
ചെന്നൈ: കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന തമിഴ്രാഷ്ട്രീയത്തില്‍ എംഎല്‍എ മാരുടെ പിന്തുണ വ്യക്തമാക്കിയതിന് പിന്നാലെ ശശികലയുടെ നീക്കങ്ങളെ പ്രതിരോധിച്ച് പനീര്‍ശെല്‍വം വീണ്ടും. ശശികല കേന്ദ്രമാക്കി മാറ്റിയിരിക്കുന്ന ഔദ്യോഗിക വസതിയായ പോയസ് ഗാര്‍ഡനെ ജയലളിത സ്മാരകമാക്കാന് നീക്കം. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജി പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച പനീര്‍ശെല്‍വം ശശികലയെ പൂട്ടാനുള്ള അടുത്ത തന്ത്രവുമായിട്ടാണ് എത്തിയിരിക്കുന്നത്. ഇതിനൊപ്പം ജയലളിത പുറത്താക്കിയ ഐഎഎസ് ഉദ്യോഗസ്ഥരെ തിരിച്ചെടുക്കുകയും ചെയ്തു.
പോയസ് ഗാര്‍ഡനിലെ വേദനിലയം ജയലളിത സ്മാരകമാക്കാന് പനീര്‍ശെല്‍വം ഉത്തരവിറക്കുകയും ചെയ്തു. നേരത്തേ പാര്‍ട്ടിയുടെ ട്രഷറര്‍ താനാണെന്നും തന്റെ ഒപ്പോ കത്തോ കൂടാതെ പാര്‍ട്ടിഫണ്ടില്‍ നിന്നും നയാപൈസ ആര്‍ക്കും കൊടുക്കരുതെന്നും പാര്‍ട്ടിയുടെ നിക്ഷേപം സ്വീകരിച്ചിരിക്കുന്ന ബാങ്കുകളോട് പനീര്‍ശെല്‍വം അഭ്യര്‍ത്ഥിച്ചു. ഇതിന് തൊട്ടു പിന്നാലെയാണ് അടുത്ത നടപടി. ചീഫ് സെക്രട്ടറിയും ഡിജിപിയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നു. ഇതിനൊപ്പം രാജി വെയ്ക്കുന്നതിന് മുമ്പായി ശശികലയുടെ നിര്‍ദേശപ്രകാരം ജയലളിത നീക്കം ചെയ്ത രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരായ ജ്ഞാനദേശക്, അതുല്‍ ആനന്ദ് എന്നിവരെ പനീര്‍ശെല്‍വം സര്‍വീസിലേക്ക് തിരിച്ചെടുത്തിരുന്നു. മറീനാബീച്ചില്‍ നടന്ന ജല്ലിക്കെട്ട് സമരം നിയന്ത്രിക്കാന്‍ കഴിയാതിരുന്ന ചെന്നൈ സിറ്റി കമ്മീഷണര്‍ ജോര്‍ജ്ജിനെ മാറ്റാനും ആലോചിക്കുന്നുണ്ട്.
എംഎല്‍എമാരുടെ സമ്മേളനം വിളിച്ചു ചേര്‍ത്ത് തനിക്ക് 130 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ശശികല പറഞ്ഞെങ്കിലും പനീര്‍ശെല്‍വത്തിന് ഗവര്‍ണ്ണറുടെ പിന്തുണയുണ്ട്. ഡല്‍ഹിയില്‍ നിന്നും ഇന്ന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു സംസ്ഥാനത്ത് മടങ്ങിയെത്തുന്നതോടെ പ്രതിസന്ധിക്ക് വിരാമമാകുമെന്നാണ് കരുതുന്നത്. എംഎല്‍എ മാരുടെ പിന്തുണയുണ്ടെങ്കിലും തന്റെ സത്യപ്രതിജ്ഞ ഗവര്‍ണര്‍ മനപ്പൂര്‍വ്വം വൈകിക്കുകയാണെന്നാണ് ശശികലയുടെ ആരോപണം. കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം പുതിയ നീക്കം നടത്തുന്നതോടെ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള നീക്കം ശശികലയും തുടങ്ങിക്കഴിഞ്ഞു. ശശികല കോണ്‍ഗ്രസിന്റെ പിന്തുണ തേടിയിട്ടുണ്ടെങ്കിലൂം കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.






