
സിനിമയിലൂടെയായിരുന്നു തുടക്കമെങ്കിലും പിന്നീട് സീരിയലിലൂടെ തിളങ്ങിയ താരമാണ് വരദ. കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായ വരദ കണ്ണീര്പുത്രിയായ നായിക വേഷങ്ങളിലൂടെ പ്രേക്ഷകമനസ്സിലിടം നേടി. പിന്നീട് നായികയായി പല സീരിയലുകളിലും താരം തിളങ്ങി. എന്നാലിപ്പോള്‍ മാംഗല്യം എന്ന സീരിയലില്‍ വില്ലത്തി വേഷം ചെയ്തും കൈയടി നേടുകയാണ് താരം.
സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്ക്കുന്ന താരമാണ് വരദ. എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും യാത്രാചിത്രങ്ങളുമൊക്കെ താരം അതിലൂടെ പങ്കിടാറുണ്ട്. താരം പങ്കിടുന്ന വിശേഷങ്ങള്‍ വളരെ വേഗത്തില്‍ വൈറലാകാറുണ്ട്. സിംഗിള്‍ മദറായി ജീവിതം ആഘോഷിക്കുന്ന താരം നഷ്ടപ്പെട്ടു പോയ ജീവിതത്തെ ഓര്‍ത്ത് ദുഃഖിച്ചിരിക്കുകയോ തന്റെ എക്സ് പാര്‍ട്നറെ കുറ്റം പറയാനോ ശ്രമിച്ചിട്ടില്ല. ഡിവോഴ്സ് തീർത്തും വ്യക്തിപരം എന്ന ആറ്റിറ്റ്യൂഡില്‍ ജീവിക്കുന്ന താരം ഇൻസ്റ്റ പോസ്റ്റിലൂടെ തന്റെ സന്തോഷം പങ്കിടാറുണ്ട്. സ്വകാര്യജീവിതത്തിലെ കാര്യങ്ങള്‍ തുറന്ന് പറയാന്‍ താത്പര്യമില്ല എങ്കിലും, തന്റെ സന്തോഷങ്ങള്‍ വരദ പങ്കിടാറുണ്ട്.
ഇപ്പോഴിതാ ഏറ്റവും ഒടുവില്‍ വരദ പങ്കിട്ട പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ‘‘പ്രശ്നങ്ങൾ ജീവിതത്തിന്റെ ഭാഗമാണ്, അവയെ പുഞ്ചിരിയോടെ നേരിടുന്നത് ജീവിതത്തിലെ ഒരു കലയാണ്...’’ എന്ന ക്യാപ്ഷന്‍ നല്കി തന്റെ ബ്ലാക്ക് കാറിനൊപ്പം സാരിയില്‍ സുന്ദരിയായിട്ടുള്ള ചിത്രങ്ങളാണ് വരദ പങ്കുവച്ചിരിക്കുന്നത്. അതിനു മുന്‍പുള്ള ദിവസങ്ങളിലും പ്രചോദനപരമായ പോസ്റ്റുകള്‍ താരം പങ്കുവച്ചിട്ടുണ്ട്. ‘‘ആളുകള്‍ക്ക് എപ്പോഴും എന്തെങ്കിലും പറയാനുണ്ടാകും. അവർ അനുമാനങ്ങള്ഉണ്ടാക്കുകയും വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുകയും അവരുടെ കാഴ്ചപ്പാടുകളുമായി പൊരുത്തപ്പെടുന്ന കഥകള്‍ മെനയുകയും ചെയ്യും. ചിലർ നിങ്ങളുടെ യാത്രയെ നിങ്ങളെക്കാള്‍ നന്നായി മനസ്സിലാക്കുന്നുവെന്ന് കരുതിയേക്കാം. എന്നാല്‍ യാഥാർത്ഥ്യം - നിങ്ങള്‍ എന്താണ് അനുഭവിച്ചതെന്ന് നിങ്ങള്‍ക്ക് മാത്രമേ അറിയൂ...’’ എന്ന കോട്ട് പങ്കിട്ടാണ് വരദ പങ്കിട്ടിരിക്കുന്നത്. അവന്തിക എന്ന കഥാപാത്രമായി സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുകയാണ് വരദ.
പ്രണയ വിവാഹമായിരുന്നു വരദയുടേത്. എന്നാല്‍ ആ ബന്ധം വിവാഹമോചനത്തില്‍ അവസാനിച്ചിട്ട് ഒന്നര വര്‍ഷത്തോളമായി. വിവാഹ മോചനത്തിന് ശേഷം മകനൊപ്പം തന്റെ സിംഗിള്‍ ലൈഫിലേക്ക് മാറിയിട്ടുണ്ട് താരം. യാത്രകളും, സെല്‍ഫ് ലവ്വും തന്നെയാണ് ഈ വേര്‍പിരിയലിന്റെ വേദനയില്‍ നിന്ന് പുറത്തുകടക്കാന്‍ സഹായിച്ചതെന്ന് പോസ്റ്റുകളില്‍ നിന്ന് വ്യക്തമാണ്.
വാസ്തവം എന്ന സിനിമയിലൂടെയാണ് വരദ അഭിനയമേഖലയിലേക്ക് എത്തിയത്. ആഗ്ര, സുല്‍ത്താന്‍, മകന്റെ അച്ഛന് പോലുള്ള സിനിമകളിലെ വരദയുടെ വേഷം ശ്രദ്ധിക്കപ്പെട്ടതാണ്. അമല എന്ന സീരിയലാണ് ടെലിവിഷന്‍ ലോകത്ത് വരദയെ കൂടുതല്‍ പരിചിതയാക്കിയത്. ആ സീരിയലില്‍ വില്ലന്‍ വേഷത്തിലെത്തിയ ജിഷിനെയാണ് വരദ വിവാഹം ചെയ്തത്. ഇരുവരുടെയും പ്രണയ വിവാഹം അക്കാരണം കൊണ്ട് അന്ന് ഏറെ വാര്‍ത്താ ശ്രദ്ധ നേടിയിരുന്നു. ഒരു മകനും ഈ ബന്ധത്തില്‍ ഇരുവര്‍ക്കുമുണ്ട്. മൂന്നു വര്‍ഷം മുമ്പ് ഇവര്‍ വിവാഹമോചിതരായി.
അടുത്തിടെ അമേയ നായരുമായി ജിഷിന് പങ്കുവച്ച ഫോട്ടോകള്‍ വൈറലായിരുന്നു. ജിഷിന് മോഹനും അമേയ നായരും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് ഏറെ നാളായി പല തരത്തിലുള്ള ഗോസിപ്പുകളും പുറത്തുവന്നിരുന്നു. പ്രണയത്തിലാണെന്ന് പറഞ്ഞവരോട് തങ്ങള്‍ സുഹൃത്തുക്കളാണെന്ന് ജിഷിനും അമേയയും ആവര്‍ത്തിച്ചു പറഞ്ഞു. എന്നാല്‍ ഈ പ്രണയ ദിനത്തില്‍ ഒരു സന്തോഷ വാര്‍ത്ത പങ്കുവച്ച് ജിഷിനും അമേയയും എത്തിയിരുന്നു. ‘‘അതെ വിവാഹ നിശ്ചയം കഴിഞ്ഞു. അവന് യെസ് പറഞ്ഞു, അവളും യെസ് പറഞ്ഞു. എന്‍ഗേജ്മെന്റ് കഴിഞ്ഞു. നിന്റെ കൈകളിലാണ് എന്റെ സന്തോഷം. ഹാപ്പി വാലന്റൈന്‍സ് ഡേ. ഈ പ്രപഞ്ചത്തിന് നന്ദി...’’ എന്നാണ് ഫോട്ടോകള്‍ക്കൊപ്പം അമേയ നായര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. കഴിഞ്ഞ ദിവസം അമേയയും ജിഷിനും പങ്കുവച്ച ഫോട്ടോകളും വൈറലായിരുന്നു. അമേയയുമായുള്ള ബന്ധത്തെ കുറിച്ച് ഗോസിപ്പുകള്‍ വന്നപ്പോള്‍, സൗഹൃദത്തിനപ്പുറമുള്ള ഒരു ആത്മബന്ധം അമേയയുമായി ഉണ്ട് എന്നാണ് ജിഷിന് മോഹന്‍ പറഞ്ഞിട്ടുള്ളത്.
വിവാഹ മോചനത്തിന് ശേഷം ഞാന്‍ കടുത്ത വിഷാദത്തിലേക്ക് പോയി, ലഹരിക്ക് അടിമപ്പെട്ടു. അതെല്ലാം നിര്‍ത്തി ഞാന്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നത് അമേയ കാരണമാണ് എന്നാണ് ജിഷിന് പറഞ്ഞിരുന്നത്. ഞങ്ങള്‍ക്ക് പരസ്പര ധാരണയുണ്ട്, കരുതലുണ്ട്, ബോണ്ടിങ് ഉണ്ട്. പക്ഷേ അത് പ്രണയമല്ല, ഞങ്ങളുടെ ബന്ധം വിവാഹത്തിലേക്കും എത്തില്ല. ഞങ്ങളുടെ ബന്ധത്തെ എന്ത് പേരിട്ട് വിളിച്ചാലും അവിഹിതം എന്ന് പറയരുത് എന്നാണ് നേരത്തെ നല്കിയ ഒരു ഓണ്‍ലൈന്‍ മീഡിയ അഭിമുഖത്തില്‍ ജിഷിന് മോഹന്‍ പറഞ്ഞിരുന്നത്. എന്നാല്‍ അത് സംഭവിച്ചു എന്നതാണ് ആരാധകരുടെ ചോദ്യം.






