
കൊല്ലം: നൂറ്റയഞ്ചു പേരുടെ ജീവന് പൊലിയുകയും കുടുംബങ്ങളെ തോരാത്ത കണ്ണീരിലാഴ്ത്തുകയും ചെയ്ത പെരുമണ്‍ തീവണ്ടിദുരന്തത്തിന്റെ
ഓര്‍മകള്‍ക്ക് ഇന്ന് 37 വര്‍ഷം. ടൊര്‍ണാഡോ ചുഴലിക്കാറ്റ് മൂലമാണ് ട്രെയിന്‍ പാളത്തില്‍നിന്ന് അഷ്ടമുടിക്കായലിലേക്കു പതിച്ചതെന്നാണു റെയില്‍വേയുടെ കണ്ടെത്തലെങ്കിലും ജനം ഇതു വിശ്വസിച്ചിട്ടില്ല. 1988 ജൂലൈ എട്ടിന് ഉച്ചയ്ക്ക് 12.56 നായിരുന്നു പെരുമണ്‍ അപകടം.
ബാംഗ്ലൂരില്‍നിന്നു തിരുവനന്തപുരത്തേക്കു പോയ ഐലന്റ് എക്സ്ര്പസിന്റെ എട്ടു ബോഗികളാണ് അഷ്ടമുടിക്കായലിലേക്കു മറിഞ്ഞത്. 81 കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞുവന്ന ട്രെയിന്‍ പാലത്തിലെത്തിയതോടെ ബോഗികള്‍ തമ്മില്‍ കൂട്ടിയിടിച്ച് മറിയുകയായിരുന്നു. എന്‍ജിനും തൊട്ടടുത്ത ജനറല്‍ കംപാര്‍ട്ട്മെന്റും മാത്രമേ കായല്‍ കടന്നിരുന്നുള്ളൂ. പിന്നിലെ രണ്ടു കോച്ചുകളും മറിഞ്ഞില്ല. പരിചയമില്ലാത്ത ലോക്കോ പൈലറ്റാണ് അന്നു ട്രെയിന്‍ ഓടിച്ചിരുന്നതെന്നും പറയപ്പെടുന്നു.
ദുരന്തത്തില്‍ 105 പേര് മരിക്കുകയും ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ദുരന്തകാരണം അന്വേഷിക്കാന്‍ രണ്ടു കമ്മിഷനെ റെയില്‍വേ നിയമിച്ചു. അന്നത്തെ റെയില്‍വേ സേഫ്റ്റി കമ്മിഷണര്‍ സൂര്യനാരായണന് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ റെയില്‍വേയുടെ അനാസ്ഥയാണ് അപകടകാരണമെന്നു വ്യക്തമാക്കിയിരുന്നു.
ടൊര്‍ണാഡോ എന്ന ചുഴലിക്കാറ്റ് ഐലന്റ് എക്സ്ര്പസിനെ ചുഴറ്റി കായലിലേക്ക് എറിയുകയായിരുന്നെന്ന് അന്തിമ റിപ്പോര്‍ട്ടിലാണു ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ചെറിയ കാറ്റുപോലും അപകടസമയത്ത് പെരുമണില്‍ ഉണ്ടായിരുന്നില്ലെന്ന് തദ്ദേശവാസികള്‍ പറഞ്ഞിരുന്നു. തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ അപകടകാരണം വീണ്ടും അന്വേഷിക്കാന്‍ റിട്ട. എയര്‍ മാര്‍ഷല്‍ സി.എസ്. നായിക്കിനെ നിയമിച്ചു. അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ സേഫ്റ്റി കമ്മിഷണര്‍ സൂര്യനാരായണയുടെ റിപ്പോര്‍ട്ട് ശരിവയ്ക്കുന്നതായിരുന്നു.
റെയില്‍വേയുടെ തികഞ്ഞ അനാസ്ഥ മൂലമാണ് 105 പേരുടെ ജീവന് പൊലിയാന്‍ ഇടവന്നതും ഇരുനൂറോളം പേര്‍ക്ക് പരിക്കേല്‍ക്കേണ്ടി വന്നതും.
മരിച്ചവരുടെ ബന്ധുക്കള്‍ കണ്ണീരോര്മ്മയോടെ ഇന്നു രാവിലെ പെരുമണ്‍ കായല്‍ക്കരയിലെ സ്മൃതിമണ്ഡപത്തിലെത്തും.
ചവറ സുരേന്ദ്രന്‍പിള്ള






