
കൊച്ചി: തനിക്കു സ്വര്‍ഗത്തില്‍ പോകണമെന്നും യേശുവിനെ കാണണമെന്നും സി.പി.എം. മുന്‍ നേതാവ് എം.എം. ലോറന്‍സ് പറയുന്ന ശബ്ദരേഖ മക്കളായ സുജാത ലോറന്‍സും ആശാ ലോറന്‍സും പുറത്തുവിട്ടു. ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജില്‍നിന്നു വിട്ടുകിട്ടണമെന്നും മതാചാരപ്രകാരം പള്ളിയില്‍ സംസ്കരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഇക്കാര്യം ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഇരുവരും പത്രസമ്മേളനത്തില്‍ അറിയിച്ചു. മതാചാരപ്രകാരം സംസ്കരിക്കണമെന്ന് എം.എം. ലോറന്‍സ് ആശുപത്രിക്കിടക്കയില്‍വച്ചു പറഞ്ഞതായി അവകാശപ്പെട്ടു വീഡിയോ ശബ്ദരേഖയാണ് പുറത്തുവിട്ടിരിക്കുന്നത്. 'എനിക്ക് സ്വര്‍ഗത്തില്‍ പോകണം, യേശുവിനെ കാണണം, സുജ പറയുന്ന സ്ഥലത്ത് എന്നെ അടക്കം ചെയ്യണം, ഇതില്‍ ഒരു മാറ്റവും വരുത്തരുത്'- എന്നാണു ശബ്ദരേഖയിലുള്ളത്. 2022 ഫെബ്രുവരി 25ന് ആശുപത്രിയില്‍ കിടക്കുമ്പോള്‍ സുജാതയോടു പറഞ്ഞതാണ് ഇക്കാര്യമെന്നും ഇവരും വ്യക്തമാക്കി. എം.എം. ലോറന്‍സിന്റെ ശബ്ദംമാത്രം അടങ്ങുന്നതാണ് വീഡിയോ.
ലോറന്‍സിന്റെ മുഖം വീഡിയോയില്‍ ഇല്ല. ഇതേ ആവശ്യം ഉന്നയിച്ച് ഇവര്‍ മുമ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. ഇതിനുശേഷം ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെയും സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും അനുകൂല വിധികള്‍ ലഭിച്ചിരുന്നില്ല.
കഴിഞ്ഞ സെപ്റ്റംബര്‍ 21നാണ് എം.എം. ലോറന്‍സ് അന്തരിച്ചത്. മരണശേഷം ലോറന്‍സിന്റെ മകന് സജീവന് പിതാവിന്റെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു പഠിക്കാന്‍ നല്‍കണമെന്ന് ആവശ്യപ്പെടുകയും ഇതിനായി കോടതിയില്‍ രണ്ടു സാക്ഷികളെ ഹാജരാക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം മെഡിക്കല്‍ കോളജിനു കൈമാറാന്‍ കോടതി ഉത്തരവിട്ടത്.






