
ന്യൂഡല്‍ഹി: കശ്മീരില്‍ നിന്നും ബീഹാറിലേക്ക് പോകുന്നതിനിടയില്‍ സിആര്‍പിഎഫിലെ 59 കമാന്‍ഡോകള്‍ ഉന്നതോദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചു വീട്ടിലേക്ക് മുങ്ങിയതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ പാരാമിലിറ്ററി ഫോഴ്സില്‍ പുതിയതായി നിയോഗിതരായ 600 പേരില്‍ പെടുന്നവരാണ് ഇവര്‍. സംഭവത്തില്‍ അന്വേഷണം തുടങ്ങി.
പരിശീലനം പൂര്‍ത്തിയാക്കിയ ഇവരെ ബീഹാറിലെ നക്സല്‍ബാധിത പ്രദേശങ്ങളില്‍ നിയോഗിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ശ്രീനഗറില്‍ അഞ്ചു ദിവസത്തെ പ്രാഥമിക പരിശീലനം നടത്തിയ ശേഷം ബീഹാറിലെ ഹെഡ് ക്വാര്‍ട്ടേഴ്സിലേക്ക് മടങ്ങുന്നതിനിടയില്‍ ആരോടും പറയാതെ മുഗല്സാരി റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇവരെ കാണാതാകുകയായിരുന്നു. സംഘം സഞ്ചരിച്ച ട്രെയിനില്‍ ഇവരില്ലെന്നതോ രക്ഷപ്പെട്ടെന്നോ ഉള്ള വിവരം മേലധികാരിളെ അറിയിക്കുകയോ ചെയ്തില്ല.
സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടതായി സിആര്‍പിഎഫ് ഡയറക്ടര്‍ കെ ദുര്‍ഗാപ്രസാദ് വ്യക്തമാക്കി. ബീഹാറില്‍ ഫെബ്രുവരി 7 ന് മുമ്പായി എത്തിച്ചേരേണ്ടതുള്ളതിനാല് ജമ്മു കശ്മീരില്‍ നിന്നും നേരത്തേ തന്നെ കമാന്റോകള്‍ പുറപ്പെട്ടതായി പ്രസാദ് പറയുന്നു. അതേസമയം ഇതിനെ ഒളിച്ചോട്ടം എന്ന് വിളിക്കാന്‍ കഴിയില്ലെന്നും ഒരു പക്ഷേ സീനിയേഴ്സിനെ അറിയിച്ചിരിക്കാം എന്നും പറയുന്നു.
ഫോഴ്സും സമാനഗതിയിലുള്ള ഒരു റിപ്പോര്‍ട്ടാണ് നല്‍കുന്നത്. ശ്രീനഗറിലെ ആര്‍ടിസി യില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിവര്‍ ജമ്മുവില്‍ നിന്നും ഗയയില്‍ എത്തേണ്ടത് ഫെബ്രുവരി 5 നാണ്. ഇതിനായി സീല്‍ദായില്‍ റിസര്‍വേഷന്‍ ചെയ്യുകയുമുണ്ടായി. എന്നാല്‍ കാലാവസ്ഥ മോശമായി ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തില്‍ ഫെബ്രുവരി രണ്ടിന് പുലര്‍ച്ചെ യാത്രതിരിക്കാന്‍ വേണ്ടി ഫെബ്രുവരി 1 ന് ഇവരെ ജമ്മുവിലേക്ക് വിട്ടു.
നേരത്തേ ഷെഡ്യൂള്‍ ചെയ്ത പരിപാടിയില്‍ മാറ്റം വന്നതിനാല്‍ ഇവര്‍ ശനിയാഴ്ചയും ഞായറാഴ്ചയും വീട്ടുകാരെ സന്ദര്‍ശിക്കാന്‍ പോയിരിക്കാം. എന്നാല്‍ ഇവര്‍ ചെയ്തത് ചട്ട ലംഘനം തന്നെയാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം നക്സല്‍ വിരുദ്ധ ഓപ്പറേഷന് നിയോഗിതരായ കമാന്റോകള്‍ ഗയയിലെ 205 കോബ്രാ യൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ഉന്നതോദ്യോഗസ്ഥര്‍ പറയുന്നത്. 600 പേരുടെ ബാച്ചാണ് ജമ്മു കശ്മീരില്‍ പരിശീലനം നേടിയത്.






