
തിരുവനന്തപുരം : പാമ്പാടി നെഹ്റു കോളജ് ഹോസ്റ്റലില്‍ ജിഷ്ണു പ്രണോയിയെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഒളിവില്‍ പോയ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികള്‍ക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കുന്നു. പ്രതികള്‍ നാടുവിടാതിരിക്കാനായി വിമാനത്താവളങ്ങളിലും സര്‍ക്കുലര്‍ നല്‍കും. നെഹ്റു ഗ്രൂപ്പ് ചെയര്മാന് പികെ കൃഷ്ണദാസ് ഒന്നാം പ്രതിയായ കേസില്‍ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകന് പ്രവീണ്‍, വിപിന്‍, പിആര്‍ഒ സജിത്ത് എന്നിവരാണ് മറ്റ് പ്രതികള്‍. ഒളിവില്‍ പോയിരിക്കുന്ന അധ്യാപകരെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.
ഇതിനിടെ, കേസിലെ ഒന്നാംപ്രതി നെഹ്റു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്മാന് കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് ആരോപിച്ച് ജിഷ്ണുവിന്റെ മാതാപിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. കളക്ടറുടെ യോഗത്തില്‍ പങ്കെടുക്കണമെന്ന് കാണിച്ച് കൃഷ്ണദാസ് കോടതിയില്‍ ഹാജരാക്കിയ കത്ത് പഴയതാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്റെ വീഴ്ച മൂലമാണ് കൃഷ്ണദാസിന് ജാമ്യം ലഭിച്ചതെന്നും മാതാപിതാക്കള്‍ ആരോപിച്ചു . കോളേജ് തുറക്കാന്‍ ധാരണയായ കാര്യം സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി ഒന്നാം പ്രതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. കേസ് ഇനി വരുന്ന 21ന് വീണ്ടും പരിഗണിക്കുമെന്നും കൃഷ്ണദാസിന്റെ ജാമ്യം നീട്ടണമെന്ന കാര്യം അന്ന് പരിശോധിക്കുമെന്നും കോടതി പറഞ്ഞു. വരുന്ന അഞ്ചുദിവസത്തേക്ക് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ജാമ്യഹര്‍ജി പരിഗണിക്കവെ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനുള്ള പോലീസിന്റെ തീരുമാനം പുറത്തു വന്നിരിക്കുന്നത്.
അതേസമയം, ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കോളജിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ പോലീസിന്റെ ഭാഗത്തു നിന്നും പുരോഗമിക്കുകയാണ്. പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, പി.ആര്.ഒ എന്നീ മൂന്നുപേരുടെ മുറികളിലെ സിസിടിവി ദൃശ്യങ്ങളാണ് ജിഷ്ണു മരിച്ച ദിവസം നശിപ്പിക്കപ്പെട്ടത്. ഇതിനിടെ, ഇന്നലെ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്നും രക്തക്കറ കണ്ടെടുത്ത സാഹചര്യത്തിലാണ് സിസിടിവി ദൃശ്യങ്ങള്‍ക്കായി അന്വേഷണം പുരോഗമിക്കുന്നത്.






