
കൊല്ലം: വിപ്ലവ പാര്‍ട്ടിയുടെ അമരത്തുനിന്നു കേരള രാഷ്ട്രീയത്തില്‍ തനതായ വ്യക്തിത്വം സ്ഥാപിച്ച കേരള 'ഫിഡല്‍ കാസ്ട്രോ' വി.എസ്. അച്യുതാനന്ദനെ കൊല്ലത്തു നടക്കുന്ന സി.പി.എം. സംസ്ഥാന സമ്മേളനം വിസ്മരിച്ചു. അനാരോഗ്യം മൂലം വിശ്രമത്തില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിയായ അദ്ദേഹത്തിന്റെ സാന്നിധ്യമില്ലാതെ വീണ്ടുമൊരു സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ ഓര്‍മിക്കാന്‍ പോലും പാര്‍ട്ടി മറന്നു.
നൂറ്റാണ്ടു പിന്നിട്ട അദ്ദേഹത്തിന്റെ സമര ജീവിത രാഷ്ട്രീയ പോരാട്ടത്തിന്റെ അടയാളപ്പെടുത്തലുകളൊന്നും സമ്മേളന നഗരിയിലില്ല. പാതയോരങ്ങളില്‍ ചിത്രങ്ങളായി നിറഞ്ഞതാകട്ടെ പിണറായി വിജയന്, എം.എ.ബേബി, അന്തരിച്ച മുന്‍ മുഖ്യമന്ത്രിമാരായ ഇ.എം.എസ്, ഇ.കെ.നായനാര്‍, മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തുടങ്ങിയവര്‍. സമ്മേളന യോഗങ്ങളില്‍ ഒന്നും അദ്ദേഹത്തെക്കുറിച്ച് ഒരു വാക്ക് പോലും ഉയര്‍ന്ന് കേട്ടില്ല. കേരളത്തിലെ 'ഫിഡല്‍ കാസ്ട്രോ'യെന്ന പദവി അദ്ദേഹത്തിന് നല്‍കിയത് വിശ്വസ്തനായ സീതാറാം യെച്ചൂരിയായിരുന്നു.
കേരളത്തില്‍ അങ്ങോളമിങ്ങോളം ഓടിനടന്ന് ഇടതുമുന്നണിക്ക് വേണ്ടി വോട്ട് പിടിക്കുകയും മുഖ്യമന്ത്രിയാവുമെന്ന പ്രതീക്ഷ ജനങ്ങള്‍ക്കു നല്‍കുകയും ചെയ്ത അദ്ദേഹം പൊടുന്നനെ പ്രായാധിക്യത്താല്‍ കേരള കാസ്ട്രോയായത് വിധി വൈപരീത്യവുമായിരുന്നു.
1980 മുതല്‍ 1992വരെ സംസ്ഥാന സെക്രട്ടറി പദത്തിലിരുന്നു സി.പി.എമ്മിനെ നയിച്ച വി.എസ്. പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷമാകുന്നതിനു മുമ്പ് പാര്‍ട്ടിയിലെ അവസാന വാക്കായിരുന്നു. എന്നിട്ടും എന്തേ പാര്‍ട്ടി അദ്ദേഹത്തെ മാത്രം ഓര്‍മിക്കുന്നില്ല. ഒരുകാലത്ത് അദ്ദേഹത്തിനൊപ്പം നിന്നവര്‍ പോലും സ്മരണയില്ലാത്തവരായി.






