
മിമിക്രി വേദികളിലൂടെ തുടങ്ങി പിന്നീട് സിനിമയില്‍ നര്മ്മപ്രധാനമുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് കൈയടി നേടിയ താരമാണ് സലീം കുമാര്‍. സീരിയസ്സ് കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ കണ്ണും ഹൃദയവും നിറച്ചും സലീം കുമാര്‍ ആരാധകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്. താരത്തിന്റെ മകന് ചന്തുവും അച്ഛന്റെ പാത പിന്തുടര്ന്ന് സിനിമയിലേക്ക് എത്തിയിട്ടുണ്ട്. മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് ചന്തുവും പ്രേക്ഷകമനസ്സിലിടം നേടിയിട്ടുണ്ട്. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘പൈങ്കിളി’ സിനിമയുടെ പ്രൊമോഷന് തിരക്കിലാണ് താരം.
ഇപ്പോഴിതാ തന്റെ വൈറല്‍ ഡയലോഗ് തലേന്നിരുന്ന് കാണാതെ പഠിച്ചതാണെന്ന് പറയുകയാണ് ചന്തു സലീം കുമാര്‍. . പൈങ്കിളി സിനിമ കണ്ട് പുറത്തിറങ്ങിയതിന് ശേഷം ഓണ്‍ലൈൻ മാധ്യമങ്ങളോട് സിനിമയിലെ നായകനായ സജിൻ ഗോപുവിനെ പുകഴ്ത്തിപ്പറഞ്ഞതാണ് വൈറലായ വീഡിയോ. ഉദയനാണ് താരം എന്ന സിനിമയില്‍ വിനീത് ശ്രീനിവാസൻ പറയുന്ന ഡയലോഗിനോടാണ് ചന്തുവിൻ്റെ ഡയലോഗിനെ ട്രോളന്മാർ ഉപമിച്ചത്. ഈ ഡയലോഗ് താൻ തലേന്ന് സിനിമ കണ്ട് കാണാതെ പഠിച്ചതാണെന്നാണ് ചന്തു സലിംകുമാർ പറഞ്ഞത്
‘‘ഈ ഡയലോഗ് എവിടെയെങ്കിലും പറയാനായിട്ട് സ്പേസ് കിട്ടുമോ എന്ന് നോക്കിയിരിക്കുകയായിരുന്നു. നമുക്ക് ഓരോ ഡയലോഗുകളൊക്കെ എവിടെയെങ്കിലും പറയണമെന്ന് ആഗ്രഹം കാണില്ലേ. ഇതെവിടെയെങ്കിലും പറയണമെന്നുണ്ടായിരുന്നു. ഞാൻ ഉദയനാണ് താരത്തിലെ കഥാപാത്രത്തിന്റെ വലിയ ഫാനാണ്. സരോജ് കുമാർ. എനിക്ക് മറ്റേ പടവും വലിയ ഇഷ്ടമാണ്. ആ ക്യാരക്ടർ എനിക്കിഷ്ടമാണ്. അങ്ങനത്തെ കഥാപാത്രങ്ങളെ ഒരുപാട് കണ്ടിട്ടുണ്ട്.
സൂപ്പർ സ്റ്റാർസ് അല്ല, സാധാരണ ആള്‍ക്കാരിലും അങ്ങനത്തെ കഥാപാത്രങ്ങളുണ്ട്. സിനിമ തലേദിവസം ഇരുന്ന് കണ്ട് കാണാപ്പാഠം പഠിച്ചതാണ്. മാസത്തിലൊരു തവണയെങ്കിലും ഉദയനാണ് താരം കാണുമല്ലോ. എനിക്ക് ഇഷ്ടമുള്ള നടനാണ് ശ്രീനിയങ്കിള്‍. അച്ഛന്റെ ഫേവരിറ്റ് ആക്ടറാണ്...’’ ചന്തു സലീം കുമാര്‍ പറയുന്നു. റെഡ് എഫ്എമ്മിന് നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
ജിത്തു മാധവന്റെ തിരക്കഥയില്‍ ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത സിനിമയാണ് പൈങ്കിളി. സജിൻ ഗോപു, അനശ്വര രാജൻ, ജിസ്മ വിമല്‍ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തിയത്. അബൂസലിം, ചന്തു സലിംകുമാർ, റോഷൻ ഷാനവാസ്, റിയാസ് ഖാൻ തുടങ്ങിയവ നല്ലൊരു താരനിര തന്നെ സിനിമയിലുണ്ട്. ഫെബ്രുവരി 14നാണ് സിനിമ തീയറ്ററുകളിലെത്തിയത്. നിറഞ്ഞ സദസ്സുകളില്‍ സിനിമ പ്രദർശനം തുടരുകയാണ്. ഇതിനു മുമ്പ് സജിൻ ഗോപു പ്രധാന വേഷത്തിലെത്തിയ സിനിമ ‘പൊന്മാന്’ ആണ്. രേഖാചിത്രം, എന്ന് സ്വന്തം പുണ്യാളൻ എന്നീ സിനിമകളാണ് അനശ്വര പ്രധാനവേഷത്തിലെത്തിയ അവസാനത്തെ സിനിമകള്‍.






