
ബ്രഹ്മാണ്ഡ സിനിമകളുടെ അമരക്കാരന് എസ്എസ് രാജമൗലിയുടെ പുതിയ സിനിമകള്‍ക്കായി വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമ പ്രഖ്യാപിച്ചു കഴിഞ്ഞ് എവിടെ നിന്നെങ്കിലും എന്തെങ്കിലും അപ്ഡേഷന് കിട്ടിയാല്‍ ആരാധകരത് വലിയ രീതിയില്‍ ഏറ്റെടുക്കാറുണ്ട്. രാജമൗലിയും മഹേഷ് ബാബുവും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘എസ്എസ്എംബി 29’. ഇവരൊന്നിച്ചുള്ള സിനിമയുടെ മറ്റ് അപ്ഡേഷനുകളൊന്നും ആരാധകര്‍ക്ക് ഇതുവരെ കിട്ടിയിട്ടില്ല. അതുകൊണ്ടു തന്നെ അതിന്റെ അപ്ഡേറ്റുകള്‍ക്കായി വലിയ കാത്തിരിപ്പിലാണ് ആരാധകർ.
ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ച് സംസാരിച്ച് പരസ്പരം ട്രോളുകയാണ് താരങ്ങള്‍. നായകനായ മഹേഷ് ബാബു തുടങ്ങിവെച്ച ഒരു പോസ്റ്റില്‍ നിന്ന് അത് ഏറ്റെടുത്ത് സംവിധായകന് രാജമൗലിയും നായിക പ്രിയങ്ക ചോപ്രയും വില്ലനായെത്തുന്ന പൃഥ്വിരാജ് സുകുമാരനും സംഭവം കൊഴുപ്പിച്ചു. ചിത്രത്തിന്റെ അപ്ഡേറ്റ് സംബന്ധിച്ചുള്ള പോസ്റ്റ് എക്സിലൂടെ പങ്കിട്ടാണ് താരങ്ങള്‍ പരസ്പരം ട്രോളി രംഗത്തെത്തിയത്.
‘നവംബര്‍ ആയി...’ എന്ന് രാജമൗലിയെ ടാഗ് ചെയ്തു കൊണ്ട് ഓര്‍മിപ്പിച്ചുള്ള മഹേഷ് ബാബുവിന്റെ പോസ്റ്റില്‍ നിന്നാണ് എല്ലാം തുടങ്ങിയത്. ‘ഈ മാസം ഏത് സിനിമയുടെ റിവ്യൂവാണ് പറയാന്‍ പോവുന്നത്...’ എന്നായിരുന്നു രാജമൗലിയുടെ ഇതിന് മറുചോദ്യം ചോദിച്ചത്. പുതിയ സിനിമകള്‍ കണ്ടശേഷം റിവ്യൂ പങ്കുവെക്കുന്ന മഹേഷ് ബാബുവിന്റെ ശീലത്തെ ട്രോളിയായിരുന്നു രാജമൗലി ആ മറുപടി.
‘നിങ്ങള്‍ നിര്‍മിച്ചു കൊണ്ടേയിരിക്കുന്ന മഹാഭാരതത്തെക്കുറിച്ച്...’ എന്നായി മഹേഷ് ബാബുവിന്റെ മറുപടി. ‘നവംബറില്‍ ചിലത് വാഗ്ദാനം ചെയ്തിരുന്നുവെന്നും വാക്കുപാലിക്കണം....’ എന്നും രാജമൗലിയോട് താരം ആവശ്യപ്പെട്ടു. ‘അത് തുടങ്ങിയിട്ടുണ്ടെന്നും ഓരോന്നായി പുറത്തുവിടു’മെന്നുമായി രാജമൗലി. ‘എന്താണ് ഇത്ര സ്ലോ... 2030-ലെങ്കിലും തുടങ്ങുമോ...?’ എന്ന് മഹേഷ് ബാബു ചോദിച്ചു. സിനിമയിലെ നായിക കൂടിയായ പ്രിയങ്ക ചോപ്രയെ ടാഗ് ചെയ്ത് മഹേഷ് ബാബു, ‘നിങ്ങളുടെ അറിവിലേക്കായി ‘ദേസി ഗേള്‍’ ജനുവരി മുതല്‍ ഹൈദരാബാദിലെ എല്ലാ തെരുവുകളുടേയും ചിത്രം പങ്കുവെക്കുന്നുണ്ട്...’ കൂട്ടിച്ചേര്‍ത്തു.
ഈ കമന്റിന് പിന്നീട് മറുപടി നല്‍കിയത് ഗ്ലോബല്‍ ദേസി ഗേള്‍ പ്രിയങ്ക ചോപ്രയാണ്. ‘സെറ്റില്‍ തന്നോട് പറഞ്ഞ കഥകളെല്ലാം പുറത്തുവിടണോ...?’ എന്ന് ചോദിച്ചു. പിന്നാലെ കമന്റ് നല്കിയ രാജമൗലി, ‘എന്തിനാണ് പ്രിയങ്കയുടെ കാര്യം പുറത്തുവിട്ടത്...?, സര്‍പ്രൈസ് നിങ്ങള്‍ തുലച്ചു...’ എന്ന് മഹേഷ് ബാബുവിനോട് ചോദിച്ചു.






