
വാഷിങ്ടണ്‍: വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള പിന്തുണ മൈക്രോസോഫ്റ്റ് കോര്പറേഷന് നാളെ അവസാനിപ്പിക്കും. ഉപയോക്താക്കള്‍ക്ക് വിന്‍ഡോസ് 10 തുടര്‍ന്നും ഉപയോഗിക്കാമെങ്കിലും സുരക്ഷാ അപ്ഡേറ്റുകള് ഉണ്ടാകില്ല. അത്തരം കമ്പ്യൂട്ടറുകള്‍ വൈറസ് ആക്രമണങ്ങള്‍ക്കു വേഗത്തില്‍ വിധേയമാകുമെന്നാണു മുന്നറിയിപ്പ്.
വിന്‍ഡോസ് 11 ലേക്ക് സൗജന്യമായി അപ്ഗ്രേഡ് ചെയ്യാന്‍ മൈക്രോസോഫ്റ്റ് ആളുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍, എല്ലാ കമ്പ്യൂട്ടറുകളിലും അതു സാധിക്കില്ല.
വിന്‍ഡോസ് ലോകത്തിലെ ഏറ്റവും പ്രചാരമുള്ള കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റമാണ്, മൈക്രോസോഫ്റ്റ് പറയുന്നതനുസരിച്ച് ഇത് ലോകമെമ്പാടുമുള്ള 140 കോടിയിലധികം ഉപകരണങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. 2025 ജൂലൈയില്‍ ഇവയില്‍ ഏകദേശം 43% വിന്‍ഡോസ് 10 ഉപയോഗിക്കുന്നുണ്ടായിരുന്നു. ഉപയോക്താക്കളില്‍ നാലിലൊന്ന് പേരും മൈക്രോസോഫ്റ്റിന്റെ പിന്തുണ അവസാനിച്ചാലും വിന്‍ഡോസ് 10 ഉപയോഗിക്കാനുള്ള നീക്കത്തിലാണ്.
ഇനി എന്ത്?
മൈക്രോസോഫ്റ്റ് വ്യക്തിഗത ഉപയോക്താക്കള്‍ക്ക് രണ്ട് ഓപ്ഷനുകളാണ് നല്‍കുന്നത്: വിന്‍ഡോസ് 11 ലേക്ക് അപ്ഡേറ്റ് ചെയ്യുക, അല്ലെങ്കില്‍ 12 മാസത്തേക്ക് എക്സ്റ്റന്‍ഡഡ് സെക്യൂരിറ്റി അപ്ഡേറ്റുകള് സ്വീകരിക്കാന്‍ രജിസ്റ്റര്‍ ചെയ്യുക.
അതിനായി വിന്‍ഡോസ് സെറ്റിങ്സില്‍ ൈപ്രവസി ആന്‍ഡ് സെക്യൂരിറ്റി വിഭാഗത്തില്‍ സൗകര്യമുണ്ട്.
വിന്‍ഡോസ് 11 ന് യോഗ്യതയുള്ള കമ്പ്യൂട്ടറുകള്‍ ഉള്ളവര്‍ക്ക് സൗജന്യമായി അപ്ഗ്രേഡ് ചെയ്യാവുന്നതാണ്. ചില കമ്പ്യൂട്ടറുകളില്‍ വിന്‍ഡോസ് 11 പ്രവര്‍ത്തിക്കില്ല. അവര്‍ക്ക് മികച്ച വൈറസ് സുരക്ഷ ഉറപ്പാക്കണമെങ്കില്‍ പുതിയ കമ്പ്യൂട്ടര്‍ വാങ്ങേണ്ടിവരും.
ഉടന്‍ അപ്ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഉപകരണം വിന്‍ഡോസ് 11 ന് പഴയതാണെങ്കില്‍ അടുത്ത വര്‍ഷം ഒക്ടോബര്‍ വരെ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ അപ്ഡേറ്റുകള് നല്കുന്ന ഒരു സ്കീമിനായി രജിസ്റ്റര്‍ ചെയ്യാം. ഇതിനെ എക്സ്റ്റന്‍ഡഡ് സെക്യൂരിറ്റി അപ്ഡേറ്റ്സ് എന്ന് വിളിക്കുന്നു. എന്നാല്‍ അതു സാങ്കേതിക പിന്തുണയോ മറ്റ് സോഫ്റ്റ്വേര്‍ അപ്ഡേറ്റുകളോ നല്‍കുന്നില്ല.
യൂറോപ്യന്‍ ഇക്കണോമിക് ഏരിയയില്‍ താമസിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ അപ്ഡേറ്റ് സൗകര്യം സൗജന്യമായി ലഭിക്കും.
മറ്റ് ഉപയോക്താക്കള്‍ക്ക് ഇതു സൗജന്യമായി ലഭിക്കാന്‍, അവര്‍ വിന്‍ഡോസ് 10ന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്തിരിക്കണം. അതിന് ഒരു മൈക്രോസോഫ്റ്റ് അക്കൗണ്ട് ഉണ്ടായിരിക്കണം. വാണിജ്യ ഉപയോക്താക്കള്‍ക്ക് കമ്പ്യൂട്ടര്‍ ഒന്നിന് അയ്യാരത്തിലേറെ രൂപ നല്‍കേണ്ടിവരും.






