
കട്ടപ്പന: ഒരു പതിറ്റാണ്ടിലേറെയായി ഇടുക്കി പരുന്തുംപാറയില്‍ സര്‍ക്കാര്‍ ഭൂമി അടക്കം കൈയേറി നടത്തിയ അനധികൃത ഭൂമി ഇടപാടുകള്‍ പുറത്തു വന്നതിനു പിന്നില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ ചേരിപ്പോര്. നിലവില്‍ വിവാദമായ ചങ്ങനാശേരി സ്വദേശി സജിത് ജോസഫിന്റേതടക്കം നിരവധി നിര്‍മാണങ്ങളാണ് പരുന്തുംപാറ മേഖലയില്‍ നടന്നു വരുന്നത്. മഞ്ചുല, പീരുമേട് വില്ലേജുകളുടെ പരിധിയില്‍ വരുന്ന ഭൂമിയിലാണു പത്തു വര്‍ഷത്തോളമായി വ്യാപകമായ ഭൂമി കൈയേറ്റവും വന്‍കിട നിര്‍മാണങ്ങളും നടന്നു വരുന്നത്.
വില്ലേജ്, പഞ്ചായത്ത്, താലൂക്ക് തുടങ്ങിയ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരില്‍ ചിലരും ഭരണ- പ്രതിപക്ഷ കക്ഷികളിലെ രാഷ്ട്രീയക്കാരുമടങ്ങിയ റിയല്‍ എസ്റ്റേറ്റ് മാഫിയകളാണ് ഭൂമി ഇടപാടുകള്‍ക്കു പിന്നില്‍. ഇടുക്കി ജില്ലാ കലക്ടര്‍ വി. വിഘ്നേശ്വരി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തി.
സജിത് ജോസഫിന്റെ ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട് റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൈയേറ്റ വിവരം പുറത്തു വരാന്‍ കാരണമായത്. മൂന്ന് വര്‍ഷത്തോളമായി നടന്ന നിര്‍മാണത്തിന്റെ വിവരങ്ങള്‍ നിര്‍മാണം പൂര്‍ത്തിയായ ഘട്ടത്തില്‍ മാത്രമാണ് പുറംലോകം അറിഞ്ഞത്. ഇക്കാലമത്രയും വിവരം പുറത്തു വരാതിരിക്കാന്‍ സംഘം നീക്കം നടത്തിയിരുന്നു.
പത്ത് വര്‍ഷം മുമ്പ് വിവിധ പദ്ധതികളില്‍പെടുത്തി പരുന്തുംപാറയെ വിനോദ സഞ്ചാര കേന്ദ്രമാക്കിയതു മുതലാണ് ഈ മാഫിയകളുടെ കൈയേറ്റം തുടങ്ങിയത്. ഇതിനു മുമ്പേ പ്രദേശത്തെ തദ്ദേശീയരില്‍ നിന്നും ലോബികള്‍ ഭൂമി വാങ്ങിത്തുടങ്ങിയിരുന്നു. നിലവില്‍ പ്രദേശത്ത് കൃഷിക്കായി പട്ടയം കിട്ടിയ പലര്‍ക്കും ഇപ്പോള്‍ കൈവശത്തിലിരിക്കുന്ന ഭൂമിയുടെ പേരിലല്ല പട്ടയം ലഭിച്ചിരിക്കുന്നത്. രേകഖളില്‍ കൃത്രിമം കാട്ടിയും വ്യാജ രേഖകള്‍ ചമച്ചും ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വങ്ങളും അറിഞ്ഞു കൊണ്ട് വ്യാജ പട്ടയങ്ങള്‍ ചമച്ചുമാണ് ഭൂമി കൈവശപ്പെടുത്തിയത്.
തുടര്‍ന്ന് ഇത് വന്‍കിടക്കാര്‍ക്ക് മറിച്ചു വില്‍ക്കുകയായിരുന്നു. ഒരു സര്‍വേ നമ്പരില്‍ മാത്രം നൂറിലേറെ വ്യാജ പട്ടയങ്ങളുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് വരെ പങ്കുള്ളതിനാല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട അന്വേഷണം ഏവിടെ വരെ നീളുമെന്ന ആശങ്കയും ഉദ്യോഗസ്ഥര്‍ക്കുണ്ട്. നിലവില്‍ അന്വേഷണം മരവിപ്പിക്കാന്‍ സര്‍ക്കാരില്‍ വലിയ സമ്മര്‍ദമുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. കൈയേറ്റ ഭൂമിയിലെ സമരങ്ങള്‍ അനുനയിപ്പിക്കാനും ഉന്നത കേന്ദ്രങ്ങളില്‍ നിന്നും ഇടപെടലുകളുണ്ട്. അതേസമയം ഇന്നലെയും പ്രത്യേക സംഘം പ്രദേശത്ത് സര്‍വേ നടപടികള്‍ തുടര്‍ന്നു.






