തിരുവനന്തപുരം: സിനിമ എന്ന തൊഴിലിടം കൂടുതല്‍ സുരക്ഷിതമാക്കാന്‍ ഈ മേഖലയിലെ സ്ത്രീ സാന്നിധ്യം വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന് പറഞ്ഞു. വനിതകള്‍ക്ക് സിനിമാ സാങ്കേതിക രംഗത്ത് തൊഴില്‍ പരിശീലനം നല്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടമായ പ്രായോഗിക പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സ്ത്രീ പ്രതിനിധ്യം കുറഞ്ഞ മേഖലകളില്‍ അത് വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തി വരുകയാണ്. സ്ത്രീകള്‍ കടന്നു വരുമ്പോള്‍ ഏത് തൊഴിലന്തരീക്ഷവും മാറുമെന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം ഗുരു ഗോപിനാഥ് നടനഗ്രാമത്തില്‍ ഏപ്രില്‍ രണ്ടു മുതല്‍ ആറുവരെ നടക്കുന്ന പ്രായോഗിക പരിശീലന ശില്പശാലയുടെ ഉദ്ഘാടന ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു.സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, സാംസ്കാരിക പ്രവര്‍ത്തകക്ഷേമനിധി ബോര്‍ഡ് ചെയര്മാന് മധുപാല്‍, ഫെഫ്ക വര്‍ക്കിംഗ് സെക്രട്ടറി സോഹന്‍ സീനുലാല്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്, ഗുരു ഗോപിനാഥ് നടനഗ്രാമം സെക്രട്ടറി ശബ്ന ശശിധരന്, ക്യാമ്പ് ഡയറക്ടര്‍ കുക്കു പരമേശ്വരന് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് അഡ്വ.ജെ. സന്ധ്യ തൊഴിലിടത്തിലെ നിയമ പരിരക്ഷയുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസ് നടത്തി. മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.






Comments