
കൊച്ചി : കേരളത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ വിദേശ കപ്പലുകളിടിച്ചു കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ നീതിക്കുവേണ്ടി നടത്തുന്ന പോരാട്ടം അനന്തമായി നീളുന്നു. കപ്പലുകള്‍ പലതും ഇന്ത്യന്‍ സമുദ്രാതിര്‍ത്തി വിട്ടു പോകാന്‍ അനുവദിച്ചതിലെ കുറ്റകരമായ വീഴ്ച ഇരകള്‍ക്കു കോടതിയില്‍ തിരിച്ചടിയാകുകയാണ്.
ഏഴുവര്‍ഷം മുന്‍പു കൊച്ചി പുറംകടലില്‍ മത്സ്യബന്ധന ബോട്ടില്‍ ചരക്കുകപ്പലിടിച്ചു മൂന്നുപേര്‍ മരിച്ച കേസില്‍ പനാമ കപ്പലിന്റെ സെക്കന്‍ഡ് ഓഫീസറോട് ഹാജരാകാന്‍ എറണാകുളം അഡി. സെഷന്‍സ് കോടതി ഉത്തരവിട്ടിട്ടു വര്‍ഷം രണ്ടായി. മൂന്നു തവണ ജാമ്യമില്ലാ വാറന്റ് അയച്ചിട്ടും ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പോലീസും കേന്ദ്ര- കേരള സര്‍ക്കാരുകളും പ്രതിയെ നാട്ടിലെത്തിക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചില്ല.
കപ്പലുടമകള്‍ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കായി ആശ്രയിക്കുന്ന ലണ്ടന്‍ ആസ്ഥാനമായ പ്രൊട്ടക്ഷന്‍ ആന്‍ഡ് ഇന്‍ഡെമിനിറ്റി ക്ലബുകളാണു കോടതി വ്യവഹാരങ്ങളില്‍ രാജ്യാന്തര തലത്തില്‍ ചരടുവലി നടത്തുന്നതെന്നു മാരിടൈം നിയമവിദഗ്ധര്‍ പറയുന്നു. ആലപ്പുഴ തീരത്ത് 2012-ല്‍ എം.വി പ്രഭുദയ എന്ന കപ്പല്‍ മത്സ്യബന്ധന ട്രോളറിലിടിച്ച് ആറുപേര്‍ മരിച്ച സംഭവത്തില്‍ വിചാരണ പോലും തീര്‍ന്നിട്ടില്ല.
ഈ കപ്പലിന്റെ ക്യാപ്റ്റന്‍ പോലീസുകാരെ സല്‍ക്കരിച്ചത് അക്കാലത്ത് വിവാദമായിരുന്നു. സിംഗപ്പുര്‍ പതാകയുള്ള കപ്പലിനെ ചെന്നൈ തീരത്തു പിടികൂടിയെങ്കിലും മത്സ്യബന്ധന ട്രോളറിലെ തൊഴിലാളികളുടെ കുടുംബം അനാഥമായി.
2017-ല്‍ കൊച്ചി പുറംകടലില്‍ പനാമ കപ്പലിടിച്ചു മൂന്നു മത്സ്യത്തൊഴിലാളികള്‍ മരിച്ചപ്പോള്‍ ഉന്നത സ്വാധീനത്തില്‍ കപ്പല്‍ വിട്ടയച്ചത് കോടതിക്കും ബോധ്യപ്പെട്ടതാണ്. പ്രതി വിദേശിയായതിനാലും ആഭ്യന്തര വകുപ്പിന്റെ അനുമതിയില്ലാതെ ഇന്ത്യ വിട്ടു പോകാന്‍ അനുവദിച്ചതിനാലും നയതന്ത്ര തലത്തില്‍ ഒട്ടേറെ നടപടികള്‍ ബാക്കിയാണ്. അതിനാല്‍ കേസ് അനന്തമായി നീളുകയാണെന്ന് ഇരകള്‍ക്കുവേണ്ടി നിയമപോരാട്ടം നടത്തുന്ന അഡ്വ. യാഷ് തോമസ് മാന്നുള്ളി മംഗളത്തോടു പറഞ്ഞു.
ഇതിനിടെ, ഒന്നാംപ്രതി കപ്പലിന്റെ ക്യാപ്റ്റന്‍ വിദേശത്തു മരിച്ചെന്നു വിവരം ലഭിച്ചതോടെ അയാള്‍ക്കെതിരായ നടപടികളും അവസാനിപ്പിച്ചു.
കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടിനെ ഇറ്റാലിയന്‍ കപ്പലില്‍നിന്നു വെടിയുതിര്‍ത്ത കേസില്‍ ഇന്ത്യ പ്രയോഗിച്ച നയതന്ത്ര സമ്മര്‍ദം ഈ കേസിലുണ്ടായില്ല. ബേപ്പൂരില്‍ ഇമ്മാനുവല്‍ എന്ന ബോട്ട് ഇടിച്ചുതകര്‍ത്തു നാലുപേരുടെ ജീവനെടുത്ത എം.വി. ഗ്ലോബല്‍ ഹുണ്ടായ് എന്ന ബ്രിട്ടീഷ് പതാകയുള്ള കപ്പലിന്റെ ഡിജിറ്റല്‍ രേഖകള്‍ ശേഖരിച്ചെങ്കിലും കോസ്റ്റല്‍ പോലീസ് അവ പരിശോധിക്കാതെ വിട്ടയച്ചു.
അപകടത്തില്‍പ്പെട്ട ബോട്ടിന്റെ ജി.പി.എസ് മാത്രം തെളിവായെടുക്കുകയായിരുന്നു. 2022 ഒക്ടോബറില്‍ കണ്ണൂര്‍ പുറംകടലില്‍ കൊറിയന്‍ ചിമി കപ്പല്‍ വള്ളത്തിലിടിച്ച കേസിലും ഒന്നരക്കൊല്ലമായിട്ടും കുറ്റപത്രം നല്‍കിയിട്ടില്ല.'






