
ചണ്ഡീഗഢ്: ഒന്നോ രണ്ടോ ദിവസം നീളുന്ന യാത്ര. യു.എസില്‍ കാലുകുത്തിയാല്‍ മാസങ്ങള്‍ക്കകം പൗരത്വം. അമൃത്സര്‍ സ്വദേശിയായ മന്ദീപ് സിങ്ങി(38)നോട് ഏജന്റുമാരുടെ വാഗ്ദാനം അങ്ങനെയായിരുന്നു. അമൃത്സറിലെ കുടുംബത്തിനു മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാനായിരുന്നു അദ്ദേഹത്തിന് ആ യാത്ര. മുടക്കിയത് 40 ലക്ഷം രൂപയും. 'ഏജന്റുമായി സംസാരിച്ചപ്പോള്‍, പണം അടച്ചാല്‍ ഒരു മാസത്തിനുള്ളില്‍ എന്നെ നിയമപരമായ രീതിയില്‍ യു.എസിലേക്ക് കൊണ്ടുപോകുമെന്നാണു പറഞ്ഞത്'- മന്ദീപ് പറഞ്ഞു.
'ഏജന്റ് 40 ലക്ഷം രൂപ ആവശ്യപ്പെട്ടു. അത് രണ്ട് ഗഡുക്കളായി അടച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ അമൃത്സറില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തിലാണ് യാത്ര ആരംഭിച്ചത്'. നിയമപരമായ പ്രവേശനത്തിന് പകരം ട്രാവല്‍ ഏജന്റ് അദ്ദേഹത്തെ യു.എസിലേക്ക് പ്രവേശിക്കാന്‍ കുടിയേറ്റക്കാര്‍ ഉപയോഗിക്കുന്ന നിയമവിരുദ്ധവും അപകടകരവുമായ പാതയായ 'ഡോങ്കി റൂട്ടിലൂടെ'യാണു കൊണ്ടുപോയത്.
'ഡല്‍ഹിയില്‍നിന്നു മുംബൈയിലേക്കും പിന്നീട് നെയ്റോബിയിലേക്കും തുടര്‍ന്നു മറ്റൊരു രാജ്യം വഴി ആംസ്റ്റര്‍ഡാമിലേക്കും കൊണ്ടുപോയി. അവിടെനിന്ന് ഞങ്ങളെ സുരിനാമിലേക്ക് കൊണ്ടുപോയി. ഞാന്‍ അവിടെ എത്തിയപ്പോള്‍ സബ് ഏജന്റുമാര്‍ 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്റെ കുടുംബം അതും സംഘടിപ്പിച്ചുനല്‍കി.
സുരിനാമില്നിന്ന്, എന്നെപ്പോലുള്ള നിരവധി ആളുകളെ ഇടുങ്ങിയ ഒരു വാഹനത്തില്‍ കുത്തിനിറച്ചു. ഞങ്ങളെ ഗയാനയിലേക്ക് കൊണ്ടുപോയി. അവിടെനിന്നു ദിവസങ്ങളോളം നിര്‍ത്താതെയുള്ള യാത്രയായിരുന്നു. ഇക്വഡോറില്‍ എത്തുന്നതിനുമുമ്പ് ഞങ്ങള്‍ ഗയാനയും പിന്നീട് ബൊളീവിയയും കടന്നു. തുടര്‍ന്ന് പാനമ കാടുകള്‍ മുറിച്ചുകടക്കാന്‍ പ്രേരിപ്പിച്ചു. അത്രയുമായപ്പോള്‍ ഞങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങി. കൂടുതല്‍ സംസാരിച്ചാല്‍ വെടിവച്ചു കൊല്ലുമെന്നായി ഭീഷണി. 12 കനാലുകള്‍ ഉള്‍പ്പെടുന്ന അപകടകരമായ പാതയിലൂടെ 13 ദിവസം ഞങ്ങള്‍ നീങ്ങി. മുതലകള്‍, പാമ്പുകള്‍... - ഞങ്ങള്‍ക്ക് എല്ലാം സഹിക്കേണ്ടിവന്നു. അപകടകരമായ ജീവികളെ നേരിടാന്‍ ചിലര്‍ക്ക് വടികള്‍ നല്കി'-അദ്ദേഹം പറഞ്ഞു.
'മികച്ച ഭക്ഷണം അപ്പോഴേക്കും വിദൂര സ്വപ്നമായിട്ടുണ്ടായിരുന്നു. പകുതി വേവിച്ച റൊട്ടികളും ചിലപ്പോള്‍ നൂഡില്‍സും ഞങ്ങള്‍ക്കു കിട്ടി. ഒരു ദിവസം 12 മണിക്കൂര്‍ വരെ യാത്ര ചെയ്യുമായിരുന്നു. പാനമ കടന്ന് കോസ്റ്റാറിക്കയില്‍ തങ്ങി. പിന്നെ ഹോണ്ടുറാസിലേക്ക്... അപ്പോഴേക്കും ഭക്ഷണം കുറഞ്ഞുവന്നു. പേരിനു ചോറു കിട്ടിയാലായി. നിക്കരാഗ്വയിലൂടെ കടന്നുപോകുമ്പോള്‍ ഒന്നും കിട്ടിയില്ല. ഗ്വാട്ടിമാലയിലെത്തിയപ്പോള് കുറച്ചു ചോറു കിട്ടി. അടുത്ത ലക്ഷ്യം ടിജുവാന ആയിരുന്നു. അവിടെ എത്തിയപ്പോള്‍ താടിമീശ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു.
സിഖ് മത വിശ്വസിയായ എനിക്ക് ആ നിര്‍ദേശം അംഗീകരിക്കാന്‍ കഴിഞ്ഞില്ല. അവര്‍ എന്റെ താടിമീശ ബലമായി മുറിച്ചു നീക്കി'- മന്ദീപ് പറഞ്ഞു. 'ജനുവരി 27 ന് രാവിലെ യു.എസ്. അതിര്‍ത്തി കടന്നു. പിന്നാലെ ബോര്‍ഡര്‍ പോലീസിന്റെ പിടിയിലായി. ഞങ്ങളെ നാടുകടത്തുമെന്ന് അവര്‍ അറിയിച്ചു. തിരിച്ചയയ്ക്കുന്നതിനുമുമ്പ് കുറച്ച് ദിവസത്തേക്ക് തടങ്കല്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചു, '- അദ്ദേഹം പറഞ്ഞു.






