
തെലങ്കാന നാഗര്‍കുര്‍ണൂലിലെ ടണലില്‍ അകപ്പെട്ട തൊഴിലാളികള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനത്തിന് കേരള പൊലീസിന്റെ കഡാവര്‍ നായ്ക്കളും പങ്കാളികളാകും. രക്ഷാപ്രവര്‍ത്തനത്തിനായി കേരള പൊലീസിന്റെ രണ്ട് കഡാവര്‍ ഡോഗുകളെ അയച്ചു. രണ്ട് പൊലീസ് നായകളും അവയെ കൈകാര്യം ചെയ്യുന്ന ജീവനക്കാരും ഹൈദരാബാദിലെത്തി. ദേശീയ ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടതനുസരിച്ചാണ് പൊലീസിന്റെ കഡാവര്‍ നായ്ക്കളെ വിട്ടുകൊടുത്തത്.
നേരത്തെ ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലുണ്ടായപ്പോള്‍ ദൗത്യ സംഘത്തിനൊപ്പം ഉണ്ടായിരുന്ന റാറ്റ് മൈനേഴ്സും നാഗര്‍കുര്‍ണൂലിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടുണ്ട്. അത്യധുനിക എന്‍ഡോസ്കോപ്പിക്, റോബോട്ടിക് ക്യാമറകള്‍ ഉപയോഗിച്ച് കുടുങ്ങിക്കിടക്കുന്നവരെ ട്രാക്ക് ചെയ്യാനുള്ള ശ്രമവും നടത്തിയിരുന്നു.
തുരങ്കത്തിനുള്ളില്‍ ഏകദേശം 14 കിലോമീറ്റര്‍ അകലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ എട്ട് പേരുടെ കുടുംബാംഗങ്ങളുടെ വേദനാജനകമായ കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്. കര - നാവിക - ദുരന്ത നിവാരണ സേനകള്‍ക്കൊപ്പം 11 ഏജന്‍സികള്‍ കൈകോര്‍ത്താണ് കുടുങ്ങികിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള പദ്ധതിക്ക് അന്തിമ രൂപം നല്‍കിയത്.






