
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ജഗദീഷും കുഞ്ചാക്കോ ബോബനും. ഒരു കാലത്ത് ഹിറ്റ് കോമഡി സിനിമകളില്‍ നിറഞ്ഞുനിന്ന നടനായിരുന്നു ജഗദീഷ്. കുടുംബപ്രേക്ഷകർക്ക് ഏറെയിഷ്ടമുള്ള നായക വേഷങ്ങളും ജഗദീഷ് അവതരിപ്പിച്ചിട്ടുണ്ട്.
ചോക്ലേറ്റ് ഹീറോയായി ഒരുപാട് ആരാധികമാരുടെ ഹൃദയം കവർന്ന നായകനായിരുന്നു കുഞ്ചാക്കോ ബോബൻ.
എന്നാൽ സമീപകാലത്ത് വിസ്മയിപ്പിക്കുന്ന വേഷപ്പകര്‍ച്ച നടത്തുന്ന താരങ്ങളായി ഇവർ രണ്ടുപേരും മാറി. വില്ലൻ വേഷങ്ങളിലും വേറിട്ട ഭാവങ്ങളില്‍ എത്തി വിസ്മയിപ്പിക്കുന്ന കഥാപാത്രങ്ങളായും അക്ഷരാര്‍ഥത്തില്‍ സിനിമാ പ്രേക്ഷകരെ ഞെട്ടിക്കുന്നുണ്ട് ഈ താരങ്ങൾ.
വർഷങ്ങൾക്ക് മുൻപ് രണ്ടും പേരും ഒരുമിച്ചെത്തിയ 'സത്യം ശിവം സുന്ദരം' എന്ന സിനിമ പ്രേക്ഷകർ ഇന്നും ഓർക്കുന്നുണ്ട്. ജീത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ഓഫീസർ ഓണ്‍ ഡ്യൂട്ടിയിലൂടെ വീണ്ടും ഈ കോമ്പോ എത്തുകയാണ്.
ഇപ്പോഴിതാ പുതിയ സിനിമയുടെ പ്രൊമോഷനിടെ സത്യം ശിവം സുന്ദരം സിനിമയെക്കുറിച്ചുള്ള ഓർമ്മകള്‍ പങ്കുവയ്ക്കുകയാണ് ജഗദീഷ്.
ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ സുഹൃത്തായി തന്നെ തിരഞ്ഞെടുക്കുമ്പോൾ കഥാപാത്രങ്ങള്‍ തമ്മില്‍ പ്രേക്ഷകർക്ക് പ്രായ വ്യത്യാസം തോന്നുമോ എന്ന് സംവിധായകൻ റാഫിക്ക് ആശങ്കയുണ്ടായിരുന്നുവെന്നും അതിനാലാണ് ചാക്കോച്ചൻ തന്നെ അമ്മാവോ എന്നു വിളിക്കുന്ന ഡയലോഗ് ചിത്രത്തില്‍ എഴുതി ചേർത്തത് എന്നും ജഗദീഷ് പറഞ്ഞു.
"സത്യം ശിവം സുന്ദരം' എന്ന സിനിമയില്‍ ചാക്കോച്ചന്റെ കൂട്ടുകാരനായി എന്നെ തീരുമാനിച്ചു. അപ്പോള്‍ റാഫിയ്ക്ക് ചെറിയൊരു സംശയം കൂട്ടുകാരനായിട്ട് തീരുമാനിച്ചാല്‍ ജഗദീഷിന് പ്രായം കൂടുതല്‍ തോന്നില്ലേ? ചാക്കോച്ചൻ യങ് ആണെല്ലോ. അപ്പോള്‍ കൂട്ടുകാരൻ എന്നു പറയുന്നിടത്ത് ചാക്കോച്ചന്റെ ഡയലോഗില്‍ ഇങ്ങനെ എഴുതി ചേർത്തു, അമ്മാവോ എന്ന് ഇടയ്ക്ക് ഇടയ്ക്ക് എന്നെ വിളിക്കണം എന്ന്. കൂട്ടുകാരനെ അമ്മാവൻ എന്ന് വിളിക്കേണ്ടതിന്റെ കാര്യമില്ല. ഉടൻ തന്നെ ഞാൻ ചൂടാവും ഞാൻ അമ്മാവൻ ഒന്നും അല്ല എന്ന്. അങ്ങനെ പറയുന്ന സീൻ എഴുതി ചേർത്തതാണ് ആ സിനിമയില്‍...." ജഗദീഷ് പറയുന്നു.
കുഞ്ചാക്കോ ബോബനെയും അശ്വതി മേനോനെയും പ്രധാന കഥാപാത്രങ്ങളാക്കി റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത ചിത്രമാണ് സത്യം ശിവം സുന്ദരം.
ഒരു കൂട്ടം ആളുകള്‍ ചേർന്ന് നടത്തുന്ന കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ശ്രമിക്കുന്ന നായകനും അന്വേഷണത്തില്‍ നായകൻ നേരിടുന്ന പ്രതിസന്ധികളുമാണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ ഇതിവൃത്തം. പ്രിയാമണിയാണ് ചിത്രത്തില്‍ നായിക.
നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളില്‍ അഭിനേതാവായും 'ഇരട്ട' എന്ന ചിത്രത്തിന്റെ കോ-ഡയറക്ടറായും പ്രവർത്തിച്ചിട്ടുള്ള ജീത്തു അഷ്റഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓഫീസർ ഓണ്‍ ഡ്യൂട്ടി'.
ചിത്രത്തില്‍ വിശാഖ് നായർ, മനോജ് കെ യു, റംസാൻ മുഹമ്മദ്, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്ണു ജി വാരിയർ, ലേയ മാമ്മൻ, ഐശ്വര്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.






