
സായി പല്ലവിയുടെ ഡാന്‍സിനെയും അഭിനയത്തെയും സൗന്ദര്യത്തെയും പ്രശംസിച്ച് നിരവധി ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. കൂടെ ജോലി ചെയ്തവര്‍ക്ക് പല്ലവിയുടെ പെരുമാറ്റവും സ്വഭാവവുമാണ് ഏറെ ഇഷ്ടം. അങ്ങനെ ആകെ മൊത്തം സായി പല്ലവിയ്ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് ആണ്. ഇപ്പോഴിതാ നടി കനി കുസൃതി സായി പല്ലവിയെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റ് വൈറലാവുന്നു.
അങ്ങനെ പെട്ടന്നൊന്നും ഒരാളെ പ്രശംസിക്കാത്ത ആളാണ് കനി കുസൃതി. ഇഷ്ടമില്ലാത്തതിനെ കുറിച്ച് ഇഷ്ടമില്ല എന്ന് പറയുന്നതിനും, പോളിഷ് ചെയ്ത് സംസാരിക്കുന്നതും വശമില്ലാത്ത നടി. ആ കനി കുസൃതിയാണ് ഇപ്പോള്‍ സായി പല്ലവിയുടെ സൗന്ദര്യത്തെ കുറിച്ച് പറയുന്നത്.
'സൗന്ദര്യത്തെ അതിന്റെ ശുദ്ധമായ രൂപത്തില്‍ ഞാന്‍ അനുഭവിച്ച അപൂര്‍വ്വ നിമിഷങ്ങള്‍, സായി പല്ലവി വേറിട്ടു നില്ക്കുന്നു. സൗന്ദര്യ ലഹരി' എന്നാണ് നീല സാരിയില്‍ സായി പല്ലവി അതി സുന്ദരിയായി നില്ക്കുന്ന ചിത്രത്തിനൊപ്പം കനി കുസൃതി എഴുതിയത്. നൂറ് ശതമാനം അതിനോട് യോജിക്കുന്നു എന്ന് പറഞ്ഞ് നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.
ചെറിയ റോളുകളില്‍ ആണെങ്കിലും കേന്ദ്ര നായികാ വേഷത്തിലാണെങ്കിലും ചെയ്ത വേഷങ്ങള്‍ എല്ലാം ഏറ്റവും മികച്ചതാക്കിയ നടിയാണ് കനി കുസൃതി. ബിരിയാണി എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ഏറ്റവുമൊടുവില്‍ ഓള് വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന സിനിമയിലൂടെ ഇന്റര്‍നാഷണല്‍ ലെവലിലും ശ്രദ്ധ നേടിയിട്ടുണ്ട്.






