
തിരുവനന്തപുരം: ചെയ്ത ജോലിയുടെ കൂലിക്കായി കെ.എസ്.ആര്.ടി.സി. ജീവനക്കാരടക്കമുള്ളവര്‍ കൈനീട്ടുമ്പോള്‍ പി.എസ്.സിയില്‍ ശമ്പളക്കുതിപ്പ്. വര്‍ധന നടപ്പാകുമ്പോള്‍ ചെയര്മാന് കിട്ടാന്‍ പോകുന്നത് നാലു ലക്ഷത്തോളവും അംഗങ്ങള്‍ക്ക് 3.8 ലക്ഷത്തോളവും രൂപ മാസ ശമ്പളം.
രാഷ്ട്രീയ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നവരാണ് പി.എസ്.സി. അംഗങ്ങളും ചെയര്‍മാനും. സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക ബാധ്യതയില്‍ നട്ടം തിരിയുന്നതിനിടെയാണ് പി.എസ്.സി ചെയര്‍മാന്റെയും 19 അംഗങ്ങളുടെ ശമ്പള, ആനുകൂല്യ വര്‍ധനക്കുള്ള മന്ത്രിസഭാ യോഗ തീരുമാനം. മുന്‍കാല പ്രാബല്യത്തോടെയാണോ വര്‍ധനവെന്നു വ്യക്തമായിട്ടില്ല. 2016 മുതലുള്ള മുന്‍കാല പ്രാബല്യം നല്കിയാല് കോടികളുടെ ബാധ്യതയാകും സര്‍ക്കാരിനുണ്ടാകുക. ഇവരുള്‍പ്പെടെ 1755 ജീവനക്കാരാണ് പി.എസ്.സിയില്‍ ആകെയുള്ളത്.
2025-- 26 സാമ്പത്തിക വര്‍ഷത്തിലേക്ക് പിഎസ്സിയുടെ ചെലവായി ആകെ 2338 കോടി രൂപയാണു വകയിരുത്തിയിരിക്കുന്നത്. ഇതില്‍ ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി മാറ്റിയിരിക്കുന്നത് 1664 കോടിയാണ്.
നാമമാത്രമായ തുകക്ക് എല്ലുമുറിയേ പണി എടുക്കുന്ന ആശാ വര്‍ക്കര്‍മാര്‍ കടുത്ത ചൂടില്‍ ശമ്പള വര്‍ധന ആവശ്യപെട്ടു പത്തു ദിവസത്തിലേറെയായി സെക്രട്ടേറിയറ്റു പടിക്കല്‍ നടത്തുന്ന സമരം കണ്ടില്ലെന്നു നടിക്കുമ്പോഴാണ് ഈ ശമ്പള വര്‍ധന.






