
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയാള സിനിമാ മേഖലയില്‍ നിര്‍ണ്ണായകമായ പല കാര്യങ്ങളും സംഭവിക്കുന്നുണ്ട്. മലയാള സിനിമയെ വിലയിരുത്തി ജൂണ്‍ ഒന്നു മുതല്‍ നിര്‍മാതാക്കള്‍ സമരത്തിനിറങ്ങുമെന്ന നിര്‍മാതാവ് സുരേഷ് കുമാര്‍ പറഞ്ഞതാണ് വിവാദത്തിന് തിരികൊളുത്തിയത്. മലയാള സിനിമ നേരിടുന്ന പ്രതിസന്ധിയെ കുറിച്ചാണ് സുരേഷ് കുമാര്‍ വെളിപ്പെടുത്തിയത്. മലയാളത്തില്‍ നൂറ് കോടി ക്ലബ്ബിലെത്തിയ സിനിമകളില്ലെന്ന് തുടങ്ങി സിനിമാപ്രേമികളെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ സുരേഷ്കുമാര്‍ നടത്തി.
എന്നാലതിനു പിന്നാലെ ഇതിനൊക്കെ മറുപടിയുമായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ സുദീര്‍ഘമായ ഒരു പോസ്റ്റ് ഫെയ്സ്ബുക്കിലൂടെ പങ്കിട്ടിരുന്നു. കഴിഞ്ഞ മാസത്തെ മലയാള സിനിമയെ വിലയിരുത്തി മലയാള സിനിമാവ്യവസായത്തെപ്പറ്റി മുതിർന്ന നിർമ്മാതാവും നടനുമൊക്കെയായ സുരേഷ്കുമാർ മാധ്യമങ്ങളോടു നടത്തിയ തുറന്നുപറച്ചിലിനെപ്പറ്റി ചിലതു പറയണമെന്നുള്ളതുകൊണ്ടാണ് കുറിപ്പ് പങ്കിടുന്നത് എന്നാണ് ആന്റണി പെരുമ്പാവൂര്‍ കുറിച്ചത്. സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്, എന്താണ് അതിനു പിന്നിലെ ചേതോവികാരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്നും ആന്റണി കുറിച്ചിരുന്നു. സുരേഷ് കുമാറിന്റെ വാദങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കൊണ്ടുള്ള ആന്റണിയുടെ എഴുത്ത് വളരെ പെട്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഇപ്പോഴിതാ അതിനെ പിന്തുണച്ച് കുറിപ്പ് ഷെയര്‍ ചെയ്തിരിക്കുകയാണ് നടനും നിര്‍മ്മാതാവുമൊക്കെയായ പൃഥ്വിരാജ് സുകുമാരന്‍. ആന്റണി പെരുമ്പാവൂരിന്റെ കുറിപ്പ് ഷെയര്‍ ചെയ്ത്, ‘‘എല്ലാം ഓക്കെ അല്ലേ, അണ്ണാ...’’ എന്നായിരുന്നു പൃഥ്വി കുറിച്ചത്. ഉണ്ണി മുകുന്ദന് അടക്കമുള്ളവരും ഈ കുറിപ്പിനെ പിന്തുണയ്ക്കുന്നുണ്ട്.
പക്ഷേ ആന്റണിയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് മറ്റൊരാളാണെന്ന് പറയുകയാണ് ആരാധകരിപ്പോള്‍. പൃഥ്വിരാജ് ചോദ്യം വൈറലായതോടെയാണ് ആരാധകരുടെ സംശയം കൂടിയത്. ആന്റണി പങ്കുവെച്ച എഴുത്ത് ആരോ ഇംഗ്ലീഷില്‍ എഴുതിയതാണെന്നും അദ്ദേഹമത് മലയാളത്തിലാക്കി പോസ്റ്റ് ചെയ്തതാവാനേ വഴിയുള്ളുവെന്നും ചിലര്‍ കുറിച്ചു.
‘പോസ്റ്റിയത് ആന്റണി അണ്ണന് ആണേലും ആ എഴുത്തു വേറെ ആരുടെയോ ആണ്. ഇത്ര വ്യക്തമായി ആന്റണി ചേട്ടനോ, ലാലേട്ടനോ ചിന്തിക്കാന്‍ സാധ്യത ഇല്ല. അവര്‍ക്കതിനുള്ള ബുദ്ധി ഇല്ല. ഇത് പൃഥ്വി ഇഗ്ലീഷില്‍ എഴുതി കൊടുത്ത് മലയാളത്തില്‍ പരിഭാഷപ്പെടുത്തിയത് ആണോ എന്നൊരു സംശയം ഇല്ലാതില്ല, ഇങ്ങനെ ചിന്തിക്കാന്‍ ഉള്ള കഴിവ് ഇല്ലത്രേ. ഇങ്ങനെ ചിന്തിക്കണമെങ്കില്‍ രാജുവിനേ പറ്റുള്ളത്രേ’ എന്നും വിമര്‍ശനങ്ങളുണ്ട്. എന്നാല്‍ കഴിഞ്ഞ 25 വര്‍ഷമായി സിനിമ മേഖലയില്‍ അതിശക്തമായ സാനിധ്യമാണ് ആന്റണിയെന്നും ബുദ്ധിയും ചിന്താശക്തിയും ഒന്നും വേണ്ട വെറുതെ കുറേ കാശും മോഹന്‍ലാലും കൂടെ ഉണ്ടെങ്കില്‍ വിജയം തന്നെ ഉണ്ടായി കൊള്ളും എന്ന് കരുതുന്നവര്‍ ആണ് മണ്ടന്മാര് എന്ന് കുറിക്കുന്നവരുമുണ്ട്.
പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന എമ്പുരാന് റിലീസിനൊരുങ്ങുകയാണ്. മോഹന്‍ലാല്‍ നായകനായിട്ടെത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. കോടികള്‍ ചിലവഴിച്ച് ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രം വന്‍ വിജയമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ്.






