
റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തി പിന്നീട് സഹനായിക വേഷങ്ങളില്‍ തിളങ്ങി നായികനിരയിലേക്ക് ഉയര്‍ന്ന താരമാണ് വിന്‍സി അലോഷ്യസ്. കരുത്തുറ്റ ഒരുപാട് സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സിലിടം നേടാന്‍ വിന്‍സിക്ക് കഴിഞ്ഞിട്ടുണ്ട്. കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചാണ് വിന്‍സി പലപ്പോഴും കൈയടി നേടിയിട്ടുള്ളത്.
വിന്‍സിക്ക് ഏറെ പ്രശംസ നേടിക്കൊടുത്ത ചിത്രമാണ് ജിതിന് ഐസക് തോമസിന്റെ സംവിധാനത്തില്‍ വിൻസി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായ രേഖ. ചിത്രത്തിലെ വിൻസിയുടെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം താരത്തെ തേടിയെത്തി.
ഇപ്പോഴിതാ തനിക്ക് രേഖ എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ ആ കഥാപാത്രത്തെ ചിലയിടങ്ങളില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്ന് പറയുകയാണ് വിന്‍സി. ‘രേഖ’ എന്ന ചിത്രത്തില്‍ അച്ഛൻ മരിച്ചതറിഞ്ഞിട്ടും എന്തുകൊണ്ട് ആ കഥാപാത്രം കരയുന്നില്ല എന്നത് തനിക്ക് ഒരുപാട് ആശയക്കുഴപ്പമുണ്ടാക്കിയ കാര്യമായിരുന്നുവെന്ന് താരം പറയുന്നു. ചിത്രത്തില്‍ രേഖ എന്ന കഥാപാത്രം എന്തുകൊണ്ട് കരയുന്നില്ലെന്നത് തനിക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ലെന്നും സംവിധായകൻ ജിതിനാണ് തന്നെ അതിന് വേണ്ടി സാഹായിച്ചിരുന്നതെന്നും വിൻസി പറയുന്നു. രേഖയുടെ ചിത്രീകരണ സമയത്ത് മാനസികമായും ശാരീരികമായും ബുദ്ധിമുട്ട് അനുഭവിച്ചിരുന്നുവെന്നും ഒരു യൂട്യൂബ് ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
‘‘എനിക്ക് തുടക്ക കാലത്ത് തന്നെ ഉണ്ടായിരുന്ന ഒരു കണ്‍ഫ്യൂഷനാണ് ‘‘. ഞാൻ അത് ചോദിച്ചിട്ടുമുണ്ട്. എന്തുകൊണ്ടാണ് ഈ കഥാപാത്രം കരയാത്തത് എന്ന്. ഞാനൊക്കെയാണെങ്കില്‍ ഇത്തരമൊരു സാഹചര്യത്തില്‍ എങ്കില്‍ കരഞ്ഞ് അലമ്പാക്കിയിട്ടുണ്ടാവും. പക്ഷേ സംവിധായകൻ ജിതിൻ പറഞ്ഞു എന്റെ കഥാപാത്രം കരയണ്ട എന്ന്. എനിക്ക് ഒരു തരത്തിലും എന്തുകൊണ്ട് ആ കഥാപാത്രം കരയണ്ട എന്നുള്ളത് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. അത് തീരെ മനസ്സിലാക്കാൻ പറ്റിയിട്ടുണ്ടായിരുന്നില്ല എനിക്ക്.
രേഖയുടെ ഉള്ളില്‍ എന്തൊക്കെയോ ഉണ്ട് എന്നുള്ളത് മനസ്സിലാക്കിയെടുക്കാൻ എനിക്ക് ജിതിൻ വേണ്ടി വന്നു. അത്രമാത്രം ജിതിൻ എന്നോട് ആ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കി തരേണ്ടി വന്നു. മാനസികമായും ശാരീരികമായും ബുദ്ധിമുട്ടായിരുന്നു എനിക്ക് രേഖയുടെ ഷൂട്ട്. കുറേ കരഞ്ഞിട്ടുണ്ട് ഞാൻ. ജിതിനോട് എനിക്ക് ഇത്രയും പ്രഷർ തരരുതേ എന്നു ഞാൻ പറഞ്ഞിട്ടുണ്ട്.
കാരണം, എനിക്ക് ആ കഥാപാത്രത്തെ മനസ്സിലാക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. കഥാപാത്രത്തെ മനസ്സിലായാല്‍ മാത്രമല്ലേ അഭിനയം കുറച്ചു കൂടി എളുപ്പമാവുകയുള്ളൂ. ഞാൻ മനസ്സിലാക്കുന്നത് മറ്റേതോ രീതിയിലാണ്. പക്ഷേ കൃത്യമായി എന്നെ ഡയറക്ട് ചെയ്യാൻ ഒരു സംവിധായകൻ ഉണ്ടായി എന്നുള്ളത് കൊണ്ട് മാത്രമാണ് എനിക്ക് എനിക്ക് അത് നല്ല രീതിയില്‍ അഭിനയിക്കാൻ സാധിച്ചത്. എന്റെ കൈയിലേക്ക് ആ കഥാപാത്രത്തെ ഏല്‍പ്പിച്ചിരുന്നെങ്കില്‍ ഞാൻ അത് ഓവർ ആക്കി ചളമാക്കിയേനെ...’’ വിന്‍സി പറയുന്നു.






