
ദക്ഷിണ കൊറിയയിൽ വ്യോമസേനയുടെ അഭ്യാസ പ്രകടനത്തിനിടെ ബോംബ് വർഷിച്ച് ജെറ്റ് വിമാനം. പരിശീലന പറക്കലിന് ഇടയില്‍ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. ബോംബ് സ്ഫോടനത്തിൽ നിരവധി ഗ്രാമീണർക്ക് പരിക്കേറ്റതായാണ് വിവരം. എംകെ 82 ജനറൽ പർപസ് ബോംബുകളാണ് ഫൈറ്റർ വിമാനത്തിൽ നിന്ന് അബദ്ധത്തിൽ വർഷിക്കപ്പെട്ടത്. ദക്ഷിണ കൊറിയയുടെ കെ എഫ് 16 വിമാനത്തിൽ നിന്നാണ് ബോംബ് വർഷമുണ്ടായത്.
ഫയറിംഗ് റേഞ്ചിന് പുറംമേഖലയിൽ ബോംബ് വർഷിച്ച സംഭവത്തിൽ ദക്ഷിണകൊറിയൻ വ്യോമ സേന ക്ഷമാപണം നടത്തിയിട്ടുണ്ട്. സാധാരണക്കാർക്ക് അപകടമുണ്ടായ സംഭവത്തിൽ ക്ഷമാപണം നടത്തുന്നതായും പരിക്ക് പറ്റിയവർ ഉടൻ രോഗമുക്തി നേടട്ടെയെന്നുമാണ് വ്യോമസേനയുടെ പ്രതികരണം. ബോംബ് വർഷത്തിൽ നാല് പേർക്ക് ഗുരുതര പരിക്കാണ് സംഭവിച്ചിട്ടുള്ളത്. ഉത്തര കൊറിയൻ അതിർത്തിയിൽ നിന്ന് 25 കിലോമീറ്റർ മാത്രം അകലെയുള്ള പോച്ചിയോണിലാണ് ദക്ഷിണ കൊറിയയുടെ വ്യോമ സേന തന്നെ ബോംബ് വർഷിച്ചത്.
സംഭവത്തിൽ ദക്ഷിണ കൊറിയ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സയും നഷ്ടപരിഹാരവും ഉൾപ്പെടെയുള്ളവ ഉടൻ പ്രഖ്യാപിക്കുമെന്നും ദക്ഷിണ കൊറിയ വിശദമാക്കി. വ്യോമ സേനയും കരസേനയും സംയുക്തമായി നടത്തുന്ന ലൈവ് ഫയർ പരിശീലനത്തിനിടയിലാണ് അബദ്ധത്തിൽ ബോംബ് വർഷമുണ്ടായത്. മേഖലയിലെ പള്ളിയും നിരവധി വീടുകളും ബോംബ് വീണ് തകർന്നിട്ടുണ്ട്.






