
ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെൽവരാജ് ഒരുക്കിയ സ്പോർട്സ് ഡ്രാമ ചിത്രമാണ് ബൈസൺ. മികച്ച പ്രതികരണം നേടുന്ന സിനിമ ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇപ്പോഴിതാ സിനിമ കണ്ടതിന് ശേഷം മരിസെൽവ രാജിനെ അഭിനന്ദിച്ചിരിക്കുകയാണ് മണി രത്നം. സിനിമ ഒരുപാട് ഇഷ്ടമായെന്നും മാരി സെൽവരാജ് ആണ് ബൈസൺ എന്നും മണി രത്നം പറഞ്ഞു. മാരി സെല്വരാജിൽ അഭിമാനിക്കുന്നുവെന്നും ഇതുപോലുള്ള ശബ്ദം അത്യവശ്യമെന്നും മണി രത്നം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ പോസ്റ്റ് പങ്കുവെച്ച് മാരി സെല്വരാജ്തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്.
നേരത്തെ എല്ലാ മാരി സെൽവരാജ് സിനിമകളിലും ജാതീയ അടിച്ചമർത്തലുകളെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത് എന്ന വിമർശനം ഉയർന്നിരുന്നു. ഇതിനെതിരെ സംവിധായകൻ പ്രതികരണവുമായി രംഗത്തെത്തി. ജീവൻ പണയം വെച്ചാണ് താൻ സിനിമകൾ എടുക്കുന്നതെന്നും ഇത്തരം ചോദ്യങ്ങൾ ആവർത്തിക്കുന്നത് നിർത്തണമെന്നും ബൈസണിന്റെ സക്സസ് മീറ്റിൽ മാരി സെൽവരാജ് പറഞ്ഞു.
ദീപവലി റിലീസ് ആയി തിയേറ്ററുകളിൽ എത്തിയ ബൈസൺ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ധ്രുവ് വിക്രമിന്റെ ഗംഭീര പ്രകടനമാണ് സിനിമയുടെ ഹൈലൈറ്റ് എന്നാണ് കമന്റുകൾ. സിനിമയുടെ കഥയ്ക്കും പശുപതിയുടെ പ്രകടനത്തിനും കയ്യടി ലഭിക്കുന്നുണ്ട്. സ്ഥിരം പ്രേക്ഷകരെ പിടിച്ചിരുത്താൻ സിനിമയ്ക്ക് കഴിയുന്നുണ്ട് എന്നാണ് റിപ്പോർട്ട്. പാ രഞ്ജിത്തിന്റെ നീലം സ്റ്റുഡിയോസിനൊപ്പം അപ്ലോസ് എന്റർടൈൻമെൻറ്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാകുന്നു. ധ്രുവിനെ കൂടാതെ അനുപമ പരമേശ്വരൻ, ലാൽ, കലൈയരസൻ, രജിഷ വിജയൻ തുടങ്ങിയവരും അണിനിരക്കുന്നു.







Comments