
കാഞ്ഞങ്ങാട് : കിഫ്ബിയിലൂടെ 500 കോടി വകയിരുത്തിയ സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ കോവളം-ബേക്കല്‍ ജലപാത ജലരേഖയായേക്കും. 2026 ല്‍ പദ്ധതി പൂര്‍ത്തീകരിക്കുകയാണു ലക്ഷ്യമെന്ന് മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും ആവശ്യമായ പരിസ്ഥിതി ആഘാത പഠനംപോലും നടത്താതെയാണു പദ്ധതി പ്രഖ്യാപിച്ചെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്.
വളപട്ടണം, കുപ്പം പുഴകളിലൂടെ പഴയങ്ങാടി സുല്‍ത്താന്‍ കനാലിലേക്കും കവ്വായി കായലിലേക്കുമെത്തുന്ന ജലപാത പയ്യന്നൂര്‍ കൊറ്റിയില്നിന്ന് വലിയപറമ്പിലേക്കു കടക്കും. കൃത്രിമ ജലപാത ഉണ്ടാക്കിയാണ് ഇതിനെ ബേക്കലിലേക്കു നീട്ടുന്നത്. ജലപാതയുടെ പേര് നീലേശ്വരം-ചിത്താരി കൃത്രിമ ജലപാതയെന്നാക്കി നടപ്പാക്കുന്ന പദ്ധതിക്കെതിരേ ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാണ്. കാര്‍ഷികവൃത്തിയും ചെറുകച്ചവടവും ചെറുകിട വ്യവസായങ്ങളും പദ്ധതിപ്രദേശത്തുണ്ട്. 8000 പേരെ കുടിയൊഴിപ്പിക്കുകകൂടി ചെയ്താലേ പാത പൂര്‍ത്തിയാകൂ.
സ്വകാര്യ പങ്കാളിത്തമുള്ള ഒരു കമ്പനിയുടെ ഉടമസ്ഥതയിലാണു കൃത്രിമ ജലപാത നിര്‍മിക്കുന്നത്. ജലാശയങ്ങളെ സ്വകാര്യവത്കരിക്കുകയും സാധാരണക്കാരുടെ കുടിവെള്ളം മുട്ടിക്കുകയും കൃഷിസ്ഥലങ്ങളില്‍ ഉപ്പുവെള്ളം കയറുകയും ചെയîുന്ന ജനദ്രോഹ പദ്ധതിയാണിതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഇതുവരെ വിശദ പദ്ധതിരേഖയോ പാരിസ്ഥിതിക-സാമൂഹിക-ജൈവവൈവിധ്യ ആഘാത പഠനങ്ങളോ നടന്നിട്ടുമില്ല. 1990 കളില്‍ കേന്ദ്രസര്‍ക്കാര്‍ പരിസ്ഥിതിലോലമെന്നു വിശേഷിപ്പിച്ച കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് പദ്ധതിമേഖല. മലബാര്‍ നദീതട വികസനം എന്ന പേരില്‍ തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കാര്യമായ ഒരു പ്രവൃത്തിയും നടന്നിട്ടുമില്ല. ഇതു പൂര്‍ത്തിയായാല്‍ മാത്രമേ ബേക്കല്‍-കണ്ണൂര്‍-മാഹി വഴിയുള്ള യാത്രാബോട്ടുകള്‍ക്കും കണ്ടെയ്നറുകള്‍ക്കും ദേശീയ ജലപാത മുഖേന കടന്നുപോകുവാനാകൂ. അതിനാല്‍ കാസര്‍ഗോഡ് ജില്ലയില്‍ നീലേശ്വരം-ചിത്താരി ജലപാതയുടെ പണി നടപ്പാക്കുന്നതു ദുരൂഹമല്ലേയെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചോദിക്കുന്നു. ജില്ല മുഴുവന്‍ കൃത്രിമ ജലപാത പദ്ധതി സംബന്ധിച്ച ബോധവല്‍ക്കരണം നടത്താന്‍ ജനകീയ മുന്നണി മുന്നിട്ടിറങ്ങും. ജലപാത നിര്‍മാണത്തിന് 179.45 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. പാതയുടെ 6.65 കിലോമീറ്റര്‍ ഭാഗം കൃത്രിമമായി നിര്‍മിക്കാന്‍ പദ്ധതിയില്‍ പറയുന്നു.
അരയിപ്പുഴയില്‍ കുളിയങ്കാല്‍ ഭാഗത്തുനിന്ന് ചിത്താരിപ്പുഴയില്‍ മഡിയന്‍ വരെയുള്ള ഭാഗത്ത് 40 മീറ്റര്‍വരെ വീതിയുള്ള കനാല്‍ നിര്‍മിച്ച് പുഴവെള്ളം ഒഴുക്കിവിടും. രണ്ടുമുതല്‍ എട്ടുവരെ മീറ്റര്‍ ആഴത്തിലുള്ള കനാലിന് അടിഭാഗത്ത് 20 മീറ്ററാണു വീതി. ഇത്രയും കിലോമീറ്ററില്‍ 106 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുക. ഇതോടെ കാഞ്ഞങ്ങാട്ടെ നെല്ലറയെന്നു വിശേഷിപ്പിക്കപ്പെടുന്ന കാരാട്ടുവയല്‍, നെല്ലിക്കാട്ടുവയല്, അതിയാമ്പൂര് വയല്‍ എന്നിവയെല്ലാം ഇല്ലാതാകും.15,000 തെങ്ങുകള്‍, 20,000 കവുങ്ങുകള്‍ എന്നിവയും അപ്രത്യക്ഷമാകും.
വീടുകളുള്‍പ്പെടെ 73 കെട്ടിടങ്ങളാണു പൊളിക്കേണ്ടിവരികയെന്ന് രണ്ടുവര്‍ഷം മുന്‍പുള്ള സര്‍വേയില്‍ വ്യക്തമാക്കിയിരുന്നു. അതിനുശേഷവും കെട്ടിടങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.പുതുതായി നിര്‍മാണത്തിലിരിക്കുന്ന ദേശീയപാതയെയും നിരവധി റോഡുകളെയും റെയില്‍വേ ലൈനുകളെയും കീറിമുറിച്ചു പോകുന്ന പദ്ധതി പ്രായോഗികമാക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.






