
തിരുവനന്തപുരം: ബിജെപിയെ തോല്‍പ്പിക്കാനുള്ള ശേഷി ഇനി തങ്ങള്‍ക്ക് മാത്രമാണെന്ന് മിണ്ടിയേക്കരുതെന്ന് കോണ്‍ഗ്രസിന് താക്കീതുമായി മുഖ്യമന്ത്രി. ഇല്ലാത്ത ശക്തി ഉണ്ടെന്നു കാട്ടി മതനിരപേക്ഷ വോട്ടുകളെ ഭിന്നിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും പറഞ്ഞു. 'ബിജെപിക്ക് മണ്ണൊരുക്കുന്ന കോണ്‍ഗ്രസ്' എന്ന പേരില്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനമുളളത്.
ബിജെപിയുടെ വിജയങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസിന്റെ ശിഥിലീകരണ തന്ത്രമാണെന്നും ആരോപിച്ചിട്ടുണ്ട്. പലപ്പോഴും ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് കോണ്‍ഗ്രസ്സ് അടിയറവ് പറയുകയാണെന്നും കോണ്‍ഗ്രസിന് മുഖ്യശത്രു ഇടതുപക്ഷമാണെന്നും ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ബിജെപിയുമായി ചേരുന്നതാണ് അവരുടെ നയമെന്നും പറയുന്നു. ബിജെപിയെ എതിര്‍ക്കുന്ന മറ്റ് പ്രതിപക്ഷ പാര്‍ട്ടികളോട് കോണ്‍ഗ്രസ് സ്വീകരിക്കുന്നത് ധാര്‍ഷ്ഠ്യം നിറഞ്ഞ സമീപനമാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ടത്. 2015ലും 2020ലും കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ ഒരു സീറ്റുപോലും ലഭിച്ചില്ലെന്നും എന്നിട്ടും ബിജെപിക്കെതിരെ നില്ക്കുന്ന മുഖ്യശക്തിയായ ആം ആദ്മി പാര്‍ട്ടിയെ തോല്‍പ്പിക്കുന്നത് പ്രധാന ലക്ഷ്യമായി കോണ്‍ഗ്രസ് കണ്ടുവെന്നും വിമര്‍ശിക്കുന്നു.
മതനിരപേക്ഷ പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസിനെ വിശ്വസിക്കാനാകില്ലെന്നും മുസ്ലിം ലീഗ് അടക്കമുള്ള പാര്‍ട്ടികള്‍ അക്കാര്യം ആലോചിക്കേണ്ടതാണെന്നും ലേഖനത്തില്‍ പറയുന്നു. ബിജെപിക്ക് ബദല്‍ ഉയര്‍ത്തുന്നതിന് തടസ്സം കോണ്‍ഗ്രസിന്റെ സമീപനങ്ങളാണെന്നും വിമര്‍ശിച്ചിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിയെ ജയിപ്പിക്കുന്നത് തങ്ങളുടെ ജോലിയല്ലെന്നാണ് ഡല്‍ഹിയി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതെന്നും ബിജെപിയെ ജയിപ്പിക്കുന്നതാണ് ജോലി എന്നതല്ലേ അവര്‍ പറഞ്ഞതിന്റെ മറുവശമെന്നും മുഖ്യമന്ത്രി ചോദിക്കുന്നു.






