
കോട്ടയം; മതവിദ്വേഷ പരാമര്‍ശ കേസില്‍ ബിജെപി നേതാവ് പി സി ജോര്‍ജ് റിമാന്‍ഡില്‍. കീഴടങ്ങിയ ജോര്‍ജിന്റെ ജാമ്യാപേക്ഷ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി തള്ളി.ജോര്‍ജിനെ റിമാന്‍ഡ് ചെയ്തത് 14 ദിവസത്തേക്കാണ്. കോടതി നിര്‍ദേശിച്ച പ്രകാരം , അപാകത പരിഹരിച്ചു പോലീസ് വീണ്ടും കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് ജോര്‍ജിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഉത്തരവ് പറഞ്ഞത്.
കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനില്‍ എത്തുമെന്ന് അറിയിച്ചെങ്കിലും നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്തി ജോര്‍ജ് കീഴടങ്ങുകയായിരുന്നു. കേസില്‍ ജാമ്യം ലക്ഷ്യമിട്ടായിരുന്നു നീക്കം. കോടതി പോലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.പിന്നാലെ ജോര്‍ജിനെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. പോലീസ് റിപ്പോര്‍ട്ട് കൂടി പരിഗണിച്ചതിന് ശേഷമാണ് ജാമ്യാപേക്ഷ തള്ളിയത്.
ജോര്‍ജിന്റെ കേസ് ഉച്ചയ്ക്ക് കോടതി പരിഗണിച്ചപ്പോള്‍ ഇദ്ദേഹത്തിനെതിരെ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോര്‍ട്ടും പോലീസ് സമര്‍പ്പിച്ചു. തിങ്കളാഴ്ച രാവിലെ മുതല്‍ പിസി ജോര്‍ജിന്റെ വീട്ടില്‍ ബിജെപി നേതാക്കളും പ്രവര്‍ത്തകരും എത്തിയിരുന്നു.






