
തിരുവനന്തപുരം: ഒത്തുതീര്‍പ്പുകള്‍ ഉണ്ടാക്കിയെങ്കിലും കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ സജീവമാകാതെ ഉമ്മന്‍ചാണ്ടി. കഴിഞ്ഞദിവസങ്ങളില്‍ കോണ്‍ഗ്രസും യു.ഡി.എഫും ഏറ്റെടുത്ത പരിപാടികളില്‍ അദ്ദേഹം സാന്നിദ്ധ്യം അറിയിച്ചുവെങ്കിലും സജീവ പങ്കാളിത്തമോ, നേതൃപരമായ ഇടപെടലോ ഒന്നിലും ഉണ്ടായിട്ടില്ല. പാര്‍ട്ടിയും മുന്നണിയുമായി സഹകരിച്ച് ഒന്നിച്ച് നീങ്ങുന്നതിന് പകരം സ്വന്തം നിലയില്‍ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകാനാണ് ഉമ്മന്‍ചാണ്ടിയുടെയും എ ഗ്രൂപ്പിന്റെയും നീക്കം.
ഡി.സി.സി. പ്രസിഡന്റുമാരുടെ നിയമനത്തോടെ പാര്‍ട്ടിയുമായി ഇടഞ്ഞുനിന്ന ഉമ്മന്‍ചാണ്ടി പിന്നീട് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് സഹരിച്ച് മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ രാഷ്ട്രീയകാര്യസമിതിയോഗത്തിലുള്പ്പെടെ പങ്കെടുക്കാതെ വിട്ടുനിന്ന ഉമ്മന്‍ചാണ്ടി, കഴിഞ്ഞ കെ.പി.സി.സി നിര്‍വാഹകസമിതിയോഗത്തില്‍ സംബന്ധിക്കുകയും ചെയ്തു. എന്നാല്‍ പാര്‍ട്ടിയുമായുള്ള സഹകരണത്തിന് ഒരു അതിര്‍വരമ്പ് നിശ്ചയിക്കാനാണ് അദ്ദേഹത്തിന്റെയും അനുയായികളുടെയും നീക്കം.
ഈ പ്രശ്നങ്ങള്ക്ക്ശേഷമാണ് കേരളമാകെ ചര്‍ച്ചചെയ്ത ലോ അക്കാദമി സമരം ആരംഭിച്ചത്. ഈ സമരത്തില്‍ ഒരിടത്തും ഉമ്മന്‍ചാണ്ടി നേതൃപരമായ ഇടപെടല്‍ നടത്തിയില്ല. മാത്രമല്ല, ഇതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാന്‍ പോലും തയാറായുമില്ല. കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും നിരന്തരം ഇക്കാര്യത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ തന്ത്രപരമായ മൗനം പാലിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. പിന്നീട് കെ. മുരളീധരന് നിരാഹാരസമരം തുടങ്ങിയപ്പോള്‍ സഹപ്രവര്ത്തകന് എന്ന നിലയില്‍ അവിടെ സന്ദര്‍ശിച്ചിരുന്നെങ്കിലും തന്റേതായ ഒരു സംഭാവനയും അദ്ദേഹം സമരത്തിന് നല്‍കിയില്ല. അദ്ദേഹം മാത്രമല്ല, എ ഗ്രൂപ്പിന്റെ ശക്തരായ നേതാക്കളൊന്നും തന്നെ ഈ സമരത്തില്‍ സജീവവുമായിരുന്നില്ല.
അതോടൊപ്പം കഴിഞ്ഞ ഏതാനും മാസങ്ങളായി പാര്‍ട്ടിയും മുന്നണിയും സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ പല ആരോപണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഉമ്മന്‍ചാണ്ടിയുടെ സജീവ പങ്കാളിത്തമില്ലായിരുന്നു. പകരം തന്റേതായ രീതിയില്‍ ചില പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകാനാണ് ഉമ്മന്‍ചാണ്ടിയുടെ നീക്കം. ഇതിന്റെ ഭാഗമായി തൃശൂര്‍ കോള്‍നില കര്‍ഷകരുടെ വിഷയവും എച്ച്.എന്‍.എല്‍ ഭൂമി പ്രശ്നവും ഉയര്‍ത്തിക്കൊണ്ട് അദ്ദേഹം മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുകയും പത്രലേഖകരെ കാണുകയും ചെയ്തിരുന്നു. ആ അവസരത്തിലും പാര്‍ട്ടിയും മുന്നണിയും ഉയര്ത്തിയവിഷയങ്ങളില് അദ്ദേഹത്തിന്റെ പ്രതികരണം ദുര്‍ബലമായിരുന്നു.
രാഹുല്‍ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് പാര്‍ട്ടിയുമായി സഹകരിക്കാന്‍ സമ്മതിച്ചുവെങ്കിലും നേതൃനിരയിലേക്കില്ലെന്ന മുന്‍നിലപാടില്‍ ഒരുവിട്ടുവീഴ്ചയ്ക്കും ഉമ്മന്‍ചാണ്ടി ഇപ്പോള്‍ തയാറല്ല. തനിക്ക് നല്കിയ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ സംഘടനാതെരഞ്ഞെടുപ്പ് നടത്തിയതിന് ശേഷം നിലപാട് മാറ്റാമെന്നാണ് അദ്ദേഹത്തിന്റെ നിലപാടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.






