
ട്രംപ് ഭരണകൂടം നടപ്പിലാക്കിയ വിസ നയങ്ങളിലെ പരിഷ്കാരങ്ങള്‍ ഇന്ത്യയിലും അമേരിക്കയിലുമുള്ള പല ഇന്ത്യക്കാര്‍ക്കും അനിശ്ചിതത്വവും ഉത്കണ്ഠയും സൃഷ്ടിച്ചിട്ടുണ്ട്. ഫെബ്രുവരി 10 മുതല്‍ പ്രാബല്യങ്ങളില് വന്ന പുതിയ നിയമങ്ങള്‍ പലരെയും പ്രതിസന്ധിയിലാക്കിയട്ടുണ്ട്.
ഇതില്‍ പ്രധാനം ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് കുടിയേറ്റത്തിനല്ലാത്ത വിസ പുതുക്കുന്നതിന് നേരിട്ടുള്ള അഭിമുഖം ഒഴിവാക്കുന്ന ഡ്രോപ്ബോക്സ് സംവിധാനത്തില്‍ യുഎസ് മാറ്റം വരുത്തിയതാണ്. പുതിയ മാറ്റം അനുസരിച്ച് വിസ കാലാവധി കഴിഞ്ഞ് പന്ത്രണ്ട് മാസത്തിനുള്ളില്‍ മാത്രമേ ഡ്രോപ്ബോക്സ് പ്രോഗ്രാമില്‍ അപേക്ഷിക്കാനാവൂ. മുന്‍പ് ഇത് ഇത് 48 മാസമായിരുന്നു.
വിസ പുതുക്കലിന് ഏറെ സൗകര്യമായിരുന്നു ഡ്രോപ്ബോക്സ് പ്രോഗ്രാം. ഡ്രോപ്പ്ബോക്സ് വിസ എന്നാല്‍ യുഎസ് കോണ്‍സുലേറ്റില്‍ നേരിട്ട് ഹാജരാകാതെ തന്നെ വിസ പുതുക്കുന്ന രീതിയാണ്. ഇതിനെ ഇന്റര്‍വ്യൂ വേവര്‍ പ്രോഗ്രാം (IWP) എന്നും വിളിക്കുന്നു. ഇത് വഴി നിര്‍ദിഷ്ട യോഗ്യതയുള്ളവര്‍ വീസ പുതുക്കുന്നതിനുള്ള അവശ്യരേഖകളെല്ലാം എംബസികളിലെയോ കോണ്‍സുലേറ്റുകളിലെയോ ഡ്രോപ്ബോക്സുകളില്‍ നിക്ഷേപിച്ചാല്‍ മതിയായിരുന്നു. എഫ്-1 വിദ്യാര്‍ഥി വിസയില്‍ യുഎസിലെത്തി എച്ച്-1 ബി വിഭാഗത്തിലേക്ക് മാറ്റം ലഭിക്കുമ്പോഴും മറ്റും ഇത് ഏറെ ഉപകാരമായിരുന്നു.






