
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ഒരു പുന:സംഘടനാ ചര്‍ച്ചകളുടെ ആവശ്യമുണ്ടോയെന്ന വാദഗതികള്‍ കൊഴുക്കുമ്പോള്‍ നിലവിലെ അദ്ധ്യക്ഷന്‍ കെ. സുധാകരനെ മാറ്റുന്നതിനെ അനുകൂലിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്. പാര്‍ട്ടിയെ ഒരുമിച്ച് കൊണ്ടുപോകുന്നയാള് അദ്ധ്യക്ഷനാകണമെന്ന് അദ്ദേഹം പറയുന്നു. അതേസമയം കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളെല്ലാം കെ. സുധാകരനെ അനുകൂലിക്കുന്ന നിലപാടാണ് പ്രഖ്യാപിച്ചത്.
മല്ലികാര്‍ജ്ജുന ഖാര്‍ഗെയ്ക്ക് എഴുതിയ കത്തിലാണ് മുല്ലപ്പള്ളി തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. പ്രതിസന്ധിയുടെ കാലത്ത് എല്ലാവശങ്ങളും ആലോചിച്ച് മാത്രം പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നും എന്നാല്‍ ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനത്തിന് തന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും മുല്ലപ്പള്ളി പറയുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിളിച്ച യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കാനിരിക്കെയാണ് അഭിപ്രായപ്രകടനങ്ങള്‍ വന്നിരിക്കുന്നത്.
അദ്ധ്യക്ഷനെ നിലനിര്‍ത്തിവേണം പുന:സംഘടനയെന്നും പാര്‍ട്ടി എന്തു ചുമതലകള്‍ ഏല്‍പ്പിച്ചാലും ഏറ്റെടുക്കുമെന്നായിരുന്നു മുരളീധരന് വ്യക്തമാക്കിത്. നേരത്തേ വി.ഡി. സതീശനും സുധാകരനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. ഡല്‍ഹിയില്‍ ഹൈക്കമാന്റ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ കേരളത്തില്‍ നേതാക്കള്‍ക്കിടയില്‍ മറ്റേത് കാലത്തേക്കാളും ഐക്യമുണ്ടെന്നായിരുന്നു തിരുവഞ്ചൂര്‍ പ്രതികരിച്ചത്. പാര്‍ട്ടിയെ ഒന്നിച്ച് കൊണ്ടുപോകാന്‍ സാധിക്കുന്ന നേതാവ് നേതൃത്വത്തിലേക്ക് വരണമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായത്തില്‍ അദ്ദേഹത്തിന് അഭിപ്രായം പറയാനുള്ള അധികാരം ഉണ്ടെന്നായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം.
കേരളത്തില്‍ യുഡിഎഫിന് മൂന്നാമതും ഭരണം നഷ്ടപ്പെടാന്‍ പാടില്ലെന്നും അതിനനുസരിച്ച് ഉയര്‍ന്നുനില്‍ക്കാന്‍ പാര്‍ട്ടിക്ക് സാധിക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ അത്യൂജ്വലമായ ഊര്‍ജ്ജം ഉണ്ടാവണം. മൂന്നാമതും ഭരണം നഷ്ടപ്പെടാന്‍ പാടില്ല. അതാണ് ജനത്തിന്റെ പൊതുവികാരം. അതിനനുസരിച്ച് ഉയര്‍ന്നുനില്‍ക്കാന്‍ പാര്‍ട്ടിക്ക് സാധിക്കണമെന്നും പറഞ്ഞു.
എഐസിസി സെക്രട്ടറിമാരും വിവിധ ഏജന്‍സികളും വിലയിരുത്തല്‍ അവതരിപ്പിക്കും. യോഗത്തില്‍ ശശി തരൂര്‍ പങ്കെടുക്കും. യോഗം വിവാദ വിഷയങ്ങളില്‍ കേന്ദ്രീകരിക്കരുതെന്നാണ് ഹൈക്കമാന്റ് നിര്‍ദേശം. മൂപ്പതോളം പേര് യോഗത്തില്‍ പങ്കെടുത്തേക്കും.






