കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ചാനല്‍ ചര്‍ച്ചയ്ക്കെത്തിയ സംവിധായകന് മേജര്‍ രവി തന്റെ പഴയ പ്രസ്താവനയുടെ പേരില്‍ വെള്ളംകുടിച്ചു. ദുര്‍ഗാ ദേവിയെ അപമാനിച്ചുവെന്നാരോപിച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകയുടെ മുഖത്ത് തുപ്പണമെന്ന് പ്രസ്താവിച്ച മേജര്‍ രവി തന്നെ ഇപ്പോള്‍ സ്ത്രീ സംരക്ഷണത്തിന്റെ പ്രസ്താവനയുമായി രംഗത്ത് വന്നതിന്റെ വൈരുദ്ധ്യം അവതാരകന് ചൂണ്ടിക്കാട്ടിയതോടെയാണ് അദ്ദേഹം വെട്ടിലായത്.
മാധ്യമപ്രവര്‍ത്തകയുടെ മുഖത്ത് തുപ്പണമെന്ന് പറഞ്ഞ മേജര്‍ രവിയും പള്‍സര്‍ സുനിയും ഒരര്‍ത്ഥത്തില്‍ ചെയ്തത് ഒരേ കാര്യം തന്നെയല്ലേയെന്ന് അവതാരകന് ചോദിച്ചു. അന്നത്തെ പ്രസ്താവനയില്‍ തന്റെ ഭാഗം വിശദീകരിക്കാന്‍ മേജര്‍ രവി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മാത്രമല്ല മാധ്യമപ്രവര്‍ത്തക കുറ്റക്കാരിയാണെന്ന് മേജര്‍ രവി സൂചിപ്പിക്കുകയും ചെയ്തു.
എന്നാല്‍ പ്രസ്താവന വീണ്ടും തിരിഞ്ഞു കുത്തിയതോടെ തന്റേത് വൈകാരിക പ്രകടനമായിരുന്നെന്നും ആ മാധ്യമപ്രവര്‍ത്തകയോട് യാതെരുവിധ വ്യക്തി വൈരാഗ്യവുമില്ലെന്ന് മേജര്‍ രവി വ്യക്തമാക്കി. അവര്‍ക്ക് വിഷമം തോന്നിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി താന്‍ നേരത്തെ അറിയിച്ചിട്ടുണ്ടെന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.






