
നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂരും നടനും നിര്‍മ്മാതാവുമായ ജി.സുരേഷ്കുമാറും തമ്മിലുള്ള വാക്പോരാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്ന വിവാദവിഷയം. വളരെ നീണ്ട ഒരു കുറിപ്പിലൂടെയാണ് ആന്റണി തന്റെ നിലപാടുകളും അഭിപ്രായങ്ങളും വ്യക്തമാക്കിയത്. അതിനു പിന്നാലെ ആന്റണിയെ പിന്തുണച്ച് അഭിനേതാക്കളായ പൃഥ്വിരാജും ഉണ്ണിമുകുന്ദനും എത്തി. അതോടെ സിനിമ സംഘടനയിലെ തർക്കം അതി രൂക്ഷമായി തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ ആന്റണി പെരുമ്പാവൂരിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനു വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നിർമാതാവ് സുരേഷ്കുമാർ. സമരം തീരുമാനിച്ചത് താൻ ഒറ്റക്കല്ലെന്നും സംഘടനകള്‍ കൂട്ടമായി തീരുമാനിച്ചതാണെന്നും ആന്റണി യോഗങ്ങളില്‍ വരാറില്ലെന്നും ഇതുമായി ബന്ധപ്പെട്ട മിനിട്സ് പരിശോധിക്കാമെന്നും സുരേഷ് കുമാർ പറഞ്ഞു.
‘‘സമരം തീരുമാനിച്ചത് ഞാന്‍ ഒറ്റക്കല്ല. സംഘടനകള്‍ കൂട്ടമായി തീരുമാനിച്ചതാണ്. ആന്റണി യോഗങ്ങളില്‍ വരാറില്ല. ഇതുമായി ബന്ധപ്പെട്ട മിനിട്സ് പരിശോധിക്കാം. അസോസിയേഷന്റെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ഒറ്റയ്ക്ക് ഈ തീരുമാനം എടുക്കാന്‍ സാധിക്കില്ല. കുറേക്കാലമായി ചര്‍ച്ചകള്‍ ചെയ്ത് തീരുമാനിച്ച ശേഷം ഫെഫ്ക അടക്കം മറ്റ് സംഘടനകളുമായി ചേര്‍ന്നാണ് ഇത്തരം ഒരു തീരുമാനം എടുത്തത്. എല്ലാ ആള്‍ക്കാരുമായി കഴിഞ്ഞ ആഴ്ച കൊച്ചിയില്‍ യോഗം ചേര്‍ന്നാണ് തീരുമാനിച്ചത്. അതിന്റെ മിനുട്സ് അടക്കം ഉണ്ട്. ഞാന്‍ ഒരു മണ്ടനല്ല, കുറേക്കാലമായി ഞാന്‍ ഈ രംഗത്ത്. തമാശ കളിക്കാനുള്ളതല്ല സംഘടന.
ആന്റണി പെരുമ്പാവൂര്‍ സിനിമ കണ്ട് തുടങ്ങുന്ന കാലത്ത് സിനിമ എടുക്കാന്‍ തുടങ്ങിയ ആളാണ് ഞാന്‍. അത് കൊണ്ട് അത്തരം ഒരു മണ്ടത്തരം ഞാന്‍ കാണിക്കില്ല. 46 വര്‍ഷത്തോളമായി ഞാന്‍ സിനിമ രംഗത്ത്, ആന്റണിയെ ഞാന്‍ കാണാന്‍ തുടങ്ങിയിട്ടും വര്‍ഷങ്ങളായി. ആന്റണി മോഹന്‍ലാലിന്റെ അടുത്ത് വരുന്ന കാലം മുതല്‍ എനിക്ക് അറിയാം. ഞാന്‍ അങ്ങനെ വല്ലതും വിളിച്ചുപറയുന്ന വ്യക്തിയല്ല.
ആന്റോ ജോസഫ് അസോസിയേഷനില്‍ നിന്നും മെയ് വരെ ലീവ് എടുത്തിരിക്കുകയാണ്. അതിനാലാണ് ഞാന്‍ ആ യോഗത്തില്‍ പ്രധാന സ്ഥാനത്ത് വന്നത്. ആന്റണി അസോസിയേഷന്റെ ഒരു യോഗത്തിനും വരാറില്ല. അതിനാല്‍ കാര്യങ്ങള്‍ അറിയില്ല അതാണ് പ്രശ്നം. അവരൊക്കെ വന്ന് സഹകരിച്ചാല്‍ അല്ലെ ഇതൊക്കെ അറിയാന്‍ സാധിക്കൂ.
എമ്പുരാനുമായി ഉത്തരവാദിത്വപ്പെട്ടവര്‍ എന്നോട് പറഞ്ഞതിനാലാണ് അതിന്റെ ബജറ്റിനെക്കുറിച്ച് പറഞ്ഞത്. പറഞ്ഞ കാര്യം പിന്‍വലിക്കണമെങ്കില്‍ ഞാന്‍ പിന്‍വലിച്ചേക്കാം. അപ്പുറത്ത് നില്‍ക്കുന്നത് മോഹന്‍ലാലാണ് വെറുതെ ഒരു പ്രശ്നം ഉണ്ടാക്കാന്‍ താല്‍പ്പര്യമില്ല.
നൂറുകോടി ക്ലബ് എന്ന് പറഞ്ഞ് നടക്കുന്നത് അവസാനിപ്പിക്കണം. അത് ആന്റണിക്കും ബാധകമാണ്. കളക്ഷന്‍ എന്നാല്‍ ഷെയറാണ്, എന്റെ പോക്കറ്റില്‍ വരുന്ന പണം അല്ലെ എനിക്ക് പറയാന്‍ പറ്റൂ. അല്ലാതെ മൊത്തം കളക്ട് ചെയ്ത് സര്‍ക്കാറിന് പോകുന്നതും വിതരണക്കാരന് പോകുന്നതും എന്റെ കണക്കായി കാണാന്‍ പറ്റില്ലല്ലോ...’’ ജി. സുരേഷ് കുമാർ പറഞ്ഞു.
സിനിമാ മേഖല ജൂണ്‍ ഒന്നു മുതല്‍ നിശ്ചലമാവുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് നിർമാതാവ് ജി സുരേഷ് കുമാർ നടത്തിയ വാർത്താ സമ്മേളനമാണ് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. വിവിധ സിനിമാ സംഘടനകള്‍ ചേർന്നെടുത്ത തീരുമാനമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സുരേഷ് കുമാറിന്റെ സമര പ്രഖ്യാപനം. എന്നാല്‍ സുരേഷ് കുമാറിനെതിരെ വൻ വിമർശനം ഉന്നയിച്ചുകൊണ്ട് നിർമാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ അംഗവുമായ ആൻറണി പെരുമ്പാവൂര്‍ സുദീര്‍ഘമായ ഒരു കുറിപ്പ് പങ്കിട്ടിരുന്നു. എമ്പുരാന്റെ ബജറ്റിനെക്കുറിച്ചും സുരേഷ് കുമാർ വിമർശന സ്വരത്തോടെ സംസാരിച്ചിരുന്നതിനടക്കം മറുപടി നല്‍കിയായിരുന്നു ആന്റണിയുടെ കുറിപ്പ്. ‘‘ആശിർവാദ് സിനിമാസിന്റെ എമ്പുരാൻ എന്ന സിനിമയുടെ ബജറ്റിനെക്കുറിച്ച് പൊതുസമക്ഷം അദ്ദേഹം സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്ന് എത്രയാലോചിച്ചിട്ടും മനസിലാവുന്നില്ല. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകള്‍ പൂർത്തിയാവാത്തൊരു സിനിമയുടെ ചെലവിനെപ്പറ്റി പൊതുവേദിയില്‍ പരസ്യചർച്ചയ്ക്കു വിധേയമാക്കിയതെന്തിനാണ്? എന്റെ സിനിമകളുടെ ബജറ്റിനെപ്പറ്റിയോ കളക്ഷനെപ്പറ്റിയോ ഒരിക്കലും ഞാൻ പരസ്യമായി സംസാരിച്ചിട്ടില്ല; എന്റെ ബിസിനസുകളെക്കുറിച്ചും. ആ നിലയ്ക്ക് എന്താവേശത്തിലും വികാരത്തിലുമാണ് അദ്ദേഹം ഇങ്ങനെ പബ്ളിക്കായി സംസാരിച്ചത് എന്നും, ഇതൊക്കെ അദ്ദേഹം വ്യവസായത്തെ നന്നാക്കാൻ പറഞ്ഞതാണോ നെഗറ്റീവാക്കി പറഞ്ഞതാണോ എന്നുും സത്യസന്ധമായി പറഞ്ഞാല്‍ തിരിച്ചറിയാൻ സാധിക്കുന്നില്ല.
എമ്പുരാനെപ്പറ്റി പറയുകയാണെങ്കില്‍, വൻ മുടക്കുമതലില്‍ നിർമ്മിക്കപ്പെട്ട കെ ജി എഫ് പോലൊരു സിനിമ ദേശഭാഷാതിരുകള്‍ക്കപ്പുറം മഹാവിജയം നേടിയതിയതോടെ കന്നഡ ഭാഷാസിനിമയ്ക്കു തന്നെ അഖിലേന്ത്യാതലത്തില്‍ കൈവന്ന പ്രാമാണ്യത്തെപ്പറ്റി നമുക്കെല്ലാമറിയാം. അത്തരത്തിലൊരു വിജയം ഇന്നേവരെ ഒരു മലയാള ചിത്രത്തിനും സാധ്യമായിട്ടില്ല. അത്തരത്തിലൊരു ബഹുഭാഷാ വിജയം സ്വപ്നം കണ്ടുകൊണ്ടാണ് ആശിർവാദിന്റെ പരിശ്രമം എന്നതില്‍ അഭിമാനിക്കുന്നയാളാണ് ഞാൻ. അതു ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ടുവർഷമായി അത്രമേല്‍ അർപണബോധത്തോടെ പ്രവർത്തിക്കുകയാണ് അതിന്റെ സംവിധായകനടക്കമുള്ള പിന്നണിപ്രവർത്തകർ.
ലാല്‍സാറിനെപ്പോലൊരു മഹാനടനും ഇക്കാലമത്രയും അതുമായി സഹകരിച്ചുപോരുന്നുണ്ട്.ലൈക പോലൊരു വൻ നിർമ്മാണസ്ഥാപനവുമായി സഹകരിച്ചാണ് ഞങ്ങളീ സ്വപ്നം മുന്നോട്ടുകൊണ്ടുപോകുന്നത്...’’ എന്നിങ്ങനെ ദീര്‍ഘമായ കുറിപ്പാണ് ആന്റണി പങ്കിട്ടത്. സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് പോസ്റ്റിന് ലഭിച്ചത്. നടൻ പൃഥ്വിരാജ് സുകുമാരനും ആന്റണിയുടെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് തന്റെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. എല്ലാം ഓക്കെയല്ലേ അണ്ണാ എന്നായിരുന്നു പൃഥ്വിരാജ് കുറിച്ചത്.






