
തിരുവനന്തപുരം/ബാലരാമപുരം: കോട്ടുകാല്‍ക്കോണത്ത് രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ മാതൃസഹോദരന്‍ ഹരികുമാര്‍ മാത്രമാണ് പ്രതിയെന്ന് അന്വേഷണസംഘം. കസ്റ്റഡിയിലായിരുന്ന പ്രതി കുറ്റം സമ്മതിച്ചതായും അന്വേഷണസംഘം വെളിപ്പെടുത്തി.
കഴിഞ്ഞ മാസം 30 ന് പുലര്‍ച്ചെ, അമ്മ ശ്രീതുവിനൊപ്പം ഉറങ്ങിക്കിടന്ന ദേവേന്ദുവിനെ ഹരികുമാര്‍ എടുത്തുകൊണ്ടുപോയി കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയെന്നാണു കേസ്. സഹോദരിയോടു തോന്നിയ വൈരാഗ്യമാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ കാരണമെന്ന് ഹരികുമാര്‍ സമ്മതിച്ചതായി അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. 29ന് രാത്രി ശ്രീതുവിനോട് തന്റെ മുറിയിലേക്കു വരാന്‍ ഹരികുമാര്‍ വാട്സാപ്പില്‍ സന്ദേശമയച്ചു.
ശ്രീതു മുറിയിലെത്തിയെങ്കിലും ദേവേന്ദു കരഞ്ഞതിനാല്‍ ശ്രീതു തിരികെപ്പോയി. തുടര്‍ന്നാണ് അടുത്ത ദിവസം പുലര്‍ച്ചെ കുഞ്ഞിനെ കിണറ്റിലെടുത്തിട്ടതെന്ന് പ്രതി പോലീസിനോടു പറഞ്ഞു. ഹരികുമാറിന്റെ കസ്റ്റഡി കാലാവധി 12 ന് അവസാനിച്ചതിനാല്‍ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി. ഹരികുമാറിനെ കോടതി വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയിലാക്കി.
സാമ്പത്തികത്തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ശ്രീതുവിനെതിരേ വീണ്ടും പരാതി. ശ്രീതു ജോലി വാഗ്ദാനംചെയ്ത് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തെന്നു പറഞ്ഞ് രതീഷ് എന്നയാള്‍ പോലീസില്‍ പുതിയ പരാതി നല്കി.
കലക്ടറേറ്റില്‍ ജോലി സംഘടിപ്പിക്കാമെന്നു പറഞ്ഞാണ് ശ്രീതു പണം വാങ്ങിയതെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീതുവിനെതിരേ മറ്റൊരു കേസ് എടുത്തതായി പോലീസ് പറഞ്ഞു. ഈ കേസില്‍ കൂടുതല്‍ ചോദ്യംചെയ്യലിനായി ശ്രീതുവിനെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് ഇന്‍സ്പെക്ടര്‍ ധര്‍മജിത്ത് പറഞ്ഞു.അതിനിടെ, ശ്രീതു നല്കിയ പീഡനപരാതിയുടെ അടിസ്ഥാനത്തില്‍ പോലീസുകാരനെതിരേ ബാലരാമപുരം പോലീസ് കേസെടുത്തു.
പരശുവയ്ക്കല്‍ സ്വദേശി ഗിരീഷിനെതിരേയാണു കേസ്. ശ്രീതുവിനെ ഗിരീഷ് പീഡിപ്പിച്ചെന്നും പണം തട്ടിയെടുത്തെന്നുമാണ് പരാതി. ഇയാള്‍ നേരത്തേ എസ്.പി. ഓഫീസിലെ പോലീസുകാരനായിരുന്നു. പോലീസ് കസ്റ്റഡിയിലിരിക്കേയാണ് ശ്രീതു ഗിരീഷിനെതിരേ പരാതി പറഞ്ഞത്.






