
തിരുവനന്തപുരം: ഹൃദയധമനികളുടെ ഉള്‍ഭാഗത്ത് കൊഴുപ്പ് അടിഞ്ഞു രക്തചംക്രമണത്തിനു തടസം നേരിട്ട എട്ടു രോഗികള്‍ക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നൂതന ആന്‍ജിയോപ്ലാസ്റ്റിയിലൂടെ രോഗമുക്തിയേകി.
ഐ വി യു എസ് എന്‍ ഐ ആര് എസ് ( ഇന്‍ട്രാ വാസ്കുലാര്‍ അള്‍ട്രാസൗണ്ട് നീയര് ഇന്‍ഫ്രാറെഡ് സ്പെക്രേ്ടാസ്കോപ്പി) എന്ന നൂതന സാങ്കേതിക വിദ്യയിലൂടെ തടസങ്ങള്‍ കണ്ടുപിടിച്ചാണ് ചികിത്സ നല്‍കിയത്. ഹൃദയധമനികളുടെ ഉള്‍ഭാഗത്തു കൊഴുപ്പു അടിഞ്ഞു കൂടി വരുന്ന തടസങ്ങളാണ് ( അതെറോസ്ക്ളിറോട്ടിക് പ്ലാക്) നൂതന മാര്‍ഗത്തിലൂടെ കണ്ടെത്തി ചികിത്സ നല്‍കിയത്. സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായാണ് ഈ ചികിത്സാരീതി അവലംബിക്കുന്നത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് ഇത്രയും രോഗികള്‍ക്ക് നൂതന ചികിത്സാ രീതിയിലൂടെ ചികിത്സ ലഭ്യമാക്കിയത്.
കാര്‍ഡിയോളജി വിഭാഗത്തില്‍ ഇന്‍ട്രാ വാസ്കുലാര്‍ അള്‍ട്രാസൗണ്ട് നീയര് ഇന്‍ഫ്രാറെഡ് സ്പെക്രേ്ടാസ്കോപ്പിയിലൂടെയുള്ള നൂതന ആന്ജിയോപ്ലാസ്റ്റിയുടെ ഒരു ശില്പശാല സംഘടിപ്പിച്ചിരുന്നു. ഇതോടനുബന്ധിച്ച് ഹൃദയ ധമനിയില്‍ തടസം നേരിടുന്ന എട്ടു രോഗികളില്‍ ഈ സംവിധാനം ഉപയോഗിച്ച് രക്തക്കുഴലിലെ തടസം കണ്ടുപിടിക്കുകയും അവയിലെ കൊഴുപ്പു ശതമാനം നിശ്ചയിക്കുകയും ചെയ്തു. തുടര്‍ന്ന് ബലൂണ്‍, സെ്റ്റന്റ് തുടങ്ങിയവ ഉപയോഗിച്ച് തടസം നീക്കം ചെയ്തു. സാധാരണയായി ഒരു കത്തീറ്ററിനു 1.20 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. എന്നാല്‍ ഒരു സ്വകാര്യ കമ്പനി വിദ്യാഭ്യാസ പരിശീലനത്തിനായി ള്ളവു നല്കിയതു കൊണ്ട് 30000 രൂപയ്ക്കു ലഭ്യമായി. സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലും മെഡിസെപ്പിലുമായി ശാസ്ത്രക്രിയകളുടെ മറ്റു ചെലവുകള്‍ വഹിക്കപ്പെട്ടു. ശില്പശാലയ്ക്കു ഹൃദ്രോഗ വിഭാഗം മേധാവി ഡോ കെ ശിവപ്രസാദ്, പ്ര?ഫസര്മാരായ ഡോ മാത്യു ഐപ്പ്, ഡോ സിബു മാത്യു, ഡോ സുരേഷ് മാധവന്, ഡോ പ്രവീണ്‍ വേലപ്പന് എന്നിവര്‍ നേതൃത്വം വഹിച്ചു. അസിസ്റ്റന്റ് പ്ര?ഫസര്മാരായ ഡോ അഞ്ജന, ഡോ ലക്ഷ്മി, ഡോ പ്രിയ, ഡോ ലൈസ് മുഹമ്മദ്, ഡോ ബിജേഷ്, ടെക്നീഷ്യന്മാരായ പ്രജീഷ്, കിഷോര്‍, അസിം, നേഹ, അമല്‍, നഴ്സിംഗ് ഓഫീസര്‍മാരായ സൂസന്, വിജി, രാജലക്ഷ്മി, ജാന്‍സി, ആനന്ദ്, കവിത, പ്രിയ, സബ്ജക്ട് സ്പെഷ്യലിസ്റ്റുമാരായ മരിയ, സിബിന്, ജിത്തു, മിഥുന് എന്നിവര്‍ ശസ്ത്രക്രിയകളില്‍ പങ്കാളികളായി. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ ബി എസ് സുനില്‍കുമാര്‍ ശസ്ത്രക്രിയകള്‍ക്ക് പൂര്‍ണ പിന്തുണ നല്കി. തീവ്ര പരിചരണ വിഭാഗത്തില്‍ ഉള്ള രോഗികള്‍ എല്ലാവരും സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

