
ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ 15 അടി ഉയരമുള്ള ഉദ്ഘാടന വേദിയിൽനിന്നു വീണ് ഉമ തോമസ് എംഎല്‍എ ഗുരുതര പരിക്ക് പറ്റിയത് കേട്ടവര്‍ക്കെല്ലാം ഞെട്ടലുണ്ടാക്കിയ ഒരു വാര്‍ത്തയായിരുന്നു. തലയ്ക്കും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ഉമ തോമസ് അതില്‍ നിന്നൊക്കെ പതിയെ കരകയറി വീട്ടില്‍ വിശ്രമത്തിലാണിപ്പോള്‍.
ഇപ്പോഴിതാ അപകടത്തെ തുടർന്ന് വിശ്രമിക്കുന്ന തന്നെ മഞ്ജു വാര്യർ വീട്ടിൽ എത്തി സന്ദർശിച്ച സന്തോഷം പങ്കിടുകയാണ് ഉമ തോമസ് എംഎല്‍എ. ജീവിതം ഒരു നിമിഷം കൊണ്ടു മാറ്റിമറിക്കുമെന്ന തിരിച്ചറിവിലും, അതിനെ അതിജീവിക്കാനുള്ള കരുത്തിലും ഒരുപാട് മനുഷ്യരെ കാണുമ്പോൾ മനസ്സ് നിറയുമെന്നും മഞ്ജു ഇന്ന് തന്നെ കാണാൻ എത്തിയത് അത്രയും മനോഹരമായ ഒരു അനുഭവമായിരുന്നെന്നും കുറിക്കുകയാണ് ഉമ തോമസ്.
‘‘അപ്രതീക്ഷിതമായൊരു ദുരന്തം ഏറ്റുവാങ്ങിയ ഈ ദിവസങ്ങളിൽ, നിങ്ങളുടെ പ്രാർത്ഥനകളും സ്നേഹവും ആശംസകളും ആയിരുന്നു എനിക്ക് ഏറ്റവും വലിയ കരുത്ത്...
ജീവിതം ഒരു നിമിഷം കൊണ്ടു മാറ്റിമറിക്കുമെന്ന തിരിച്ചറിവിലും, അതിനെ അതിജീവിക്കാനുള്ള കരുത്തിലും ഒരുപാട് മനുഷ്യരെ കാണുമ്പോൾ മനസ്സ് നിറയും.... മഞ്ജു ഇന്ന് എന്നെ കാണാൻ എത്തിയത് അത്രയും മനോഹരമായ ഒരു അനുഭവമായിരുന്നു...
ആശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോൾ, മഞ്ജു നിരന്തരം വിളിച്ച് എന്റെ മക്കളോടും സ്റ്റാഫിനോടും വിവരങ്ങൾ ചോദിച്ചറിയാറുണ്ടായിരുന്നു..
ജീവിതം ഓരോ പരീക്ഷണങ്ങൾ നമ്മുക്ക് മുന്നിൽ കൊണ്ടുവരുമ്പോഴും, പരസ്പരം കരുതുന്ന നല്ല മനസുകൾ ഉണ്ടെങ്കിൽ അതിജീവിക്കാൻ എളുപ്പമാകും..
മഞ്ജുവിന്റെ ഈ സന്ദർശനം എന്റെ ഹൃദയത്തിൽ ഒരിക്കലും മായാത്ത ഒരു ഓർമയായുണ്ടാകും..
ഈ സ്നേഹത്തിനും കരുതലിനും ഹൃദയത്തിൽ നിന്ന് നന്ദി...’’ എന്നാണ് മഞ്ജുവിനൊപ്പമുള്ള ചിത്രത്തിന്റെ കൂടെ ഉമ തോമസ് കുറിച്ചത്. മഞ്ജു തന്നെ ചേര്‍ത്തു പിടിച്ചിരിക്കുന്ന ചിത്രമാണ് ഉമ തോമസ് പങ്കിട്ടിരിക്കുന്നത്.
ചിത്രത്തിനു താഴെ നിരവധി പേര് ആശംസകള്‍ പ്രാര്‍ത്ഥനകളും കുറിച്ച് കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘‘നല്ല മനസ്സിൽ നല്ലതേ വരൂ. ഉമേച്ചിക്ക് ഇതൊരു പരീക്ഷണ ഘട്ടം ആയിരുന്നു. ഇനിയുള്ള നാളുകൾ നല്ലതിനുള്ളതാണ്. ഭാവുകങ്ങൾ..., പി.ടിക്ക് നൽകിയ അതേ സ്നേഹവും ബഹുമാനവും പി.ടി.യുടെ പ്രിയപത്നിക്കും നൽകുന്നതു കാണുമ്പോൾ വളരെ സന്തോഷം. ഷൂട്ടിംഗ് തിരക്കുകൾക്ക് ഇടയിലും നമ്മുടെ പ്രിയപ്പെട്ട ഉമ ചേച്ചിയെ കാണാനും , ആശുപത്രിയിൽ ആയിരുന്നപ്പോൾ മക്കളോട് വിവരങ്ങൾ തിരക്കാനും കാണിച്ച നല്ല മനസ്സിന് നന്ദി...’’ എന്നതടക്കമാണ് കമന്റുകള്‍.






