
കര്‍ണാടകയിലെ കലബുര്‍ഗിയില്‍ ജീവനുള്ള മുതലയെ കൊണ്ടുവന്ന് കര്‍ഷകരുടെ പ്രതിഷേധം. കൃഷിയിടത്തിലേക്കുള്ള വൈദ്യുതി സ്ഥിരമായി തടസ്സപ്പെടുന്നതിനെ തുടര്‍ന്നായിരുന്നു കര്‍ഷകര്‍ പ്രതിഷേധിച്ചത്. കാളവണ്ടിയില്‍ വൈദ്യുതി വകുപ്പിന്റെ ഓഫീസിലേക്ക് മുതലയെ കെട്ടിവച്ച് കൊണ്ട് വരികയായിരുന്നു. കലബുറഗി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന അഫ്സല്‍പൂര്‍ താലൂക്കിലാണ് ഇത്തരത്തില്‍ വ്യത്യസ്തമായ പ്രതിഷേധം നടന്നത്. ഗുല്‍ബര്‍ഗ ഇലക്ട്രിസ്റ്റി സപ്ലൈ കമ്പനി ലിമിറ്റഡ് ഓഫീസിലേക്കായിരുന്നു പ്രതിഷേധം.
ജീവനുള്ള മുതലയെ കാള വണ്ടിയില്‍ കെട്ടിവെച്ചുകൊണ്ടാണ് പ്രതിഷേധം നടത്തിയത്. അഫ്സല്‍പൂര്‍ താലൂക്കിലെ ഗൊബ്ബൂര് (ബി) ഗ്രാമത്തിലെ ഒരു ഫാമില്‍ നിന്ന് പിടികൂടിയ മുതലയെയാണ് പ്രതിഷേധത്തിനെത്തിച്ചത്. ലക്ഷ്മണ് പൂജാരി എന്ന കര്‍ഷകനാണ് ഭീമാ നദിയുടെ തീരത്തുള്ള തന്റെ കൃഷിയിടത്തില്‍ രാത്രി വിളകള്‍ നനയ്ക്കുന്നതിനിടെ മുതല കണ്ടത്. തുടര്‍ന്ന് അദ്ദേഹം മറ്റ് കര്‍ഷകരെ സഹായത്തിനായി വിളിച്ച് മുതലയെ പിടികൂടുകയായിരുന്നു.
നാല് മണി വരെയുള്ള വൈദ്യുതി വിതരണം ആറ് മണി വരെയാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. രാത്രിയില്‍ വൈദ്യുതി വിതരണം തടസ്സം നേരിടുന്നതിനാല്‍ മുതലയും പാമ്പും മറ്റ് ഇഴജന്തുക്കളും തങ്ങളെ ആക്രമിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു.






