
മലയാള സിനിമയില്‍ നിന്നുള്ള കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു മാര്‍ക്കോ ടെലിവിഷനിലേക്കില്ല. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് പ്രദര്‍ശനാനുമതി നിഷേധിച്ചതാണ് കാരണം. യു അല്ലെങ്കില്‍ യു/ എ കാറ്റഗറിയിലേക്ക് മാറ്റാന്‍ പറ്റാത്ത അത്ര വയലന്‍സ് സിനിമയില്‍ ഉണ്ടെന്ന റീജിയണല്‍ എക്സാമിനേഷന് കമ്മറ്റിയുടെ വിലയിരുത്തല്‍ സെന്‍ട്രല്‍ ബോര്‍ഡ് അംഗീകരിച്ചു.
സിനിമയുടെ ലോവര്‍ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സിബിഎഫ്സി നിരസിച്ചു. സീനുകള്‍ വെട്ടിമാറ്റി വേണമെങ്കില്‍ ഇനിയും അപേക്ഷിക്കാമെന്ന് മാത്രം. ഹനീഫ് അദേനി സംവിധാനം ചെയ്ത് ഉണ്ണിമുകുന്ദന് നായകനായ സിനിമ മലയാളത്തില്‍ ഇതുവരെ ഇറങ്ങിയതില്‍വെച്ച് ഏറ്റവും വയലന്‍സ് നിറഞ്ഞ സിനിമ എന്ന വിശേഷണം നേടിയിരുന്നു. 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മാര്‍ക്കോ ബോക്സോഫീസ് ഹിറ്റായിരുന്നു.
ചിത്രത്തിന്റെ ഹിന്ദി പതിപ്പും തെലുങ്ക് പതിപ്പും മികച്ച കളക്ഷനാണ് നേടിയത്. ഒടിടിയിലും ചിത്രം ശ്രദ്ധ നേടിയിരുന്നു. കേരളത്തില്‍ അടുത്തകാലത്തായി ഉണ്ടായ അനേകം കുറ്റകൃത്യങ്ങളില്‍ വയലന്‍സ് സിനിമകളുടെ സ്വാധീനം വിമര്‍ശകര്‍ ഉന്നയിച്ചിരുന്നു. യുവാക്കള്‍ പ്രതികളായ കേസുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും ഇത്തരം സിനിമകള്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് വിമര്‍ശനം ഉയര്‍ന്നിരുന്നു.






