
ചെന്നൈ: നാടീകീയ രംഗങ്ങള്‍ കലങ്ങിമറിഞ്ഞുകൊണ്ടിരിക്കുന്ന തമിഴ്നാട്ടിലെ ദ്രാവിഡ പാര്‍ട്ടികളില്‍ ഒന്നും പുതിയതായില്ല. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കിടന്നുകൊണ്ട് പനീര്‍ശെല്‍വത്തെ മുന്നില്‍ നിര്‍ത്തി ജയലളിത മാസങ്ങള്‍ക്ക് മുമ്പ് പിടിച്ച കടിഞ്ഞാണ്‍ എടപ്പാടി പളനിസ്വാമിയെ മുന്നില്‍ നിര്‍ത്തി ശശികല ഏന്തുമെന്നതാണ് ഏക മാറ്റമായി ഭവിക്കുന്നത്. മുഖം മാറിയാലും അധികാരകേന്ദ്രം മാറില്ലെന്നുള്ള എഐഎഡിഎംകെയുടെ ആ പഴയ ചരിത്രം ആവര്‍ത്തിക്കുമ്പോള്‍ ഇത്തവണ വില്ലന്‍ വേഷത്തിലുണ്ടാകുക പനീര്ശെല്വമാകുമെന്നതാണ് പ്രത്യേകത.
പളനിസ്വാമിയെ പുതിയ നേതാവായി ഉയര്‍ത്തിക്കാട്ടിയെങ്കിലും പാര്‍ട്ടിയിലെ ഏകാധിപതിയായിരുന്ന ജയലളിത പുറത്താക്കിയ തന്റെ സഹോദരിപുത്രന് ടിടിവി ദിനകരനെ ശശികല പാര്‍ട്ടിയിലേക്ക് തിരിച്ചു കൊണ്ടുവന്നത് ഇതിന്റെ ഭാഗമായിട്ട് ആണെന്നാണ് വിലയിരുത്തല്‍. തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍ ശശികല ചാക്കിട്ടു പിടിച്ച മുതിര്‍ന്ന നേതാക്കളുടെയെല്ലാം കണ്മുന്നിലൂടെ ദിനകരനെ വേണ്ടി പാര്‍ട്ടിയില്‍ ഇല്ലാത്ത പോസ്റ്റായ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി പദവി സൃഷ്ടിച്ചായിരുന്നു കൊണ്ടുവന്നത്. ഇതോടെ പാര്‍ട്ടിയിലെ മന്നാഗുഡി സംഘത്തിന്റെ അയഞ്ഞുപോയ പിടി വീണ്ടും മുറുക്കുക കൂടിയായിരുന്നു ശശികല.
ജയലളിത തന്റെ കാലത്ത് ഇത്തരം ഒരു പോസ്റ്റ് സൃഷ്ടിച്ചിരുന്നില്ല എന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ പ്രതിസന്ധിയുടെ തുടക്കം മുതല്‍ ശശികലയ്ക്കൊപ്പം സഹോദരി വനിതാമണിയുടെ മൂത്തമകന് ദിനകരന് ഉണ്ടായിരുന്നു. ഒരു പരിധി വരെ ശശികല ഉപയോഗിച്ച തന്ത്രങ്ങളുടെയെല്ലാം ബുദ്ധികേന്ദ്രം ദിനകരന് ആണെന്നും വിലയിരുത്തുന്നു. ടിടിവി സഹോദരങ്ങള്‍ എന്നറിയപ്പെടുന്ന ദിനകരന്, സുധാകരന്, ഭാസ്ക്കരന്‍ സഹോദരന്മാരാണ് സംഘത്തിലുള്ളത്. സുധാകരന് ജയലളിതയുടെ വളര്‍ത്തുമകനാകുകയും പിന്നീട് അകലുകയും ചെയ്തെങ്കിലും ദിനകരന് അടുപ്പം നിലനിര്‍ത്തി. 2011 ലായിരുന്നു ശശികലയെയും ബന്ധുക്കളെയും ജയലളിത പുറത്താക്കിയത്. ദിനകരനും കൂട്ടത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ശശികലയെ മാത്രമായിരുന്നു ജയലളിത തിരിച്ചു വിളിച്ചത്.
മുമ്പ് 2014 ല്‍ ജയലളിത 18 വര്‍ഷം നീണ്ട അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലിലായപ്പോള്‍ പകരം മുഖ്യമന്ത്രിയാക്കിയത് പനീര്‍സെല്‍വത്തെ ആയിരുന്നു. എന്നിരുന്നാലും കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത് ജയലളിതയായിരുന്നു. പിന്നീട് കര്‍ണാടക ഹൈക്കോടതി കുറ്റവിമുക്തമാക്കിയപ്പോള്‍ ജയലളിത തിരിച്ചു വരികയും വണ്ടും അസുഖം ബാധിച്ച് അപ്പോളോ ആശുപത്രിയില്‍ കഴിച്ചപ്പോഴും കാര്യങ്ങള്‍ പനീര്‍ശെല്‍വത്തെയായിരുന്നു ഏല്‍പ്പിച്ചിരുന്നത്. അതേ പനീര്‍ശെല്‍വം ഇപ്പോള്‍ ശശികല പാര്‍ട്ടിയില്‍ പിടിമുറുക്കുമ്പോള്‍ നിശബ്ദനായി നില്‍ക്കേണ്ട ഗതികേടിലാണ്.






