
നാലു പതിറ്റാണ്ടിലധികമായി മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന തലമുതിര്‍ന്ന അഭിനേതാവാണ് ജഗദീഷ്. നര്‍മ്മരസമുള്ള കഥാപാത്രങ്ങളില്‍ തുടങ്ങി നായകവേഷങ്ങളും വില്ലന്‍വേഷങ്ങളുമെല്ലാം പക്വമായ അഭിനയശൈലിയിലൂടെ ജഗദീഷ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചിട്ടുണ്ട്. ഒരു കാലത്ത് റൊമാന്റിക് ഹീറോയുടെ ഇമേജായിരുന്നു ജഗദീഷിന്.
ജീത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബനൊപ്പം ജഗദീഷ് എത്തുന്ന സിനിമയാണ് ഓഫീസർ ഓണ്‍ ഡ്യൂട്ടി. സിനിമയുടെ പ്രൊമോഷന് തിരക്കിലാണ് ജഗദീഷ്.
ഇപ്പോഴിതാ സിനിമാ വിശേഷങ്ങള്‍ പറയുന്നതിനിടയില്‍ ആനയ്ക്കൊപ്പം അഭിനയിച്ച പഴയകാല സിനിമയെക്കുറിച്ചും അന്ന് മോഹന്‍ലാല്‍ പറഞ്ഞു കൊടുത്ത ഉപദേശത്തെക്കുറിച്ചും പറയുകയാണ് ജഗദീഷ്. ‘‘ആനയുടെ കൂടെ ഏറ്റവും കൂടുതല്‍ മലയാളത്തില്‍ സിനിമകള്‍ അഭിനയിച്ചിട്ടുള്ള താരമാണ് ഞാന്‍. അന്ന് മോഹന്‍ലാല്‍ തന്ന ഒരു ഉപദേശം ഞാന്‍ ഒരിക്കലും മറക്കില്ല. പ്രായിക്കര പാപ്പാന് എന്ന സിനിമയില്‍ ഞാന്‍ പാപ്പാനായിട്ടാണ് അഭിനയിക്കുന്നത്. ആനപ്പുറത്ത് കയറുന്ന ഒരുപാട് സീനുകള്‍ ആ സിനിമയിലുണ്ട്.
അന്ന് ‘അടിവേരുകള്‍’ എന്ന സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിച്ചു കഴിഞ്ഞ സമയമാണ്. ആനയുടെ അടുത്ത് പോകുമ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കണം. ബിഹേവ് ചെയ്യുമ്പോഴും സംസാരിക്കുമ്പോഴുമെല്ലാം അല്‍പ്പം കണ്ട്രോള് വേണം. കൈയും കാലുമൊക്കെ അനക്കുമ്പോള്‍ സൂക്ഷിക്കണം. കൈയൊക്കെ വീശി സംസാരിച്ചാല്‍ ആനയോര്ക്കും അതിനെ ഉപദ്രവിക്കാനാണെന്ന്. അത് ഒറ്റ അടി തരും. വളരെ വാല്യൂബളിലായ ഒരു ഉപദേശമായിരുന്നു അത്.
ആന അടുത്ത് നില്‍ക്കുന്നുണ്ടെന്ന് കരുതി വേണം അഭിനയിക്കാന്‍. പിന്നെ പാപ്പാന്റെ കോണ്‍ഫിഡന്‍സും അത്യാവശ്യമാണ്. പ്രായിക്കര പാപ്പാനില്‍ ഞാന്‍ ആനയുടെ തുമ്പിക്കൈയില്‍ തൂങ്ങിക്കയറുന്ന ഒരു രംഗമുണ്ട്. അത് പാപ്പാന് തന്ന കോണ്ഫിഡന്സില് ചെയ്തതാണ്. ഗജരാജമന്ത്രം സിനിമയില്‍ ആനപ്പുറത്ത് തിരിഞ്ഞിരിക്കുന്ന ഒരു രംഗമുണ്ട്. ഇതൊന്നും ഡ്യൂപ്പില്ലാതെ ചെയ്തതാണ്. പാപ്പാന് തരുന്ന ആത്മവിശ്വാസത്തില്‍ ചെയ്യുന്നതാണ് അതൊക്കെ....’’ ജഗദീഷ് പറയുന്നു.
ഓഫീസർ ഓണ്‍ ഡ്യൂട്ടിയില്‍ പ്രിയാമണിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഒരു കൂട്ടം ആളുകള്‍ ചേർന്ന് നടത്തുന്ന കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ശ്രമിക്കുന്ന നായകനും അന്വേഷണത്തില്‍ നായകൻ നേരിടുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
, ഇരട്ട എന്നീ ചിത്രങ്ങളില്‍ അഭിനേതാവായും 'ഇരട്ട' എന്ന ചിത്രത്തിന്റെ കോ-ഡയറക്ടറായും പ്രവർത്തിച്ചിട്ടുള്ള ജീത്തു അഷ്റഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓഫീസർ ഓണ്‍ ഡ്യൂട്ടി'. ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ഷാഹി കബീറാണ് സിനിമയുടെ രചന. ചിത്രത്തില്‍ വിശാഖ് നായർ, മനോജ് കെ യു, റംസാൻ മുഹമ്മദ്, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്ണു ജി വാരിയർ, ലേയ മാമ്മൻ, ഐശ്വര്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.






