ്വന്തമായുണ്ടാക്കിയ നടപടിക്രമമാണു ഗവര്‍ണര്‍ പാലിക്കുന്നതെന്നാണു കേരളത്തിന്റെ വാദം.
ഹര്‍ജിയില്‍ കോടതി പരിഗണിക്കുന്ന വിഷയങ്ങള്‍ ഇവയാണ്: 1. ഒരിക്കല്‍ തിരിച്ചയച്ചശേഷം വീണ്ടും സഭ പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയയ്ക്കാന്‍ ഗവര്‍ണര്‍ക്ക് സാധിക്കുമോ? 2. ബില്ലുകള്‍ രാഷ്ട്രപതിക്ക് അയയ്ക്കാനുള്ള ഗവര്‍ണറുടെ അധികാരം ചില വിഷയങ്ങളില്‍ മാത്രമാണോ? 3. രാഷ്ട്രപതിക്ക് ബില്ലുകളയയ്ക്കാന് ഗവര്‍ണര്‍ പരിഗണിക്കേണ്ട കാര്യങ്ങളെന്തെല്ലാമാണ്? 4. ഗവര്‍ണര്‍ക്കു ബില്ലുകള്‍ തടയാനുള്ള പോക്കറ്റ് വീറ്റോ എന്നത് ഭരണഘടനയിലുള്ളതാണോ? 5. ഗവര്‍ണര്‍ ബില്ലുകള്‍ പുനഃപരിശോധനയ്ക്കായി തിരിച്ചയയ്ക്കല്‍, ഗവര്‍ണര്‍ ഒരിക്കല്‍ തിരിച്ചയച്ച ബില്‍ സഭ വീണ്ടും പാസാക്കല്‍ എന്നീ രണ്ട് സാഹചര്യങ്ങളിലും ബില്ലുകള്‍ക്ക് അനുമതി നല്കാന് ഗവര്‍ണര്‍ക്കു ബാധ്യതയുണ്ടോ?
രണ്ടു വര്‍ഷം ബില്ലുകളില്‍ ഒപ്പിടാതെ കേരള ഗവര്‍ണര്‍ എന്തെടുക്കുകയായിരുന്നുവെന്നും കോടതി നേരത്തെ ചോദിച്ചിരുന്നു. ബില്ലുകള്‍ പിടിച്ചുവയ്ക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്നും സര്‍ക്കാരുകളുടെ അവകാശം അട്ടിമറിക്കാനാവില്ലെന്നും സുപ്രീം കോടതി വിമര്‍ശിച്ചു.






