
തൃശൂര്‍: 50 സെക്കന്‍ഡിനുള്ളില്‍ ഒറ്റക്കൈ മുഷ്ടികൊണ്ട് 124 തേങ്ങകളുടച്ച് ഗിന്നസ് റെക്കോഡിലേക്ക് തൃശൂരില്നിന്നൊരു കുതിപ്പ്. കണ്ണടച്ചു തുറക്കുംമുമ്പ് 145 ഓളം തേങ്ങകളുടച്ച് കോട്ടയം പൂഞ്ഞാര്‍ സ്വദേശി അബീഷ് പി. ഡൊമിനിക്ക് ഇന്നലെ ശോഭ സിറ്റിയില്‍ നടന്ന ഗിന്നസ് പ്രകടനത്തില്‍ ചരിത്രം കുറിച്ചു. ഉടയാത്ത ചില തേങ്ങകള്‍ മാറ്റിവച്ച് കണക്കു കൂട്ടിയപ്പോഴും റെക്കോഡ് വിജയം അബീഷിനൊപ്പം നിന്നു. ജര്‍മനിക്കാരനായ മുഹമ്മദ് കുറുമാനിയുടെ ഒരു മിനിറ്റിനകം 118 തേങ്ങയുടച്ചുവെന്ന റെക്കോഡ് മറികടന്നാണ് അബീഷിന്റെ മോസ്റ്റ് കോക്കനട്ട് സ്മാഷ്ഡ് വിത്ത് വണ്‍ ഹാന്‍ഡ് ഇന്‍ എ മിനുട്ട് ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചത്.
ലോക റെക്കോഡുകളുടെ വിളനിലമെന്ന ഖ്യാതിയാണ് കോട്ടയത്തുനിന്നു പ്രകടനത്തിനായി അബീഷിനെ തൃശൂരിലെത്തിച്ചത്. കേരളത്തില്‍നിന്ന് ആകെ പതിമൂന്ന് റെക്കോഡുകളാണ് ഇന്നുവരെ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചത്. അതില്‍ അഞ്ചു പ്രകടനങ്ങളും തൃശൂരിന് സ്വന്തമാണ്. ഈ രാശി തന്റെ ഭാഗ്യപരീക്ഷണത്തിന് കൂട്ടുനില്‍ക്കുമെന്ന വിശ്വാസം തെറ്റിയില്ല. തൃശൂര്‍ നഗരം അബീഷിനും ഗിന്നസ് പ്രതീക്ഷ പകരുന്നു. ഗിന്നസ് ബുക്ക് പ്രതിനിധിയും യു.ആര്.എഫ്. വേള്‍ഡ് റെക്കോഡ് ഏഷ്യന്‍ ജൂറിയുമായ ഡോ. ഗിന്നസ് സുനില്ജോസഫിന്റെ മേല്‍നോട്ടത്തിലായിരുന്നു പ്രകടനം. അബീഷിന്റെ പ്രകടനത്തിന്റെ വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും അദ്ദേഹം ഗിന്നസ്ബുക്ക് അധികൃതര്‍ക്ക് അയയ്ക്കും. പ്രകടനം അംഗീകരിക്കപ്പെട്ടാല്‍ ആറുമാസത്തിനകം അബീഷിന്റെ പേരിനു മുന്നില്‍ ഔദ്യോഗികമായി ഗിന്നസ് എന്നു കൂട്ടിച്ചേര്‍ക്കാനാകും.
തേങ്ങകളില്‍ മാത്രമല്ല അബീഷിന്റെ പരീക്ഷണം. ഹെല്‍മെറ്റ്, ഹോക്കിസ്റ്റിക്, എന്നിവ കൈകൊണ്ട് പൊട്ടിക്കുക, പത്തു ടണ്‍ ഭാരമുള്ള ബസ് കടിച്ചു വലിക്കുക, 2000 ആര്.എം.പിയില്‍ കറങ്ങുന്ന ടേബിള്‍ഫാന്‍ നാക്കുകൊണ്ട് തടഞ്ഞുനിര്‍ത്തുക തുടങ്ങിയ അസാധാരണ കഴിവുകള്‍ക്കും ഉടമയാണ് അബീഷ്. യു.ആര്.എഫ്. വേള്‍ഡ് റെക്കോഡ്, ലിംക ബുക്ക് ഓഫ് അവാര്‍ഡ്, യു.എസ്.എയിലെ റെക്കോഡ് സെറ്റര്‍ തുടങ്ങിയ ലോക റെക്കോഡുകള്‍ നേടിയിട്ടുണ്ട്. ഇന്നലെ നടത്തിയ പ്രകടനവും യു.ആര്.എഫ്. റെക്കോഡ് കരസ്ഥമാക്കി.
ശോഭാ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ ദക്ഷ് ഇവന്റ്സാണ് റെക്കോഡ് പ്രകടനത്തിന്റെ സംഘാടനം നിര്‍വഹിച്ചത്. മേയര്‍ അജിത ജയരാജന് പ്രകടനം ഉദ്ഘാടനം ചെയ്തു. ശോഭ ലിമിറ്റഡ് ഏരിയ ഹെഡ്് നിഷാന്ത്, ഏരിയ മാനേജര്‍ വിശാഖ്, ശോഭ മാള്‍ മാനേജര്‍ വിന്‍സെന്റ് ആന്റണി, ഗിന്നസ് സത്താര്‍ ആദൂര്‍, ഗിന്നസ് സെയ്തലവി, ഗിന്നസ് സെബാസ്റ്റ്യന്‍ പങ്കെടുത്തു.




