
ജാഗ്വാറുകളെക്കുറിച്ച് നാം കേട്ടിട്ടുണ്ടാകും. തെക്കും വടക്കുമായുള്ള അമേരിക്കന്‍ വന്‍കരകളില്‍ ബിഗ് ക്യാറ്റ് (വന്പൂച്ച) വിഭാഗത്തില്‍പെടുന്ന ഏകജീവിയാണു ജാഗ്വാര്‍. ആശാന് വേട്ടക്കാരന് മാത്രമല്ല, നല്ലൊരു ചൂണ്ടക്കാരനുമാണ്. സ്വന്തം വാല് വെള്ളത്തില്‍ മുക്കി അത് അനക്കി മീനുകളെ ആകര്‍ഷിച്ച് പിടിക്കാന്‍ ഇവ വിദഗ്ധരാണെന്നു ചില ജന്തുശാസ്ത്രജ്ഞര്‍ പറയുന്നു. അമേരിക്കന്‍ വന്‍കരകളില്‍ ജീവിക്കുന്ന മനുഷ്യരുടെ ആചാരങ്ങളിലും കഥകളിലും ജാഗ്വാറുകള്‍ നിറഞ്ഞുനില്‍ക്കാറുണ്ട്.
മരങ്ങളിലും നിലത്തും ഒരുപോലെ കഴിയുന്നതിനാലും രാവും പകലും വേട്ടയാടുന്നതിനാലും ജാഗ്വാറുകള്‍ക്ക് ലോകങ്ങള്‍ക്കിടയില്‍ സഞ്ചരിക്കാന്‍ കഴിവുണ്ടെന്ന് ചില കഥകള്‍ പറയുന്നു. രാജകീയത, ബുദ്ധി, സൗന്ദര്യം, ശക്തി എന്നിവയുടെ പ്രതീകമായി ഇന്നും ജാഗ്വാര്‍ കണക്കാക്കപ്പെടുന്നു. ജാഗ്വാറിന് തെക്കേ അമേരിക്കന്‍ തദ്ദേശീയ ഭാഷയിലുള്ള 'യഗ്വാര' എന്ന വാക്കിന്റെ അര്‍ഥം 'ഒറ്റച്ചാട്ടത്തില്‍ കൊല്ലുന്ന മൃഗം' എന്നാണ്.
രോമങ്ങളുടെ നിറം, പുള്ളികളിലുമുള്ള സാമ്യം എന്നിവ കാരണം ജാഗ്വാറുകളെ പലപ്പോഴും പുള്ളിപ്പുലികളുമായി തെറ്റിദ്ധരിക്കാറുണ്ട്. രണ്ടിനും സമാനമായ ആവാസവ്യവസ്ഥയും ജീവിതരീതിയുമാണുള്ളത്. പുള്ളിപ്പുലികള്‍ ആഫ്രിക്കയില്‍നിന്നും ഏഷ്യയില്‍നിന്നും വരുമ്പോള്‍ ജാഗ്വാറുകള്‍ തനി അമേരിക്കക്കാരാണ് (വടക്ക്, മധ്യ, തെക്കേ അമേരിക്കന്‍ വന്‍കരാ മേഖലകളില്‍ ആവാസം). പുള്ളിപ്പുലിയെക്കാള്‍ ശരീരഭാരവും പേശീബലവും ജാഗ്വാറിനു കൂടുതലാണ്. ജാഗ്വാറുകളുടെ പുറത്ത് റോസറ്റ്സ് എന്നറിയപ്പെടുന്ന കറുത്ത പുള്ളികളില്‍ ക്രമരഹിതമായ അരികുകളും നടുവില്‍ ഒരു കുത്തും കാണാം. പുള്ളിപ്പുലികള്‍ക്കും കറുത്ത റോസറ്റുകളുണ്ട്, എന്നാല്‍ അവയുടെ ഉള്ളില്‍ കുത്തുകള്‍ ഇല്ല.
മിക്ക ജാഗ്വാറുകള്ക്കും തവിട്ടുനിറമുള്ള രോമത്തില്‍ കറുത്ത പുള്ളികളാണുള്ളത്. എന്നാല്‍ കറുപ്പില്‍ കറുപ്പുപുള്ളികളോടു കൂടിയ മെലാനിസ്റ്റിക് വിഭാഗവും ഉണ്ട്. ഇരുണ്ട മഴക്കാടുകളിലാണ് ഇവ കൂടുതല്‍. ഉഷ്ണമേഖലാ മഴക്കാടുകളിലെ വേട്ടയ്ക്ക് അനുയോജ്യമായ ശരീരഘടന ജാഗ്വാറിനുണ്ട്.പേശീബലമുള്ള കാലുകളും വലിയ പാദങ്ങളും മരംകയറാനും വനത്തിലൂടെ ശബ്ദമുണ്ടാക്കാതെ നടക്കാനും പുഴകളിലും അരുവികളിലും നീന്താനും സഹായിക്കുന്നു.






