
പാലക്കാട്: അട്ടപ്പാടിയില്‍ ഇടവാണിയിൽ നിന്നും പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കരടി ചത്തു. ഇന്ന് രാവിലെയാണ് സംഭവം. ഇടതു കാലിൽ പരിക്ക് പറ്റിയ കരടിയെ ചികിൽസക്കായി തൃശൂരിലേക്ക് മാറ്റിയിരുന്നു. ആർആർടി സംഘമാണ് കരടിയെ പിടികൂടി ചികിത്സക്കായി തൃശ്ശൂരിൽ എത്തിച്ചത്.
കരടിയുടെ കാലിൽ ആന ചവിട്ടിയാണ് പരിക്കേറ്റത് എന്നാണ് വനം വകുപ്പിൻ്റെ വിശദീകരണം. മേലേ ഭൂതയാര്‍, ഇടവാണി മേഖലയില്‍ ഇറങ്ങിയ കടുവയെ വനം വകുപ്പ് കൂട് ഉപയോഗിച്ച് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കരടിയുടെ കാലില്‍ പരിക്ക് കണ്ടെത്തിയിരുന്നു.
നട്ടെല്ലിനും ഇടുപ്പെല്ലിനും കാലിലെ എല്ലുകൾക്കും ഞരമ്പുകൾക്കും സാരമായ പരിക്കുണ്ടായിരുന്നു. പിൻകാലുകളിലേയ്ക്കുള്ള രക്തയോട്ടം നിലച്ചിരുന്നു. സുവോളജിക്കൽ പാർക്കിലെ മൃഗാശുപത്രിയിൽ സംരക്ഷിച്ചിരുന്ന കരടി ഭക്ഷണവും മരുന്നു കഴിച്ചിരുന്നത് പ്രതീക്ഷയേകിയിരുന്നു. ആരോഗ്യസ്ഥിതി അല്പം പുരോഗമിച്ച ശേഷം എക്സറേ എടുത്ത് വിദഗ്ധ ചികിത്സയാരംഭിക്കാനായിരുന്നു നീക്കം. എന്നാൽ അതിനുമുന്പേ കരടി ചത്തു. പോസ്റ്റ് മോർട്ടം മണ്ണുത്തി വെറ്ററിനറി ആശുപത്രിയിൽ നടക്കും. തുടർന്ന് പുത്തൂരിൽ തന്നെ സംസ്കരിക്കും.






